മരുഭൂമിയുടെ അൽഭുതക്കാഴ്ചകളുമായി കുവൈത്തിൽ ജിയോ പാർക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിന്റെ പ്രകൃതി സൗന്ദര്യവും ഭൂമിശാസ്ത്രപരമായ പൈതൃകവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനായി 'ജിയോ പാർക്ക്' വരുന്നു. ഡിസംബർ അവസാനത്തോടെ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്ന പദ്ധതി രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്.
കുവൈത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയെ അടുത്തറിയാൻ സന്ദർശകർക്ക് ഇതു അവസരം നൽകും. ശാസ്ത്രീയ പഠനം, ഗവേഷണം, പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം എന്നിവയുടെ ഒരു സംയോജിത കേന്ദ്രമായിട്ടാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര ജിയോപാർക്കുകളുടെ ശൃംഖലയിൽ കുവൈത്തിനും ഇടം ലഭിക്കും. രാജ്യത്തിന്റെ സുസ്ഥിര വിനോദസഞ്ചാര കാഴ്ചപ്പാടിനും, പാരിസ്ഥിതിക വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും പാർക്ക് പ്രാധാന്യം നൽകും.
ജിയോളജിക്കൽ പാർക്ക് പല രൂപത്തിലും ഒരു പുതിയ ചുവടുവെപ്പാകുമെന്ന് സംഘാടകർ വ്യക്തമാക്കി. സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കൽ, രാജ്യത്തിന്റെ പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധം വളർത്തൽ എന്നിവയും ഇതുവഴി ലക്ഷ്യമിടുന്നു. കുവൈത്തിന്റെ അതുല്യമായ പ്രകൃതി സവിശേഷതകൾ ഉയർത്തിക്കാട്ടൽ, പരിസ്ഥിതി സൗഹൃദ ടൂറിസം വളർത്തൽ എന്നിവയിലൂടെ ജിയോ പാർക്ക് കുവൈത്തിന്റെ പുതിയ ചിത്രം ലോകത്തിന് സമ്മാനിക്കും.
രണ്ടു ഘട്ടങ്ങൾ
രണ്ട് ഘട്ടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജിയോപാർക്ക് ഒരു ചെറിയ മേഖലയെയും വളരെ വലിയ മേഖലയെയും ഉൾക്കൊള്ളുന്നു.
മൊത്തം വിസ്തീർണം ഏകദേശം 1,000 ചതുരശ്ര കിലോമീറ്ററാണ്. ഡിസംബറോടെ പൂർത്തിയാകുന്ന ആദ്യഘട്ടം, പൊതുജനങ്ങൾക്ക് പ്രാപ്യമാകുന്ന തരത്തിൽ രൂപകൽപന ചെയ്തിട്ടുള്ള 20 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ്.
ബാക്കി വരുന്ന വലിയ മേഖലയിൽ മരുഭൂമിയുമായി പൊരുത്തപ്പെടുന്ന ഇനങ്ങൾ ഉൾപ്പെടെ 300ലധികം വിവിധതരം തദ്ദേശീയ സസ്യ ഇനങ്ങൾ ഉണ്ടാകും.
പാരിസ്ഥിതിക പുനഃസ്ഥാപനം, മരുഭൂമിയിലെ ഭൂപ്രകൃതി ഹരിതാഭമാക്കൽ, ജൈവവൈവിധ്യ സംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് ഇത്.
സുബിയ അത്ഭുതങ്ങൾ ഒളിപ്പിച്ചുവെച്ച ഇടം
വിശാലമായ മരുഭൂമികൾ, പുരാതന ശിലാരൂപങ്ങൾ, ഭൂമിയുടെ ഭൂതകാലത്തിന്റെ കഥ പറയുന്ന ഫോസിലുകൾ എന്നിവയുൾപ്പെടെ നിരവധി ഭൂമിശാസ്ത്ര അത്ഭുതങ്ങൾ കുവൈത്തിലുണ്ട്. ജിയോ പാർക്കിന്റെ കേന്ദ്രബിന്ദുകളിലൊന്നായ അൽ സുബിയ പ്രദേശം ഭൂമിശാസ്ത്ര വൈവിധ്യം, സമ്പന്നമായ ജൈവവൈവിധ്യം, ചരിത്രപരമായ പ്രാധാന്യം എന്നിവയാൽ പ്രാധാന്യമർഹിക്കുന്നതാണ്.
അറേബ്യൻ ഉപദ്വീപിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നായ ഉബൈദ് നാഗരികതയുടെ തെളിവുകളിൽനിന്ന് പുരാതന കാലം മുതൽ മനുഷ്യർ അൽ സുബിയയിൽ വസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.സുബിയയുടെ സ്വാഭാവിക പരിസ്ഥിതി ഇവിടെ വൈവിധ്യമാർന്ന സസ്യ-ജന്തുജാലങ്ങളുടെയും ആവാസ കേന്ദ്രമാക്കുന്നു. അവയിൽ പലതും കഠിനമായ മരുഭൂമിയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

