Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുനോയിലെ പെൺചീറ്റ ‘നിർവ’യെ മൂന്ന് മാസമായിട്ടും കണ്ടെത്താനായില്ല; തെരച്ചിൽ തുടരുന്നു

text_fields
bookmark_border
കുനോയിലെ പെൺചീറ്റ ‘നിർവ’യെ മൂന്ന് മാസമായിട്ടും കണ്ടെത്താനായില്ല; തെരച്ചിൽ തുടരുന്നു
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെ ആഫ്രിക്കൻ പെൺചീറ്റയായ നിർവയെ മൂന്ന് മാസത്തിലേറെയായി കണ്ടെത്താനാകാതെ വന്നതോടെ വന്യജീവി സംരക്ഷണ രംഗത്ത് ആശങ്ക ഉയരുന്നു. ജൂൺ മാസത്തിൽ നിർവയുടെ സാറ്റലൈറ്റ് ട്രാക്കിങ് കോളറിൽ നിന്ന് ലഭിച്ച സിഗ്നലുകൾ ദുർബലമാകുകയും പിന്നീട് പൂർണമായും നിലക്കുകയും ചെയ്തതോടെയാണ് ചീറ്റയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതായത്.

ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമിത രാജോരയുടെ നേതൃത്വത്തിൽ കുനോ ദേശീയോദ്യാനത്തിലെ ഫീൽഡ് സംഘങ്ങൾ നിർവയെ കണ്ടെത്തുന്നതിനായി വ്യാപക തെരച്ചിൽ തുടരുകയാണ്. ചീറ്റയെ അവസാനമായി കണ്ടെത്തിയ പ്രദേശങ്ങളും സമീപ വനമേഖലകളും കേന്ദ്രീകരിച്ചാണ് പരിശോധന.

ട്രാക്കിങ് സിഗ്നൽ ലഭ്യമല്ലാത്ത സാഹചര്യത്തിലും കാൽപ്പാടുകൾ, ഇരപിടിത്തത്തിന്റെ അടയാളങ്ങൾ, മറ്റ് സാന്നിധ്യ സൂചനകൾ എന്നിവ പരിശോധിച്ചാണ് തെരച്ചിൽ മുന്നോട്ടുപോകുന്നത്. നിർവയെ ഇതുവരെ കണ്ടെത്താനോ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനോ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അധികൃതർ നൽകുന്ന വിശദീകരണം, നിർവ ഇപ്പോഴും കുനോ ദേശീയോദ്യാനത്തിനുള്ളിൽ സഞ്ചരിക്കുകയാണോ, അതോ സംരക്ഷിത മേഖലക്ക് പുറത്തേക്ക് മാറിയിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല. സാറ്റലൈറ്റ് കോളറിന്റെ സാങ്കേതിക തകരാർ കാരണം ചീറ്റയുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്.

സാറ്റലൈറ്റ് സിഗ്നൽ നഷ്ടപ്പെട്ടതിന് പിന്നാലെ കുനോയിലെ ഫീൽഡ് ടീമുകൾ വിവിധ മേഖലകളിൽ പരിശോധനയും തെരച്ചിലും ശക്തമാക്കിയിട്ടുണ്ട്. നിർവ ഇപ്പോഴും ദേശീയോദ്യാന പരിധിക്കുള്ളിലാണോ, അതോ മറ്റേതെങ്കിലും പ്രദേശത്തേക്ക് നീങ്ങിയിട്ടുണ്ടോ എന്നതാണ് അധികൃതർ പരിശോധിക്കുന്നത്

സിഗ്നൽ നഷ്ടപ്പെടുന്ന സമയത്ത് നിർവയുടെ കുഞ്ഞുങ്ങൾ വളർന്ന്, സ്വതന്ത്രമായി ജീവിക്കാൻ തുടങ്ങിയതിനാൽ അവ അമ്മയോടൊപ്പമുണ്ടായിരുന്നില്ല. അതേസമയം, മൊറേന ജില്ലയിൽ കണ്ടെത്തിയ രണ്ട് ചീറ്റകളെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, വന്യജീവി പ്രവർത്തകനായ അജയ് ദുബെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. നിർവയെ ഇത്രയും കാലം കണ്ടെത്താനാകാത്തതും സാറ്റലൈറ്റ് കോളറിന്റെ പ്രവർത്തന തകരാറും സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

നിർവയെ കണ്ടെത്തി എൻക്ലോഷറിലേക്ക് തിരിച്ചെത്തിച്ചെന്ന തരത്തിൽ മുമ്പ് പുറത്തുവന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും, ചീറ്റയെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലെന്നും തെരച്ചിൽ തുടരുകയാണെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.

ഇന്ത്യയിൽ ചീറ്റകളെ പുനരധിവസിപ്പിക്കുന്ന പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ ഭാഗമായാണ് ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുവന്നത്. അതിനാൽ നിർവയെ കണ്ടെത്താനാകാത്തത് പദ്ധതിയുടെ നിരീക്ഷണ സംവിധാനങ്ങളെയും സുരക്ഷാ നടപടികളെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Female Cheetah 'Nirva' Missing in Kuno for Three Months; Search Operation Continues
Next Story