Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലാവസ്ഥാ ദുരന്തങ്ങൾ മൂലം 17.1 കോടി വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെട്ടു; പെൺകുട്ടികൾക്ക് കൂടുതൽ തിരിച്ചടി: യുനിസെഫ്

text_fields
bookmark_border
കാലാവസ്ഥാ ദുരന്തങ്ങൾ മൂലം 17.1 കോടി വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെട്ടു; പെൺകുട്ടികൾക്ക് കൂടുതൽ തിരിച്ചടി: യുനിസെഫ്
cancel

ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങൾ മൂലം 2025-ൽ ലോകമെമ്പാടുമായി 17.1 കോടി വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെട്ടതായി യുനിസെഫിന്റെ പുതിയ റിപ്പോർട്ട്. പ്രീ-സ്കൂൾ മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികളിൽ പത്തിൽ ഒരാളെയാണ് കാലാവസ്ഥാ ദുരന്തങ്ങൾ ബാധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

കൊടുങ്കാറ്റുകളാണ് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ തടസ്സങ്ങൾക്ക് കാരണമായത്. ഇതുമൂലം 10.9 കോടി വിദ്യാർത്ഥികളുടെ പഠനം മുടങ്ങി. വെള്ളപ്പൊക്കവും ഉഷ്ണതരംഗങ്ങളും മറ്റ് പ്രധാന കാരണങ്ങളായി. ക്ലാസുകൾ റദ്ദാക്കൽ, സ്കൂൾ കെട്ടിടങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ, ഓൺലൈൻ പഠനത്തിലേക്കുള്ള മാറ്റം, പഠനസമയം കുറയൽ, ഹാജർ കുറയൽ തുടങ്ങിയ പ്രത്യാഘാതങ്ങളും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥ മാറ്റങ്ങൾ ബാധിക്കപ്പെട്ട വിദ്യാർത്ഥികളിൽ 75 ശതമാനവും താഴ്ന്നതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്ന് യുനിസെഫ് വ്യക്തമാക്കി. കാലാവസ്ഥാ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് ഇത്തരം രാജ്യങ്ങളിലെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താനിൽ ഓഗസ്റ്റിലുണ്ടായ കനത്ത മൺസൂൺ വെള്ളപ്പൊക്കം മൂലം 2.8 കോടി വിദ്യാർത്ഥികളുടെ സ്കൂൾ തിരിച്ചുവരവ് വൈകി. 2025-ൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ കാലാവസ്ഥാ-ബന്ധിത വിദ്യാഭ്യാസ തടസ്സങ്ങളിലൊന്നായി ഇതിനെ റിപ്പോർട്ട് വിശേഷിപ്പിക്കുന്നു. അതേസമയം, ഈജിപ്തിൽ ഏപ്രിലിൽ വീശിയ ഖംസിൻ പൊടിക്കാറ്റിനെ തുടർന്ന് രാജ്യവ്യാപകമായി ക്ലാസുകൾ നിർത്തിവെക്കേണ്ടി വന്നതോടെ 2.8 കോടിയിലധികം വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങി.

കാലാവസ്ഥാ ദുരന്തങ്ങൾ മൂലം സ്കൂളുകൾ അടക്കുമ്പോൾ പെൺകുട്ടികൾക്ക് പഠനം ഉപേക്ഷിക്കാനുള്ള സാധ്യത ആൺകുട്ടികളേക്കാൾ കൂടുതലാണെന്നും റിപ്പോർട്ട് കണ്ടെത്തി. കുടുംബങ്ങളുടെ കുടിയൊഴിപ്പിക്കലും വരുമാനനഷ്ടവും പെൺകുട്ടികൾക്ക് അധിക പരിചരണ ചുമതലകളും വെള്ളം ശേഖരിക്കാനുള്ള ഉത്തരവാദിത്തങ്ങളും വർധിപ്പിക്കുന്നതായും ഇത് ബാലവിവാഹ സാധ്യത ഉയർത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു.

“കാലാവസ്ഥാ ദുരന്തങ്ങൾ പഠനം തടസ്സപ്പെടുത്തുക മാത്രമല്ല, സ്കൂളുകൾ നശിപ്പിക്കുകയും കുടുംബങ്ങളെ കുടിയൊഴിപ്പിക്കുകയും ഏറ്റവും ദുർബലരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ, ക്ലാസ് മുറികളിൽ നിന്ന് എന്നെന്നേക്കുമായി അകറ്റുകയും ചെയ്യുന്നു,” യുനിസെഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ പറഞ്ഞു.

പഠന തടസ്സങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് ജീവിതകാല വരുമാനത്തിൽ കുറഞ്ഞത് 200 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാകാമെന്നും പഠനനഷ്ടവും സ്കൂൾ ഉപേക്ഷിക്കലും രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിദ്യാഭ്യാസ സംവിധാനങ്ങളിലും അടിസ്ഥാനസൗകര്യങ്ങളിലും കൂടുതൽ നിക്ഷേപം നടത്തണമെന്ന് യുനിസെഫ് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Education of 171 million students disrupted by climate disasters; girls face a heavier blow: UNICEF
Next Story