Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്ത് കാണ്ടാമൃഗങ്ങളുടെ എണ്ണം കുറയുന്നു; ജാവൻ, സുമാത്രൻ ഇനങ്ങൾ വംശനാശത്തിന്റെ വക്കിൽ

text_fields
bookmark_border
ലോകത്ത് കാണ്ടാമൃഗങ്ങളുടെ എണ്ണം കുറയുന്നു; ജാവൻ, സുമാത്രൻ ഇനങ്ങൾ വംശനാശത്തിന്റെ വക്കിൽ
cancel

ലോകത്ത് കാട്ടിൽ അവശേഷിക്കുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം 27,000ൽ താഴെയെന്ന് ഇന്റർനാഷനൽ റൈനോ ഫൗണ്ടേഷന്റെ 2026ലെ ‘സ്റ്റേറ്റ് ഓഫ് ദ റൈനോ’ റിപ്പോർട്ട്. ലോക കാണ്ടാമൃഗ ദിനമായ സെപ്റ്റംബർ 22ന് മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്തുള്ള അഞ്ച് കാണ്ടാമൃഗ ഇനങ്ങളിൽ മൂന്നെണ്ണം വംശനാശത്തിന്റെ അതീവ ഗുരുതര ഭീഷണി നേരിടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ 25 വർഷത്തിനിടെ മൂന്ന് ഇനങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായത് പ്രതീക്ഷ നൽകുന്ന നേട്ടമാണ്. ഇന്ത്യയിലും നേപ്പാളിലും പ്രധാനമായും കാണപ്പെടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം 2001 മുതൽ 2025 വരെ ഗണ്യമായി വർധിച്ചു. കിഴക്കൻ, തെക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന കറുത്ത കാണ്ടാമൃഗങ്ങളുടെ എണ്ണം ഇതേ കാലയളവിൽ ഇരട്ടിയിലധികമായി. തെക്കൻ ആഫ്രിക്കയിൽ പ്രധാനമായും കാണപ്പെടുന്ന വെള്ള കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലും മൊത്തത്തിൽ വർധനയുണ്ടായെങ്കിലും സമീപ വർഷങ്ങളിൽ വേട്ടയാടൽ മൂലം ഇവയുടെ എണ്ണം കുറഞ്ഞു.

അതേസമയം, ഇന്തോനേഷ്യയിൽ മാത്രം കാണപ്പെടുന്ന ജാവൻ, സുമാത്രൻ കാണ്ടാമൃഗങ്ങളുടെ സ്ഥിതി ആശങ്കാജനകമാണ്. ജാവൻ കാണ്ടാമൃഗങ്ങളുടെ എണ്ണം 100ൽ താഴെയാണ്. 2019നും 2023നും ഇടയിൽ 18 മുതൽ 26 വരെ ജാവൻ കാണ്ടാമൃഗങ്ങൾ വേട്ടയാടപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇത് ആകെ ജനസംഖ്യയുടെ ഏകദേശം 33 ശതമാനം വരെ കുറയാൻ കാരണമായിരിക്കാമെന്നാണ് വിലയിരുത്തൽ.

സുമാത്രൻ കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2000-ത്തിന്റെ തുടക്കത്തിൽ ഏകദേശം 300 സുമാത്രൻ കാണ്ടാമൃഗങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കിയിരുന്നെങ്കിലും ഇപ്പോൾ 34 മുതൽ 47 വരെ മാത്രമാണ് അവശേഷിക്കുന്നത്.

വെള്ള കാണ്ടാമൃഗങ്ങളുടെ എണ്ണത്തിലും അടുത്തിടെ ഇടിവുണ്ടായി. 2023ൽ 17,464 ആയിരുന്ന ഇവയുടെ എണ്ണം 2024ൽ 15,752 ആയി കുറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ വേട്ടയാടലാണ് പ്രധാന കാരണം.

കാണ്ടാമൃഗ കൊമ്പിന്റെ അനധികൃത ആഗോള വ്യാപാരമാണ് വേട്ടയാടലിന് പ്രധാന കാരണങ്ങളിലൊന്ന്. പരമ്പരാഗത ചികിത്സയിൽ ഉപയോഗിക്കുന്നതിനായി ചൈനയടക്കം ചില ഏഷ്യൻ രാജ്യങ്ങളിൽ കൊമ്പിന് ആവശ്യക്കാരുണ്ടെങ്കിലും അതിന് ഔഷധഗുണമുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളില്ല. കൊത്തുപണികൾ, വളകൾ, കഠാരകളുടെ പിടികൾ തുടങ്ങിയവ നിർമിക്കാനും കൊമ്പ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജാവൻ, സുമാത്രൻ കാണ്ടാമൃഗങ്ങളെ വേട്ടയാടലിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം സുമാത്രൻ കാണ്ടാമൃഗങ്ങളുടെ പ്രജനനത്തിനും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കി. സംരക്ഷണ പ്രവർത്തനങ്ങളിൽ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും ഈ നേട്ടങ്ങൾ സുരക്ഷിതമല്ലെന്നും കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Global rhino populations declining; Javan and Sumatran species face extinction
Next Story