106 സ്രാവ് ടാറ്റൂകൾ: സ്രാവ് സംരക്ഷണത്തിന് ശരീരം തന്നെ ക്യാൻവാസാക്കിയ എമിലി മോറിസൺ
text_fieldsഎമിലി മോറിസൺ
ഒരു കാലത്ത് ഹോളിവുഡ് സിനിമകളിൽ സ്രാവിനെ കണ്ടാൽ പേടിച്ച് കണ്ണടച്ചിരുന്ന എട്ടുവയസ്സുകാരി. വളർന്നപ്പോൾ ആ ജീവിവർഗത്തിന്റെ നിലനിൽപ്പിനായി ശബ്ദമുയർത്തുന്ന 'ഷാർക്ക് ലേഡി' എന്ന നിലയിൽ ശ്രദ്ധേയായി. സ്രാവ് സംരക്ഷണത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി ശരീരത്തിൽ 106 സ്രാവ് ടാറ്റൂകളിലൂടെ ലോക റെക്കോർഡും സ്വന്തം പേരിലാക്കി. അമേരിക്കക്കാരിയായ സമുദ്ര ജീവശാസ്ത്രജ്ഞ എമിലി മോറിസണിന്റെ ജീവിതം ഒരു അപൂർവ കഥയാണ്.
സ്രാവുകളോടുളള ഭയം
എട്ടാം വയസ്സിൽ 'ജാസ്' എന്ന ഇംഗ്ലീഷ് സിനിമ കണ്ടതോടെ സ്രാവുകളെക്കുറിച്ച് എമിലിക്ക് കടുത്ത ഭയം തോന്നിയത്. ഒരുദിവസം സ്രാവ് തന്നെ ആക്രമിക്കുമെന്നുവരെ അവൾ വിശ്വസിച്ചു. മകളുടെ ഭയം മാറ്റാൻ പിതാവ് തെരഞ്ഞെടുത്ത മാർഗം വ്യത്യസ്തമായിരുന്നു. സ്രാവുകളെക്കുറിച്ച് വായിച്ച് യഥാർഥ സത്യങ്ങൾ കണ്ടെത്താൻ അവളെ അദ്ദേഹം ലൈബ്രറിയിലേക്ക് അയച്ചു.
എമിലി മോറിസൺ
മരങ്ങൾ ഭൂമിയിൽ രൂപംകൊള്ളുന്നതിന് മുമ്പേ സ്രാവുകൾ സമുദ്രങ്ങളിൽ ജീവിച്ചിരുന്നുവെന്നതും അഞ്ച് മഹാവംശനാശങ്ങളെ അതിജീവിച്ച അപൂർവ ജീവികളാണവയെന്നതും അവളെ അത്ഭുതപ്പെടുത്തി. ജീവിതകാലത്ത് പതിനായിരക്കണക്കിന് പല്ലുകൾ വളരുന്ന ഈ ജീവികളെക്കുറിച്ചുള്ള അറിവ് കൂടുന്തോറും ഭയം അപ്രത്യക്ഷമായി. അതിന്റെ സ്ഥാനത്ത് ആദരവും കൗതുകവും നിറഞ്ഞു.
ടാറ്റൂകളിൽ ഒളിഞ്ഞിരിക്കുന്ന ഗവേഷണം
അന്ന് തുടങ്ങിയ യാത്രയാണ് പിന്നീട് സമുദ്ര ജീവശാസ്ത്ര പഠനത്തിലേക്കും ഗവേഷണത്തിലേക്കും നയിച്ചത്. 19-ാം വയസ്സിൽ ആദ്യ സ്രാവ് ടാറ്റൂ പതിപ്പിച്ച എമിലി പിന്നീട് ഓരോ ഗവേഷണ യാത്രയുടെയും ഓർമകൾ ശരീരത്തിൽ ടാറ്റൂകളായി പതിപ്പിക്കാൻ തുടങ്ങി. ഓരോ ചിത്രത്തിനും ഓരോ കഥയുണ്ട്. ചിലത് അപൂർവ സ്രാവ് ഇനങ്ങളുടെ ഓർമകൾ, ചിലത് കടലിന്റെ അടിത്തട്ടിൽ കണ്ടെത്തിയ ഫോസിൽ പല്ലുകളുടെ സ്മരണകൾ.
'ഷാർക്ക് ലേഡി എന്റർപ്രൈസസ്' എന്ന സ്ഥാപനം വഴി മറ്റുള്ളവരെയും സമുദ്ര ഗവേഷണത്തിന്റെയും ഡൈവിങ് അനുഭവങ്ങളുടെയും ഭാഗമാക്കുകയാണ് എമിലി. സ്രാവുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുകയുമാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യം. പലർക്കും സ്രാവ് അപകടകാരിയായ ജീവിയാണ്. എന്നാൽ സമുദ്രത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാവൽക്കാരാണ് സ്രാവുകൾ.
ഭക്ഷ്യശൃംഖലയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ അവക്ക് നിർണായക പങ്കുണ്ട്. പവിഴപ്പുറ്റുകളും കടൽപ്പുല്ല് ആവാസവ്യവസ്ഥകളും സംരക്ഷിക്കപ്പെടുന്നതിന് പിന്നിലും ഇവയുടെ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ സ്രാവുകളുടെ എണ്ണം കുറയുന്നത് സമുദ്രത്തിന്റെ ഭാവിയെയും, അതുവഴി മനുഷ്യജീവിതത്തെയും ബാധിക്കുന്ന പ്രശ്നമാണ്. ഓരോ വർഷവും മനുഷ്യർ ഏകദേശം 10 കോടി സ്രാവുകളെ കൊല്ലുമ്പോൾ, സ്രാവ് ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം ലോകമെമ്പാടുമായി ശരാശരി അഞ്ചോളം മാത്രമാണ്. എന്നിട്ടും ഭയപ്പെടുന്നത് സ്രാവുകളെയാണ്. ഈ വിരോധാഭാസം തിരുത്തുകയാണ് എമിലിയെ പോലുള്ള ശാസ്ത്രജ്ഞരുടെ ദൗത്യം.
വേൾഡ് റെക്കോർഡ്
2026 മെയിൽ എമിലി "ഒരു വ്യക്തിയുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ സ്രാവ് ടാറ്റൂകൾ" എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. കാലുകൾ മുതൽ കഴുത്ത് വരെ വ്യാപിച്ചുകിടക്കുന്ന 106 ടാറ്റൂകളിൽ 71 വ്യത്യസ്ത സ്രാവ് ഇനങ്ങളുണ്ട്. കടലിൽ ഡൈവിങ് നടത്തുന്നതിനിടെ അവർ കണ്ടെത്തിയ 14 വ്യത്യസ്ത സ്രാവ് പല്ലുകളുടെ രൂപങ്ങളും ഈ ടാറ്റൂകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 58 സ്രാവ് കുടുംബങ്ങളെയെല്ലാം ശരീരത്തിൽ ആവിഷ്കരിക്കുകയാണ് ലക്ഷ്യം. അതിൽ ഇനി ഏഴ് കുടുംബങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എമിലി മോറിസണിന്റെ ശരീരത്തിലെ 106 ടാറ്റൂകൾ ഒരു റെക്കോർഡ് മാത്രമല്ല; സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള ഒരു സന്ദേശമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

