ഇക്വഡോറിൽ കണ്ടെത്തിയ പുതിയ ഇനം തവളക്ക് ഡികാപ്രിയോയുടെ പേര്
text_fieldsലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ കണ്ടെത്തിയ പുതിയ ഇനം തവളക്ക് ഹോളിവുഡ് സൂപ്പർ താരവും ഓസ്കാർ ജേതാവുമായ ലിയനാർഡോ ഡികാപ്രിയോയുടെ പേര് നൽകി ഗവേഷകർ. ഫിലോനാസ്റ്റസ് ഡികാപ്രിയോയി (Phyllonastes dicaprioi) എന്നാണ് തവളക്ക് പേരിട്ടത്. സാൻഫ്രാൻസിസ്കോ യൂനിവേഴ്സിറ്റി ഓഫ് ക്വിറ്റോ, ഇക്വഡോറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോഡൈവേഴ്സിറ്റി, കാത്തലിക് യൂനിവേഴ്സിറ്റി ഓഫ് ഇക്വഡോർ എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയത്.
പുതിയ ഇനം തവളകളെ കണ്ടെത്തിയ മേഖലകൾ ജീവശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ട മേഖലകളാണെന്നും ഇവയെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം വിളിച്ചോതുന്നതാണ് പുതിയ കണ്ടെത്തലെന്നും ഗവേഷകർ പറഞ്ഞു. ഇക്വഡോറിലെ എൽ ഓറോ മേഖലയിലെ പശ്ചിമ പർവത വനങ്ങളിൽ നിന്നാണ് തവളയെ കണ്ടെത്തിയത്. ബ്രൗൺ നിറത്തിലുള്ള ദേഹം നിറയെ കറുത്ത പുള്ളികളോടെയാണ് തവളയുടെ രൂപം. സമുദ്രനിരപ്പിൽ നിന്ന് 1300 മുതൽ 1700 വരെ മീറ്റർ ഉയരത്തിലാണ് ഇവ വസിക്കുന്നത്.
നടൻ ലിയനാർഡോ ഡികാപ്രിയോയുടെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ബഹുമാനാർഥം പുതിയ തവളക്ക് അദ്ദേഹത്തിന്‍റെ പേര് നൽകിയത്. 1998ൽ സ്ഥാപിതമായ ലിയനാർഡോ ഡികാപ്രിയോ ഫൗണ്ടേഷൻ ലോകമാകമാനം പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്. ഇക്വഡോറിലെ യാസുനി ദേശീയോദ്യാനത്തിലെ വിവാദമായ എണ്ണ കുഴിച്ചെടുക്കൽ പദ്ധതി ഉപേക്ഷിക്കാനുള്ള പ്രതിഷേധങ്ങൾക്ക് ഡികാപ്രിയോ പിന്തുണ നൽകിയിരുന്നു. ഡികാപ്രിയോയുടെ കൂടി ശ്രമഫലമായി പദ്ധതി ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
2024ൽ ഹിമാലയത്തിൽ കണ്ടെത്തിയ പുതിയ ഇനം പാമ്പിനും നടന്‍റെ പേര് നൽകിയിരുന്നു. നേപ്പാളിലെ ചമ്പ ജില്ലയിൽ കണ്ടെത്തിയ പാമ്പിന് ആൻഗ്വികുലസ് ഡികാപ്രിയോയി (Anguiculus dicaprioi) എന്നാണ് പേര് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

