ഗാഫിെൻറ ജനിതക പഠനം പൂര്‍ത്തിയായി
text_fieldsഅബൂദബി: അബൂദബി പരിസ്ഥിതി ഏജന്‍സിയും ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ബയോസാലൈന് അഗ്രികള്‍ച്ചറും (ഐ.സി.ബി.എ) കൈകോർത്ത് ഇതാദ്യമായി യു.എ.ഇയിലെ ഗാഫ് മരത്തിന്റെ കണക്കെടുപ്പും ജനിതകപഠനവും പൂര്‍ത്തിയാക്കി. മരുഭൂമിയിലെ ഈ മരവിഭാഗത്തെ സംരക്ഷിക്കുന്നതിനും യു.എ.ഇയിലുടനീളമുള്ള കാലാവസ്ഥയെ പ്രതിരോധിക്കുന്ന ആവാസവ്യവസ്ഥയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനും നിര്‍ണായകമായ ജനിതക ഉള്‍ക്കാഴ്ചകള്‍ വെളിപ്പെടുന്നതായിരുന്നു പഠനമെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി ഏജന്‍സിയിലെ സസ്യ ജനിതക വിഭവ കേന്ദ്രത്തിലെയും ഇന്റെര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ബയോസാലൈന് അഗ്രികള്ച്ചറിലെയും വിദഗ്ധരാണ് പഠനസംഘത്തിലുണ്ടായിരുന്നത്. ഗാഫ് മരങ്ങളുടെ മുഴുവന്‍ ജനിതകഘടനയുടെ പുനക്രമീകരണം വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠനസംഘം തീരദേശ സമതലങ്ങള്‍, താഴ്വരകള്‍, മണല്ക്കൂനകള്, പര്‍വത ചരിവുകള്‍ തുടങ്ങി യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഗാഫ് മരങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചത്. ജനിതകപരമായി നാല് വ്യത്യസ്ത ഗ്രൂപ്പുകളെയാണ് സംഘം കണ്ടെത്തിയത്.
അബൂദബിയിലെ ഹജര്‍ പര്‍വതനിരകളുടെയും ജബല്‍ ഹഫീത് നാഷണല്‍ പാര്‍ക്ക് റിസര്‍വിന്റെയും താഴ്വരകളില്‍ നിന്ന് കണ്ടെത്തിയ ഈ ഗ്രൂപ്പുകളില്‍ ഒന്ന് മറ്റ് സാംപിളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പരിണാമപരമായി സവിശേഷമായ ഒരു വംശപരമ്പരയായിരുന്നുവെന്ന് പഠനസംഘം പറയുന്നു. സവിശേഷമായ ഈ മരങ്ങളുടെ വിത്ത് ബാങ്കിങ്ങിന് മുന്‍ഗണന നല്‍കുന്നതിനും ഇവയുടെ പുനരധിവാസത്തിനും പുനസ്ഥാപനത്തിനും ദേശീയ ഗാഫ് മരം നടീല്‍ പദ്ധതിക്കും പിന്തുണ നല്‍കുന്നതിനും സഹായകമായ വിവരങ്ങള്‍ ഈ പഠനം വാഗ്ദാനം ചെയ്യുന്നുണ്ട്. യു.എ.ഇയുടെ ദേശീയ വൃക്ഷമെന്ന നിലയില്‍ ഏറെ ആദരിക്കപ്പെടുന്ന മരമാണ് ഗാഫ്. ഗാഫ് മരങ്ങള്‍ മണല്ക്കൂനകളെ സംരക്ഷിക്കുകയും മണ്ണിനെ സമ്പുഷ്ടമാക്കുകയും വരണ്ട പരിതസ്ഥിതികളില്‍ ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും. ഇത്രയേറെ പ്രാധാന്യം ഗാഫ് മരങ്ങള്‍ക്ക് ഉണ്ടായിരുന്നിട്ടും ഇവയുടെ ജനിതക വ്യതിയാനത്തെക്കുറിച്ചോ പരിണാമ ചരിത്രത്തെക്കുറിച്ചോ വളരെക്കുറച്ചേ ഇതുവരെ അറിവുണ്ടായിരുന്നുള്ളൂ.
അബൂദബി പരിസ്ഥിതി ഏജന്‍സിക്കു കീഴിലെ ടെറസ്ട്രിയല്‍ ആന്‍ഡ് മറൈന്‍ ബയോഡൈവേഴ്സിറ്റി സെക്ടര്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ അഹമ്മദ് ഹാഷ്മി, ഐസിബിഎ ഡയറക്ടര്‍ ജനറല്‍ ഡോ. താരിഫ അല്‍സാബി എന്നിവര്‍ പഠനനേട്ടത്തെക്കുറിച്ച് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

