വൈദ്യുതി ലൈനുകൾ സ്ഥാപിക്കാൻ 21,000ത്തിലധികം മരങ്ങൾ മുറിക്കും; അനുമതി നൽകി ബോംബെ ഹൈക്കോടതി
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 132 കെ.വി ശേഷിയുള്ള വൈദ്യുതി പ്രസരണ ലൈനുകൾ നിർമിക്കുന്നതിനായി 94.68 ഹെക്ടർ വനഭൂമി വഴിതിരിച്ചുവിടാനും 21,022 മരങ്ങൾ മുറിച്ചുമാറ്റാനും ബോംബെ ഹൈക്കോടതി അനുമതി നൽകി. പദ്ധതിയുടെ പ്രാധാന്യവും അടിസ്ഥാന സൗകര്യ വികസനത്തിലെ പങ്കും കണക്കിലെടുത്താണ് കോടതിയുടെ നിർണായക തീരുമാനം. തങ്ങൾക്ക് ആവശ്യമായ എല്ലാവിധ നിയമപരമായ അനുമതികളും ലഭിച്ചിട്ടുണ്ടെന്ന് പദ്ധതി നടപ്പിലാക്കുന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് കോടതിയെ അറിയിച്ചു.
ദഹാനു സബ്‌സ്റ്റേഷനിൽ നിന്ന് സൂര്യനഗർ, കവ്ദാസ്, ജവ്ഹാർ എന്നിവിടങ്ങളിലേക്ക് 80 കിലോമീറ്റർ നീളത്തിൽ പ്രസരണ ലൈനുകൾ സ്ഥാപിക്കുന്നതിനാണ് മരങ്ങൾ മുറിക്കുന്നത്. ഇവ കടന്നുപോകുന്ന വഴികളിലെ കണ്ടൽക്കാടുകൾക്കും സംരക്ഷിത വനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുമെന്നതിനാൽ കോടതിയുടെ മുൻകൂർ അനുമതി വാങ്ങാൻ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പദ്ധതി മൂലം ദഹാനു, ജവ്ഹാർ മേഖലകളിലെ 8.21 ഹെക്ടർ കണ്ടൽക്കാടുകളെ ബാധിക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും നിലവിൽ ഇവിടെ വലിയ അളവിൽ കണ്ടൽക്കാടുകൾ ഇല്ലെന്നും ഭൂമി തരിശായി കിടക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
പരിസ്ഥിതി ആഘാതം കുറക്കുന്നതിനായി 30.80 കോടി രൂപ വനംവകുപ്പിൽ കെട്ടിവെച്ചതായി കമ്പനി അറിയിച്ചു. മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പകരമായി സോലാപൂർ ജില്ലയിലെ 191 ഹെക്ടർ സ്ഥലത്ത് പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കും. കൂടാതെ നോർത്ത് കൊങ്കണിലെ 25 ഹെക്ടർ ഭൂമിയിൽ കണ്ടൽക്കാടുകൾ പുനഃസൃഷ്ടിക്കാനുള്ള പദ്ധതിയും തയാറാക്കിയിട്ടുണ്ട്. പദ്ധതിയുടെ നടത്തിപ്പ് കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി അടുത്ത 10 വർഷത്തേക്ക് ഓരോ വർഷവും ജനുവരി 12-ന് റിപ്പോർട്ടും ഓഡിറ്റും കോടതിയിൽ സമർപ്പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഗുഗെ, ജസ്റ്റിസ് ഗൗതം അങ്കാദ് എന്നിവരടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

