ശുദ്ധീകരിച്ച ജലത്തിന്റെ ഗുണനിലവാരം സമഗ്ര പഠനത്തിന് പരിസ്ഥിതി അതോറിറ്റി
text_fieldsഒമാനിൽ പ്രവർത്തിക്കുന്ന ജലശുദ്ധീകരണ ശാലകളിലൊന്ന്
മസ്കത്ത്: രാജ്യത്തെ 217 മലിനജല, വ്യവസായമാലിന്യജല ശുദ്ധീകരണശാലകളിൽ നിന്ന് ലഭിക്കുന്ന ശുദ്ധീകരിച്ച ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനായി സമഗ്രമായ ദേശീയ പഠനം പരിസ്ഥിതി അതോറിറ്റി ആരംഭിച്ചു.
ജലസ്രോതസുകളുടെ ദീർഘകാല സംരക്ഷണം, ശുദ്ധീകരണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തൽ, ശുദ്ധീകരിച്ച ജലത്തിന്റെ സുരക്ഷിതമായ പുനർവിനിയോഗം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ജലസ്രോതസുകളുടെ ക്ഷാമവും ജനസംഖ്യയും വികസനവും മൂലം ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ഒമാൻകടലിലെ ഉപ്പുവെള്ള ശുദ്ധീകരണത്തെയും പരിമിതമായ ഭൂഗർഭജലത്തെയും ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ പഠനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് പരിസ്ഥിതി അതോറിറ്റിയിലെ പരിസ്ഥിതി ഗുണനിലവാര വകുപ്പ് ഡയറക്ടർ ഡോ. ഇംറാൻ ബിൻ മുഹമ്മദ് അൽ കംസാരി ഒമാൻ ന്യൂസ് ഏജൻസിയോട് (ഒ.എൻ.എ) പറഞ്ഞു. മലിനജലവും വ്യവസായ മാലിന്യജലവുമായി ബന്ധപ്പെട്ട ശുദ്ധീകരണശാലകൾ ജലമാനേജ്മെൻറ് സംവിധാനത്തിൽ പ്രധാനമാണെന്നും പുനർവിനിയോഗത്തിലൂടെയും പ്രകൃതിദത്ത ജലസ്രോതസുകളെ അമിതമായി ആശ്രയിക്കുന്നത് കുറക്കുന്നതിനും അവ നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബർക്കയിൽ ശുദ്ധീകരിച്ച ജലവിതരണ പദ്ധതി ആരംഭിച്ചു
മസ്കത്ത്: ബർക്ക വിലായത്തിലെ അൽ ശഖാഖിത് പ്രദേശത്തെ കൃഷിയിടങ്ങൾക്കായി ശുദ്ധീകരിച്ച ജലം എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നമാ വാട്ടർ സർവിസസ് ആരംഭിച്ചു. രണ്ട് മില്യൺ റിയാലിേലറെ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. പദ്ധതിയുടെ ഭാഗമായി 63 മുതൽ 500 മില്ലീമീറ്റർ വരെ വ്യാസമുള്ള 40 കിലോമീറ്ററിൽ കൂടുതൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 40 കൃഷിയിടങ്ങൾക്കാണ് പുനരുപയോഗ ജലം ലഭ്യമാക്കുന്നത്. ഉദ്ഘാടനം സീബ് വിലായത്തിൽ കാർഷിക, മത്സ്യകൃഷി, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമൂദ് അൽ ഹബ്സി നിർവഹിച്ചു.
പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ നൂറിലധികം ജലവിതരണ അപേക്ഷകൾ ലഭിച്ചിരുന്നതായി അധികൃതർ വ്യക്തമാക്കി. ജലക്ഷാമം, ജലത്തിലെ അമിത ലവണാംശം എന്നിവ നേരിടുന്ന കാർഷിക ഭൂവുടമകൾക്ക് സുസ്ഥിര പരിഹാരം നൽകുന്നതിനൊപ്പം, സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ നിന്ന് അൽ ബാത്തിന എക്സ്പ്രസ് വേയിലേക്കും തുടർന്ന് വടക്കൻ ബാത്തിനയിലേക്കും ഭാവിയിൽ ശുദ്ധീകരിച്ച ജലമെത്തിക്കുന്നതിനും കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുമായി ചേരുന്ന പദ്ധതിയിലൂടെ പരിസ്ഥിതി സുസ്ഥിരത, ജല-ഭക്ഷ്യസുരക്ഷ, കാർഷിക ഉൽപാദനക്ഷമത എന്നിവക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം കാർഷിക സമ്പദ്വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പൊതുമേഖല-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കും
ബർക്ക, സീബ്, സുഹാർ എന്നിവിടങ്ങളിലെ ശുദ്ധീകരണശാലകൾ തമ്മിൽ ജലവിനിമയം സാധ്യമാക്കുന്ന ഇന്റർകണക്ഷൻ പദ്ധതികളോടൊപ്പം പുനരുപയോഗ ജലത്തിനായുള്ള തന്ത്രപ്രധാന റിസർവോയർ നിർമ്മാണം കമ്പനി പഠിച്ചുവരികയാണെന്ന് നമാ വാട്ടർ സർവിസസ് സി.ഇ.ഒ ഖൈസ് ബിൻ സൌദ് അൽ സഖ്വാനി പറഞ്ഞു. കൂടാതെ, അടുത്തവർഷം ആദ്യപകുതിയിൽ ദാഖിലിയ ഗവർണറേറ്റിലെ നിസ്വക്കും മനാക്കും ഇടയിലുള്ള 12 കിലോമീറ്റർ വരുന്ന പുതിയ പുനരുപയോഗ ജല പൈപ്പ് ലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് പുനരുപയോഗ ജലഉപഭോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബർക്ക വിലായത്തിലെ അൽ ശഖാഖിതിൽ ശുദ്ധീകരണ ജലപദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽനിന്ന്
കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനയാത്രയിൽ ഗണ്യമായ ഉയര്ച്ചയാണിതെന്നും അൽ സഖ്വാനി പറഞ്ഞു. ശുദ്ധീകരിച്ച ജല നെറ്റ്വർക്ക് കേന്ദ്രീയ നിരീക്ഷണ-നിയന്ത്രണ സംവിധാനമായ സ്കാഡയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ‘നമാ വാട്ടർ’ ആപ് വഴി അക്കൗണ്ട് നിയന്ത്രണം സാധ്യമാക്കുന്ന സ്മാർട്ട് ഡിജിറ്റൽ മീറ്ററുകളും സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒമാനിൽ ആദ്യമായാണ് പുനരുപയോഗ ജലസേവനങ്ങൾ സ്മാർട്ട് മീറ്റർ കൺട്രോൾ സെന്ററുമായി സംയോജിപ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നമാ വാട്ടർ സർവിസസ് പുനരുപയോഗ ജലത്തിന് പുതിയ ബ്രാൻഡ് ഐഡന്റിറ്റിയായ ‘മൻഹൽ നമാ’യും അനാവരണം ചെയ്തു. പരസ്പരം ബന്ധിപ്പിച്ച രണ്ടിലകളാണ് ലോഗോ. പച്ച ഇല പ്രകൃതിയും സജീവതയും പ്രതിനിധീകരിക്കുമ്പോൾ, പർപ്പിൾ ഇല നവീകരണവും സാങ്കേതിക പുരോഗതിയും സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

