പുറം നിറയെ നക്ഷത്രങ്ങൾ; പശ്ചിമഘട്ടത്തിലെ അപൂർവ ‘ഗാലക്സി തവള’
text_fieldsകറുത്ത ശരീരത്തിൽ ആകാശത്ത് ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളെപ്പോലെ നീലകലർന്ന വെളുത്ത പൊട്ടുകൾ. അടിവശത്ത് തിളങ്ങുന്ന ഓറഞ്ച്-ചുവപ്പ് നിറങ്ങൾ. കാഴ്ചയിൽ ഒരു കുഞ്ഞൻ ‘ഗാലക്സി’യെ ഓർമിപ്പിക്കുന്ന പശ്ചിമഘട്ടത്തിലെ അപൂർവ തവള വീണ്ടും ശ്രദ്ധ നേടുന്നു. ‘ഗാലക്സി ഫ്രോഗ്’ എന്നറിയപ്പെടുന്ന മെലനോബാട്രാക്കസ് ഇൻഡിക്കസ് (ആണ് ഈ അപൂർവ ഉഭയജീവി. തമിഴ്നാട് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന, വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഇതിന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഗാലക്സി തവള വീണ്ടും ചർച്ചയായത്.
ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന തദ്ദേശീയ ജീവിവർഗമാണിത്. ഏതാനും സെന്റിമീറ്റർ മാത്രം നീളമുള്ള ഇവ നനവാർന്ന നിത്യഹരിത വനങ്ങളിലെ വീണുകിടക്കുന്ന മരത്തടികൾക്കും ഇലകൾക്കും വനാവശിഷ്ടങ്ങൾക്കും അടിയിലാണ് കൂടുതൽ സമയവും കഴിയുന്നത്. അത്യപൂർവമായി മാത്രം പുറത്തുവരുന്നതിനാൽ വർഷങ്ങളോളം പഠനം നടത്തുന്ന ഗവേഷകർക്ക് പോലും ഇവയെ കണ്ടെത്തുക പ്രയാസമാണ്.
കേരളത്തിലെയും തമിഴ്നാട്ടിലെയും ദക്ഷിണ പശ്ചിമഘട്ട മേഖലകളിലാണ് ഗാലക്സി തവളയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുള്ളത്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,000 മുതൽ 1,500 മീറ്റർ വരെ ഉയരത്തിലുള്ള നനവാർന്ന വനമേഖലകളാണ് പ്രധാന ആവാസകേന്ദ്രം.
1878ൽ തമിഴ്നാട്ടിലെ ആനമലയിൽനിന്നാണ് ഈ തവളയെ ആദ്യമായി ശാസ്ത്രീയമായി വിവരിച്ചത്. പിന്നീട് പതിറ്റാണ്ടുകളോളം കാര്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്ന ഗാലക്സി തവളയെ 1997ൽ വീണ്ടും കണ്ടെത്തി. സമീപകാല സർവേകളിൽ ദക്ഷിണ പശ്ചിമഘട്ടത്തിലെ കൂടുതൽ പ്രദേശങ്ങളിൽ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഏറ്റവും അപൂർവമായി കാണപ്പെടുന്ന തവളകളിലൊന്നായി ഇത് തുടരുന്നു.
ഗാലക്സി തവളയുടെ ശരീരഘടനയിലും ചില പ്രത്യേകതകളുണ്ട്. പുറത്തുനിന്ന് കാണാവുന്ന ചെവിപ്പടലമില്ല. ആൺതവളകൾക്ക് സാധാരണ തവളകളിലുള്ളതുപോലെ ശബ്ദമുണ്ടാക്കാനുള്ള ‘വോക്കൽ സാക്’ ഇല്ല. അതിനാൽ ഇവയുടെ പെരുമാറ്റരീതികളെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് ഇനിയും ഏറെ കാര്യങ്ങൾ കണ്ടെത്താനുണ്ട്.
ശരീരത്തിലെ തിളക്കമുള്ള പൊട്ടുകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്നുണ്ടാകാമെന്നാണ് ചില ഗവേഷകരുടെ നിഗമനം. എന്നാൽ ഇതിൽ കൂടുതൽ പഠനം ആവശ്യമാണ്. അതേസമയം അടിവശത്തെ ഓറഞ്ച് നിറത്തിലുള്ള അടയാളങ്ങൾക്ക് പ്രതിരോധവുമായി ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഭീഷണി നേരിടുമ്പോൾ സാധാരണ മറഞ്ഞിരിക്കുന്ന ഈ നിറങ്ങൾ പുറത്തുകാണിച്ച് ശത്രുക്കളെ അമ്പരപ്പിക്കാൻ തവളയ്ക്ക് സാധിക്കും.
അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയായ ഐ.യു.സി.എൻ ഗാലക്സി തവളയെ വംശനാശ ഭീഷണി നേരിടുന്ന ‘വൾനറബിൾ’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

