ഇന്ത്യൻ നദികളിൽ ഭൂഗർഭജലത്തിന്റെ ഒഴുക്ക് കുറയുന്നു; ഗംഗ-ബ്രഹ്മപുത്ര തടങ്ങളിലും ഭൂഗർഭജല പ്രവാഹത്തിൽ വൻ ഇടിവ്
text_fieldsന്യൂഡൽഹി: സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങി ഇന്ത്യയിലെ പ്രധാന നദികളിൽ ഭൂഗർഭജലം കുറഞ്ഞുവരുന്നതായി പഠനം. വർഷം മുഴുവൻ ഒഴുകുന്ന നദികൾ ഭാവിയിൽ കാലവർഷത്തെ മാത്രം ആശ്രയിക്കുന്നവയായി മാറിയേക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഗാന്ധിനഗറിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
1961 മുതൽ 2021 വരെയുള്ള ആറു പതിറ്റാണ്ടിലെ വിവരങ്ങൾ വിശകലനം ചെയ്ത പഠനത്തിൽ, ഇന്ത്യയിലെ 18 പ്രധാന നദീതടങ്ങളിലായി പരിശോധിച്ച 227 നിരീക്ഷണ കേന്ദ്രങ്ങളിൽ 30 ശതമാനത്തിലും ഭൂഗർഭജലത്തിന്റെ സംഭാവനയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. എട്ടു ശതമാനം കേന്ദ്രങ്ങളിൽ മാത്രമാണ് വർധനയുണ്ടായത്. വാട്ടർ റിസോഴ്സസ് റിസർച്ച് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
മഴയില്ലാത്ത സമയങ്ങളിലും നദികളിൽ നീരൊഴുക്ക് നിലനിർത്താൻ സഹായിക്കുന്ന ഭൂഗർഭജല നീരൊഴുക്കിനെയാണ് 'ബേസ്ഫ്ലോ' എന്നറിയപ്പെടുന്നത്. വേനൽക്കാലത്ത് നദികൾ വറ്റാതിരിക്കാനും ജലജീവികളുടെ ആവാസവ്യവസ്ഥ നിലനിർത്താനും കുടിവെള്ളത്തിനും കൃഷിക്കും ഈ ജലം നിർണായകമാണ്.
ഗംഗാ നദീതടത്തിലെ മിക്ക നിരീക്ഷണ കേന്ദ്രങ്ങളിലും ബ്രഹ്മപുത്ര നദീതടത്തിലെ നിരവധി കേന്ദ്രങ്ങളിലും ബേസ്ഫ്ലോ കുറഞ്ഞതായി പഠനം കണ്ടെത്തി. ഈ നദീതടങ്ങളിലെ പല പ്രദേശങ്ങളിലും ആകെ നദിയൊഴുക്കിന്റെ 70 ശതമാനത്തിലധികവും ഭൂഗർഭജലത്തിൽനിന്നാണ് ലഭിക്കുന്നത്. ഗംഗ വലിയ നദിയായതിനാൽ ഇപ്പോഴും ഒഴുകുന്നുണ്ടെങ്കിലും അതിലേക്ക് വെള്ളമെത്തിക്കുന്ന ചെറിയ നദികൾ വറ്റിവരളുകയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകരിലൊരാളായ വിമൽ മിശ്ര ചൂണ്ടിക്കാട്ടി.
സബർമതി, കാവേരി, ദക്ഷിണ തീരപ്രദേശങ്ങളിലെ നദീതടങ്ങൾ, പെണ്ണാർ എന്നിവിടങ്ങളിലാണ് ഭൂഗർഭജലത്തിന്റെ സംഭാവനയിൽ ഏറ്റവും വലിയ ശരാശരി കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ബ്രാഹ്മണി, ഗോദാവരി, സിന്ധു, സുബർണരേഖ തുടങ്ങിയ നദീതടങ്ങളിൽ ശരാശരി വർധനയുണ്ടായി. ഭൂഗർഭജലത്തിന്റെ അമിതമായ ഉപയോഗം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ നദികളിലെ നീരൊഴുക്ക് കുറയാൻ കാരണമായേക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
അർധ വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് ഭൂഗർഭജലത്തിന്റെ സംഭാവനയിൽ കൂടുതൽ കുറവുണ്ടായത്. കുറഞ്ഞ മഴയും ഉയർന്ന ബാഷ്പീകരണവും ഭൂഗർഭജലത്തിന്റെ പുനർനിറവിനെ ബാധിക്കുന്നുണ്ട്. ഇതിനുപുറമെ കൃഷിക്കായി ഭൂഗർഭജലം അമിതമായി ഉപയോഗിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. നഗരവത്കരണം, വനനശീകരണം, അണക്കെട്ടുകളുടെ പ്രവർത്തനം എന്നിവയും നദികളിലെ നീരൊഴുക്കിനെ സ്വാധീനിച്ചേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
എൽനിനോ വർഷങ്ങളിൽ ഭൂഗർഭജലത്തിന്റെ സംഭാവന താരതമ്യേന കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. 1961 മുതൽ 2021 വരെയുള്ള കണക്കുകൾ പ്രകാരം എൽനിനോ വർഷങ്ങളിൽ ബേസ്ഫ്ലോ അനോമലി -0.567 ആയിരുന്നു. ലാ നിനാ വർഷങ്ങളിൽ ഇത് 0.104 ആയിരുന്നു. മൺസൂൺ മഴക്കിടയിലെ ഇടവേളകൾ കൂടുന്നതും ഭൂഗർഭജലത്തിന്റെ സംഭാവന കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി.
ഭൂഗർഭജലത്തിന്റെ സംഭാവന തുടർച്ചയായി കുറഞ്ഞാൽ ഇപ്പോൾ വർഷം മുഴുവൻ ഒഴുകുന്ന നദികൾ പോലും വേനൽക്കാലത്ത് വറ്റിവരളാനുള്ള സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

