മരിച്ച വെള്ളക്കാരന്റെ വസ്ത്രങ്ങൾ; അഥവാ പടിഞ്ഞാറൻ ഫാഷൻ വിപണി ശവപ്പറമ്പാക്കിയ ആഫ്രിക്കൻ തീരം
text_fieldsചിത്രം: ‘ദ ഗാർഡിയൻ’
പടിഞ്ഞാറിന്റെ അനിയന്ത്രിതമായ ഉപഭോഗത്വരയിൽ ശ്വാസമെടുക്കാൻ പോലുമാവാതെ പിടയുന്ന മൂന്നാംലോകത്തിന്റെ പ്രതിനിധിയാവുകയാണ് ഘാനയെന്ന ആഫ്രിക്കൻ രാജ്യം.
വസ്ത്രത്തിന്റെ ലക്ഷ്യങ്ങളും നിർവചനങ്ങളും മാറിമറിഞ്ഞ കാലമാണ് 2000ത്തിനുശേഷമുള്ളത്. ഫാഷൻ വിപണിയുടെ കുതിപ്പോടെ ആവശ്യം എന്നതിലുപരി അതൊരു ആർഭാടത്തിന്റെ പ്രതീകം കൂടിയായി മാറി. ഒന്നോ രണ്ടോ ഉപയോഗത്തിനുശേഷം വലിച്ചെറിയുന്ന സ്റ്റൈലിഷ് വസ്ത്രങ്ങളുടെ എണ്ണമേറി. അങ്ങനെ പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നെറിയുന്ന വസ്ത്രങ്ങൾ ചെന്നുപതിച്ചത് മൂന്നാംലോക രാജ്യങ്ങളുടെ നെഞ്ചത്താണ്. അതിന്റെ ഏറ്റവും കടുത്ത പ്രത്യാഘാതമേറ്റുവാങ്ങുന്ന ഭൂഭാഗമാണ് ഘാന. പടിഞ്ഞാറിൽ നിന്നുള്ള തുണിത്തര മാലിന്യം ജലപാതകളിലും മാലിന്യക്കൂമ്പാരങ്ങളിലും അവസാനിക്കുന്നത് ഘാനയുടെ തീരത്തെ അക്ഷരാർത്ഥത്തിൽ ശ്വാസം മുട്ടിക്കുകയാണ്.

ഘാനയുടെ തലസ്ഥാനമായ അക്രയിലെ തിരക്കുപിടിച്ച ഒരു വസ്ത്ര വിപണിയിലേക്ക് കടന്നുചെല്ലാം. ലോകത്തിലെ ഏറ്റവും വലിയ സെക്കൻഡ് ഹാൻഡ് വസ്ത്ര വിപണികളിലൊന്നാണ് കാന്റമാന്റോ. ജെയിംസ് ടൗൺ ബീച്ചിൽ നിന്ന് ഒരു മൈൽ അകലെ സ്ഥിതി ചെയ്യുന്ന 18 ഏക്കർ വിസ്തൃതിയുള്ള കാന്റമാന്റോയിലേക്കാണ് പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്ത്രങ്ങൾ ആദ്യം എത്തുന്നത്. ഉപയോഗിച്ചതും ഗുണനിലവാരമില്ലാത്തതുമായ വസ്ത്രങ്ങൾ വിൽക്കുന്ന സ്റ്റാളുകളാണിവിടെ. വസ്ത്രങ്ങളുടെ കൂമ്പാരങ്ങളിലൂടെ തിരയുമ്പോൾ, വിലപേശി വാങ്ങുന്നതിൽ ഉത്സുകരായ ആളുകൾക്കുവേണ്ടി അതിരാവിലെ ഷോപ്പർമാർ തിരക്കിട്ട് ഒരുക്കങ്ങൾ നടത്തുന്നത് കാണാം.
ഓരോ ആഴ്‌ചയും 150 ലക്ഷത്തോളം സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങൾ ഘാന ഇറക്കുമതി ചെയ്യുന്നു. പ്രാദേശിക ഭാഷയിൽ ‘ഒബ്‌റോണി വാവു’ അല്ലെങ്കിൽ ‘മരിച്ച വെള്ളക്കാരൻ്റെ വസ്ത്രങ്ങൾ’ എന്നാണിവയെ പറയുന്നത്. ഇങ്ങനെ എത്തുന്നതിന്റെ നാൽപ്പത് ശതമാനവും വിൽപനക്ക് കൊള്ളാത്തവയാണ്. ഇവയെ ഉൾകൊള്ളാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അക്രക്ക് ഇല്ല. അതിനാൽ ജലാശയങ്ങളിലും കുഴികളിലും പൊതുസ്ഥലത്തും തള്ളുന്നു. അതിൽ ഭൂരിഭാഗവും ചെന്നവസാനിക്കുന്നത് കോർലെ ലഗൂണിനരികിലെ ചേരിക്കടുത്തുള്ള ഒരു ടെക്സ്റ്റൈൽ ‘പർവതത്തി’ലാണ്. അവിടെ നിന്ന് അത് അക്രയുടെ തീരങ്ങളിലേക്കും അറ്റ്ലാന്റിക് സമുദ്രത്തിലേക്കും ഒഴുകുന്നു.

തെരുവിന്റെ മറ്റേ അറ്റത്ത്, ഗ്ലാമറും ഗ്ലിറ്റ്‌സും ഉപയോഗിച്ച് ഫാഷനും ത്രിഫ്റ്റിംഗ് ഫെസ്റ്റിവലും തകർക്കുന്നു. ഫ്ലോറൽ ബ്ലൗസുകളും ഡെനിം ജീൻസുകളും മുതൽ തുകൽ ബാഗുകൾ, തൊപ്പികൾ, സോക്‌സുകൾ തുടങ്ങി ‘കാന്റമാന്റോ’ വിപണിയിൽ നിന്ന് വലിച്ചെറിയപ്പെട്ട വസ്തുക്കളിൽ നിന്ന് ഡിസൈനർമാർ സൃഷ്‌ടിച്ച വസ്ത്രങ്ങളുമായി മോഡലുകൾ താൽക്കാലിക റൺവേയിലൂടെ പരേഡ് നടത്തുന്നു. ‘ഒബ്രോണി വാവു ഒക്ടോബർ’ എന്നാണ് ഈ ഉത്സവത്തെ വിളിക്കുന്നത്. പാശ്ചാത്യരുടെ അമിത ഉപഭോഗം ആഫ്രിക്കയിലെ പാരിസ്ഥിതിക പ്രശ്‌നമാക്കി മാറ്റിയ ഒരു വിനാശകരമായ ചക്രത്തെ പ്രതിരോധിക്കാനുള്ള ചെറിയ മാർഗമായാണ് സംഘാടകർ ഈ ഫെസ്റ്റിനെ കാണുന്നത്.

നമ്മുടെ ഗട്ടറുകളോ കടൽത്തീരങ്ങളോ ലാൻഡ്‌ഫില്ലുകളോ ഞെരുക്കാൻ ടെക്സ്റ്റൈൽ വേസ്റ്റുകളെ അനുവദിക്കുന്നതിനുപകരം ഞങ്ങളവ വീണ്ടും ഉപയോഗിച്ച് എന്തെങ്കിലും സൃഷ്ടിക്കുന്നുവെന്ന് വാർഷിക ഉത്സവത്തിലെ ഡിസൈനർമാരിൽ ഒരാളായ റിച്ചാർഡ് അസാന്റെ പാമർ പറയുന്നു. ഫാഷൻ വികസനവുമായും പരിസ്ഥിതി നീതിയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ലാഭരഹിത സ്ഥാപനമായ ‘ഓർ’ ഫൗണ്ടേഷന്റെ ഭാഗമാണിദ്ദേഹം. അമേരിക്കൻ ഫാഷൻ സ്റ്റൈലിസ്റ്റിൽ നിന്ന് ആക്ടിവിസ്റ്റായി മാറിയ ലിസ് റിക്കറ്റ്‌സും അവരുടെ പങ്കാളി ബ്രാൻസൺ സ്‌കിന്നറും ചേർന്നാണ് അക്ര കേന്ദ്രമാക്കി ഈ ലാഭരഹിത സ്ഥാപനം സ്ഥാപിച്ചത്.

ഉപയോഗിച്ച വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്ന ആഫ്രിക്കയിലെ പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഘാന. ഘാന യൂസ്ഡ് ക്ലോത്തിംഗ് ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നതനുസരിച്ച് യു.കെ, യു.എസ്, കാനഡ, ചൈന,മറ്റ് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇത് ഇവിടേക്കെത്തുന്നു. ഇറക്കുമതി ചെയ്ത വസ്ത്രങ്ങളിൽ ചിലത് വളരെ മോശമായ രൂപത്തിലായിരിക്കും. അടുത്ത ഇറക്കുമതിക്ക് ഇടമൊരുക്കാൻ വിൽപനക്കാർ അവ വലിച്ചെറിയുന്നു.
ഘാനയിലേക്ക് എത്തുന്ന 5ശതമാനം ഇനങ്ങൾ മാത്രമേ വിൽക്കാനോ വീണ്ടും ഉപയോഗിക്കാനോ കഴിയാത്തതിനാൽ ഉടനടി വലിച്ചെറിയുന്നുള്ളൂ എന്നാണ് വസ്ത്രവ്യാപാരികളുടെ സംഘടന കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ അവകാശപ്പെട്ടത്. എന്നാൽ, യഥാർത്ഥ കണക്ക് ഇതിനേക്കാൾ എത്രയോ അധികമാണ്. ഘാനയിലേക്ക് പ്രതിവാരം കയറ്റുമതി ചെയ്യുന്ന ദശലക്ഷക്കണക്കിന് വസ്ത്രങ്ങളിൽ 40 ശതമാനം മാലിന്യമായി അവസാനിക്കുന്നുവെന്ന് ‘ഓർ ഫൗണ്ടേഷ’ന്റെ ബിസിനസ് മാനേജർ നീഷ ആൻ ലോംങ്ടൺ പറയുന്നു. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായി രാജ്യത്തിന് വൻ ആഘാതമേൽപ്പിച്ചുകൊണ്ടിരിക്കുകയാണിവ.

അതിവേഗം വളരുന്ന ഫാഷനെ പ്രബല ഉൽപ്പാദന രീതിയായി പടിഞ്ഞാറ് ഏറ്റെടുത്തപ്പോൾ ഇതിന്റെ ബാക്കിപത്രങ്ങളായി താഴ്ന്ന നിലവാരമുള്ള സാധനങ്ങളുടെ കൂമ്പാരങ്ങൾ ഇവിടെ രൂപപ്പെടുന്നുവെന്ന് ഈ രംഗത്തെ വിശകലനം ചെയ്യുന്നവർ നിരീക്ഷിക്കുന്നു.
പല ആഫ്രിക്കൻ രാജ്യങ്ങളിലെയും പൗരന്മാർ സാധാരണയായി സെക്കന്റ് ഹാന്റ് വസ്ത്രങ്ങൾ വാങ്ങുന്നു. അതുപോലെ ഉപയോഗിച്ച കാറുകൾ, ഫോണുകൾ, മറ്റ് അവശ്യവസ്തുക്കൾ എല്ലാം ഇങ്ങനെ തന്നെ. ഇവക്ക് പുതിയവയെക്കാൾ വില കുറവാണെന്ന കാരണത്താലാണിത്. സ്വപ്നം കാണാൻ കഴിയുന്ന ഡിസൈനർ സാധനങ്ങൾ നേടാനുള്ള അവസരമായും സെക്കൻഡ് ഹാൻഡ് ഷോപ്പിങ്ങിനെ ഇവർ കാണുന്നു.

എന്നാൽ, ഘാനയിലെ അതിവേഗം വളരുന്ന 3.4 കോടി ജനസംഖ്യയോ അടിസ്ഥാന സൗകര്യങ്ങളോ രാജ്യത്തേക്ക് പ്രവേശിക്കുന്ന വസ്ത്ര മാലിന്യത്തിന്റെ അളവ് താങ്ങാൻ ശേഷിയുള്ളതല്ല. തലസ്ഥാനമായ അക്രയിലും ലഗൂണിലും ഉടനീളമുള്ള തുണിത്തര മാലിന്യങ്ങൾ നിറഞ്ഞ ബീച്ചുകളും നഗരത്തിലെ ഡ്രെയിനേജ് ചാലുകളും ഗിനിയ ഉൾക്കടലിലേക്ക് തുറക്കുന്ന പ്രധാന ഔട്ട്‌ലെറ്റായി വർത്തിക്കുന്നു.
കടലിൽ നിന്നുള്ള തുണിത്തരങ്ങൾ മിക്കപ്പോഴും തന്റെ വലകളിൽ കുടുങ്ങുന്നതായി പ്രദേശത്തെ മത്സ്യത്തൊഴിലാളിയായ ജോനാഥൻ ആബി പറഞ്ഞു. വിറ്റഴിക്കാത്ത ഉപയോഗിച്ച വസ്ത്രങ്ങൾ കത്തിക്കുക പോലും ചെയ്യാതെ ‘കോർലെ’ ലഗൂണിലേക്ക് വലിച്ചെറിയപ്പെടുന്നു. അങ്ങനെ അവ കടലിലെത്തുന്നുവെന്നും ആബി പറഞ്ഞു.

ഓൺലൈൻ ഷോപ്പിങ് കൂടി വന്നതോടെ ഈ മാലിന്യ ചക്രം വേഗത്തിലായെന്ന് ലണ്ടൻ കിങ്സ് കോളജ് ഗവേഷകനും ‘ ക്ലോത്തിങ് പോവർട്ട്: ദി ഹിഡൻ വേൾഡ് ഓഫ് ഫാസ്റ്റ് ഫാഷൻ ആന്റ് സെക്കൻഡ് ഹാൻഡ് ക്ലോത്ത്സി’ന്റെ രചയിതാവുമായ ആൻഡ്രൂ ബ്രൂക്‌സ് അഭിപ്രായപ്പെടുന്നു. യു.കെ പോലുള്ള രാജ്യങ്ങളിൽ അനാവശ്യമായി വാങ്ങിക്കൂട്ടിയ വസ്ത്രങ്ങൾ പലപ്പോഴും സംഭാവനകളായി അവസാനിക്കും. എന്നാൽ, ഇവ നിക്ഷേപിക്കുന്ന തെരുവിലെ സംഭാവന ബിന്നുകളിൽനിന്ന് വസ്ത്രങ്ങൾ മോഷ്ടിക്കുകയും ഉപഭോക്തൃ ആവശ്യം കൂടുതലുള്ള സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്നും ബ്രൂക്സ് പറഞ്ഞു. വസ്ത്രങ്ങൾ കുറഞ്ഞ മൂല്യമുള്ള വസ്തുക്കളായി കാണപ്പെടുന്നതിനാൽ അധികാരികൾ അത്തരം മോഷണങ്ങൾ അപൂർവമായി മാത്രമേ അന്വേഷിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.

ആഫ്രിക്കയിലേക്ക് അയക്കുന്ന സെക്കൻഡ് ഹാൻഡ് വസ്ത്രങ്ങളുടെ അനിയന്ത്രിതമായ അളവു മൂലം ഈ ഭൂഖണ്ഡം മാലിന്യം തള്ളാനുള്ള സ്ഥലമായി ഉപയോഗിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. 2018ൽ, യു.എസിന്റെ സമ്മർദത്തെ അവഗണിച്ച് റുവാണ്ട അത്തരം ഇറക്കുമതികൾക്ക് തീരുവ ഉയർത്തുകയുണ്ടായി. കഴിഞ്ഞ വർഷം ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസെവേനി ‘മരിച്ചവരിൽ നിന്നുള്ള’ വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ലാഭവും ഡിസൈനർമാർക്ക് പ്രോത്സാഹനങ്ങളും കുറവുള്ള ആഫ്രിക്കയിൽ ഇത്തരം വ്യാപാര നിയന്ത്രണം മലിനീകരണം കുറക്കുന്നതിനോ ആഭ്യന്തര വസ്ത്രനിർമാണം പ്രോത്സാഹിപ്പിക്കുന്നതിനോ അധിക കാലം തുണക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
മലിനീകരണം തടയാൻ മതിയായ നടപടികളുടെ അഭാവത്തിൽ ‘ഓർ ഫൗണ്ടേഷൻ’ പോലുള്ള സംഘടനകൾ യുവാക്കളെയും ഫാഷൻ നിർമാതാക്കളെയും അണിനിരത്തി ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്.
രാജ്യത്തെ മാലിന്യ പ്രശ്‌നം രൂക്ഷമാകുന്നതിന് മുമ്പ് ഘാനയിലെ ബീച്ചുകളിൽ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഫൗണ്ടേഷൻ സഹ സ്ഥാപക ലിസ് റിക്കറ്റ്‌സ് പറഞ്ഞു. ഇപ്പോൾ കടൽത്തീരങ്ങളിൽ തുണിത്തരങ്ങളുടെ പർവതങ്ങളുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ടെക്സ്റ്റൈൽ ഇറക്കുമതി നിയന്ത്രിക്കാനും ഫാഷൻ കമ്പനികൾ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാനും ആവശ്യപ്പെടുന്ന ഒരു നിവേദനം ഘാന സർക്കാറിന് കഴിഞ്ഞ വർഷം ഗ്രീൻപീസ് ആഫ്രിക്ക നൽകുകയുണ്ടായി. ഓരോ ആഴ്‌ചയും അഞ്ചു ലക്ഷം വസ്‌ത്രമാലിന്യങ്ങൾ കാന്റമാന്റോ മാർക്കറ്റിൽ നിന്ന് തുറസ്സായ സ്ഥലങ്ങളിലും മാലിന്യം തള്ളുന്ന സ്ഥലങ്ങളിലും എത്തിച്ചേരുന്നതായി ഗ്രീൻപീസ് ആഫ്രിക്ക ആ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. ഗ്രീൻപീസ് അതിന്റെ പുതിയ റിപ്പോർട്ടിനായുള്ള ഇൻഫ്രാറെഡ് പരിശോധനയിൽ ഘാനയിലെ ഡംപ് സൈറ്റുകളിലെ 89ശതമാനം വസ്ത്രമാലിന്യങ്ങളിലും സിന്തറ്റിക് നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
വസ്ത്ര മാലിന്യം സമുദ്രജീവിതത്തെ സാരമായി ബാധിക്കുന്നു. തുണിത്തരങ്ങളുടെ കൂമ്പാരങ്ങൾ മൂലം ആമകൾക്ക് മുട്ടയിടുന്നതിനും നിക്ഷേപിക്കുന്നതിനും തടസ്സമുണ്ടാക്കുന്നു. പരിഹാരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ഈ ഇനത്തിന് വംശനാശം സംഭവിക്കുമെന്ന് അക്രയുടെ മാലിന്യ സംസ്‌കരണ മേധാവി സോളമൻ നോയ് പറയുന്നു. അതോടാപ്പം പ്രാദേശിക മത്സ്യത്തൊഴിലാളികൾ ജീവിക്കാൻ പാടുപെടുകയാണ്. മോട്ടോർ ഘടിപ്പിച്ച തോണികൾ ഉപയോഗിച്ച് കടലിൽ മൂന്ന് നോട്ടിക്കൽ മൈൽ മാത്രമേ ഇവർക്ക് സഞ്ചരിക്കാനാകൂ. നിർഭാഗ്യവശാൽ, അവിടെ തുണിത്തര മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മത്സ്യത്തൊഴിലാളികൾ മീനുകൾക്കു പകരം വലകളിൽ ധാരാളം പ്ലാസ്റ്റിക്കുകളും പോളിസ്റ്ററുകളും വിളവെടുക്കുന്നു.

തീരങ്ങളിലെയും ആഴം കുറഞ്ഞ വെള്ളത്തിലെയും വസ്ത്രമാലിന്യം മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും നോയ് കൂട്ടിച്ചേർക്കുന്നു. ഭാരമേറിയ സാധനങ്ങളായ ജാക്കറ്റുകൾ, ജീൻസ്, ബാഗുകൾ, ഷൂസ്, ബെൽറ്റുകൾ തുടങ്ങിയവ സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിത്താഴുന്നു. അത് അടിത്തട്ടിനെ നശിപ്പിക്കുകയും ജലജീവികളെ ബാധിക്കുകയും ചെയ്യുന്നു. സുനാമിയുടെയോ ചുഴലിക്കാറ്റിന്റെയോ പശ്ചാത്തലത്തിൽ മാലിന്യങ്ങൾ മെഡിറ്ററേനിയനിലേക്ക് ഒഴുകുമ്പോൾ ഇത് ഒരു ലോക പ്രശ്നമായി മാറുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
ഉപയോഗിച്ച വസ്ത്രങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരൻ എന്ന നിലയിൽ ഘാനയിലെ മാലിന്യ കൊളോണിയലിസത്തിന്റെ ഏറ്റവും വലിയ കുറ്റവാളി ബ്രിട്ടനാണെന്ന് ‘ഓർ ഫൗണ്ടേഷൻ’ ചൂണ്ടിക്കാട്ടുന്നു. എല്ലാ വ്യാപാര വഴികൾക്കും ഒരു കൊളോണിയൽ പാരമ്പര്യമുണ്ടെന്ന് കഴിഞ്ഞ 13 വർഷമായി ഘാനയിലെ വസ്ത്രമാലിന്യത്തിനെതിരെ പൊരുതുന്ന 37കാരിയായ റിക്കറ്റ്സ് വിശദീകരിക്കുന്നു. കൊളോണിയലിസത്തിൻ കീഴിൽ യു.കെയിൽ നിന്ന് രണ്ടാം വസ്ത്രങ്ങൾ ഇവിടെ വരാൻ തുടങ്ങി. കാരണം ചില ജോലികൾ നേടുന്നതിനും ചില ഓഫിസുകളിൽ പ്രവേശിക്കുന്നതിനും അല്ലെങ്കിൽ സ്കൂളിൽ പോകുന്നതിനു പോലും ആളുകൾ പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതായുണ്ട്. ഇങ്ങനെ സമ്പന്ന രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങളിലേക്ക് വസ്ത്ര മാലിന്യങ്ങൾ കയറ്റുമതി ചെയ്യുന്നു. ദരിദ്ര രാജ്യങ്ങളാവട്ടെ അവ കൈകാര്യം ചെയ്യാൻ വേണ്ടത്ര സജ്ജവുമല്ല.

1950കളിൽ കാന്റമാന്റോ തുടങ്ങിയപ്പോൾ അത് പ്രാദേശികമായി നിർമിച്ച സെക്കൻഡ് ഹാൻഡ് ഉൽപ്പന്നങ്ങളുടെ വിപണിയായിരുന്നു. ഇപ്പോൾ അത് വിദേശ ഉൽപ്പന്നങ്ങൾ കയ്യേറിയിരിക്കുന്നു. ഇത് 25 വർഷത്തെ അനിയന്ത്രിതമായ ഫാസ്റ്റ് ഫാഷന്റെ ദുരന്തമാണ്. ചില വസ്ത്രങ്ങൾ വിറ്റഴിക്കാനാവാത്തവിധം കീറിപ്പറിഞ്ഞും കറപിടിച്ചുമാണ് എത്തുക. അത് ഒരു ചെറിയ ശതമാനം മാത്രമാണ്. എന്നാൽ, പൊതുവായ നിലവാരം കുറഞ്ഞ വളരെയധികം വസ്ത്രങ്ങൾ വരുന്നു എന്നതാണ് യഥാർത്ഥ പ്രശ്നമെന്നും ലിസ് റിക്കറ്റ്സ് പറയുന്നു.
അഡിഡാസ്, നൈക്ക്, എം&എസ്, നെക്സ്റ്റ്, പ്രിമാർക്ക് എന്നിവയാണ് മാലിന്യക്കൂമ്പാരത്തിലെ ഏറ്റവും സാധാരണമായ ബ്രാൻഡുകൾ. മറ്റേതൊരു ബ്രാൻഡിനെക്കാളും കൂടുതൽ മാർക്ക് & സ്പെൻസർ ഇനങ്ങൾ കണ്ടെത്തിയതായും ‘ഓർ ഫൗണ്ടേഷൻ’ പറയുന്നു. മാർക്‌സും സ്പെൻസറും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് കാണാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് റിക്കറ്റ്‌സ് പറയുന്നു.
‘നിർമാതാവിന്റെ വിപുല ഉത്തരവാദിത്തത്തി’ന്റെ (EPR) ഭാഗമായി ഇറക്കുമതി മൂലമുണ്ടാകുന്ന മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ ഘാന പോലുള്ള രാജ്യങ്ങളെ സഹായിക്കുന്നതിന് വലിയ ഫാഷൻ ബ്രാൻഡുകളെ ‘ഓർ’ സമീപിച്ചു. മിക്ക ബ്രാൻഡുകളും അവരുടെ ഉത്തരവാദിത്തമായി ഇതിനെ കാണുന്നില്ലെന്ന് റിക്കറ്റ്സ് പറയുന്നു. ഇത് അവരുടെ ‘സർക്കുലർ ഫാഷൻ’ ലക്ഷ്യങ്ങൾക്ക് എങ്ങനെ ബാധകമാണെന്ന് തിരിച്ചറിയാൻ അവരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ഫൗണ്ടേഷൻ പറയുന്നു. പാരിസ്ഥിതിക ആഘാതം കുറക്കുന്നതിന് വിഭവങ്ങൾ പുനഃരുപയോഗിക്കുകയോ പുനഃസംസ്കരിക്കുകയോ ചെയ്യുന്നതാണ് സർക്കുലർ ഫാഷൻ.

തീർച്ചയായും ഇവിടെ പ്രശ്നം മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ വളർച്ചയാണ്. 2030 ആകുമ്പോഴേക്കും ഇവിടെയെത്തുന്ന മൊത്തം വസ്ത്രങ്ങളുടെ എണ്ണം 2000കോടി ആയി ഉയരുമെന്നാണ് കഴിഞ്ഞ വർഷം ഗ്രീൻപീസ് റിപ്പോർട്ട് ചെയ്തത്. 2014 ൽ ഇത്1000 കോടി ആയിരുന്നുവെന്നും റിക്കറ്റ്സ് പറയുന്നു.
താനിപ്പോൾ മുഖ്യധാരാ ഫാഷനെ ഒരു കലാരൂപമായി കാണുന്നേയില്ലെന്ന് ലിസ് റിക്കറ്റ്സ് പറയുന്നു. അത് ലാഭത്തിനായുള്ള വിചിത്രമായ ‘വാഹനം’ മാത്രമാണെന്നാണ് ഈ മുൻ ഫാഷൻ ഡിസൈനർ മൂന്നാംലോക രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന് തിരിച്ചറിഞ്ഞ വലിയ പാഠം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.