പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ അന്തരിച്ചു
text_fieldsപാലക്കാട്: പരിസ്ഥിതി പ്രവർത്തകൻ കല്ലൂർ ബാലൻ (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലക്കാട് ജില്ല ആശുപത്രിയിലിരിക്കെയാണ് അന്ത്യം.
പ്രകൃതിസംരക്ഷണ ബോധവത്കരണത്തിന്‍റെ മുൻനിരപ്പോരാളിയായ ബാലൻ പാലക്കാട് മാങ്കുറുശ്ശി കല്ലൂർമുച്ചേരി സ്വദേശിയാണ്. അരങ്ങാട്ടുവീട്ടിൽ വേലുവിന്റെയും കണ്ണമ്മയുടെയും മകനാണ്. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടുമായിരുന്നു കല്ലൂർ ബാലന്‍റെ സ്ഥിരമായുള്ള വേഷം.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി മാവ്, പ്ലാവ്, പുളി, ഉങ്ങ്, വേപ്പ്, നെല്ല്, ഞാവൽ, പന, മുള തുടങ്ങി 25 ലക്ഷത്തോളം തൈകൾ കല്ലൂർ ബാലൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 100 ഏക്കറിലധികമുള്ള തരിശുകിടന്ന കുന്നിൻപ്രദേശം വർഷങ്ങൾ നീണ്ട പ്രയത്നം കൊണ്ട് പച്ചപിടിപ്പിച്ചയാളാണ് ബാലൻ. വേനൽക്കാലത്ത് കാട്ടിലെത്തി വന്യമൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും നൽകുക, മലയിലെ പാറകൾക്കിടയിൽ കുഴി ഉണ്ടാക്കി പക്ഷികൾക്കും പ്രാണികൾക്കും വെള്ളം എത്തിക്കുക തുടങ്ങിയ കാര്യങ്ങളും അദ്ദേഹം ചെയ്തിരുന്നു.
വനംമിത്ര, കേരളമിത്ര, ബയോ ഡൈവേഴ്സിറ്റി, ഭൂമിമിത്ര തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: രാജേഷ്, രജീഷ്, രജനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

