Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightയമുനയുടെ കണ്ണീരിന്...

യമുനയുടെ കണ്ണീരിന് കറുപ്പ് നിറം! നദിയുടെ മലിനീകരണ തോതിൽ 76 ശതമാനം വർധന; ആശങ്ക പ്രകടിപ്പിച്ച് ഡൽഹി ജലബോർഡ്

text_fields
bookmark_border
യമുനയുടെ കണ്ണീരിന് കറുപ്പ് നിറം! നദിയുടെ മലിനീകരണ തോതിൽ 76 ശതമാനം വർധന; ആശങ്ക പ്രകടിപ്പിച്ച് ഡൽഹി ജലബോർഡ്
cancel

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗവും തലസ്ഥാന നഗരിയുടെ ജീവനാഡിയുമായ യമുനാ നദി ഇന്ന് കേവലമൊരു അഴുക്കുചാലായി മാറിക്കൊണ്ടിരിക്കുകയാണെന്നത് നമ്മെ എന്നും വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്. എന്നാൽ, നദിയിലെ മലിനീകരണ തോത് വിചാരിച്ചതിലും എത്രയോ മടങ്ങ് ഭീകരമാണെന്നാണ് ഡൽഹി ജലബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഡൽഹിയിലൂടെ ഒഴുകുന്ന യമുനയിലേക്ക് നഗരത്തിലെ പ്രധാന അഴുക്കുചാലുകളിൽ നിന്നും ഒഴുകിയെത്തുന്ന മലിനജലത്തിന്റെ അളവ് മുൻപ് കണക്കാക്കിയിരുന്നതിനേക്കാൾ 76 ശതമാനം കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. നദിയെ വീണ്ടെടുക്കാനുള്ള ഡൽഹി സർക്കാരിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈ പുതിയ റിപ്പോർട്ട്.

ലഭ്യമായ വിവരങ്ങൾ പ്രകാരം ഡൽഹിയിലെ പ്രധാനപ്പെട്ട 22 അഴുക്കുചാലുകളിൽ നിന്നുള്ള മലിനജലത്തിന്റെ ഒഴുക്ക് പ്രതിദിനം 750.4 മില്യൺ ഗാലൻ ആയിരുന്നു എന്നാണ് 2025 മെയ് മാസത്തിൽ കണക്കാക്കിയിരുന്നത്. എന്നാൽ വെറും ഒരു വർഷം പിന്നിടുമ്പോൾ 2026 മെയ് മാസത്തിലെ പുതിയ കണക്കെടുപ്പിൽ ഇത് പ്രതിദിനം 1324.4 മില്യൺ ഗാലനായി ഉയർന്നിരിക്കുന്നു. നഗരത്തിലെ പ്രധാന ഡ്രെയിനേജ് സംവിധാനങ്ങളായ നജാഫ്ഗഡ്, ഷഹ്ദാര, ബരാപുള്ള എന്നിവയിൽ നിന്നുള്ള മലിനജലത്തിന്റെ ഒഴുക്ക് മുൻപ് വിചാരിച്ചതിനേക്കാൾ 2 മുതൽ 4.7 മടങ്ങ് വരെ കൂടുതലാണെന്ന് കണ്ടെത്തിയതോടെ നഗരസഭ അധികൃതർ ആകെ വെട്ടിലായിരിക്കുകയാണ്.

ഇതിൽ ഏറ്റവും ദയനീയമായ അവസ്ഥ നജാഫ്ഗഡ് കനാലിന്റേതാണ് (സഹീബി നദി). മുൻപ് പ്രതിദിനം 452.34 മില്യൺ ഗാലൻ മലിനജലം ഈ കനാൽ വഴി യമുനയിലെത്തുന്നു എന്നായിരുന്നു കരുതിയതെങ്കിൽ പുതിയ കണക്കുകൾ പ്രകാരം ഇത് 862 മില്യൺ ഗാലനാണ്.

ഡൽഹി നഗരത്തിലുള്ള ആകെ 37 മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ മൊത്തം ശേഷിയായ 814.22 മില്യൺ ഗാലനേക്കാൾ എത്രയോ കൂടുതലാണിത്. നഗരത്തിലെ മുഴുവൻ പ്ലാന്റുകളും പൂർണ ശേഷിയിൽ പ്രവർത്തിപ്പിച്ചാൽ പോലും ഈ ഒരൊറ്റ കനാലിൽ നിന്നുള്ള മലിനജലം പൂർണമായി ശുദ്ധീകരിക്കാൻ കഴിയില്ലെന്ന് ചുരുക്കം. സിഗ്നേച്ചർ ബ്രിഡ്ജിന് സമീപത്ത് വെച്ച് ഈ കനാലിലെ കടും കറുപ്പ് നിറത്തിലുള്ള അഴുക്കുവെള്ളം വന്ന് പതിക്കുമ്പോൾ തെളിഞ്ഞ നദി വെറുമൊരു കറുത്ത ചെളിക്കൂമ്പാരമായി മാറുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

യമുനാ നദിയുടെ ആകെ നീളത്തിന്റെ വെറും രണ്ട് ശതമാനം മാത്രമാണ് ഡൽഹിയിലെ വസീറാബാദ് മുതൽ ഓഖ്‌ല വരെയുള്ള 22 കിലോമീറ്റർ ദൂരം. എന്നാൽ നദി നേരിടുന്ന ആകെ മലിനീകരണത്തിന്റെ 76 ശതമാനവും സംഭവിക്കുന്നത് ഈ ചെറിയ ദൂരത്തിനിടയിലാണ്. ഓരോ കിലോമീറ്റർ പിന്നിടുമ്പോഴും പുതിയൊരു അഴുക്കുചാൽ വീതം നദിയിലേക്ക് വന്നുചേരുന്നു. ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മലിനജലവും ഇതിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇതിനെല്ലാം പുറമെ, നദിയുടെ സ്വാഭാവികമായ ഒഴുക്ക് നിലനിർത്താൻ ആവശ്യമായ ശുദ്ധജലത്തിന്റെ അഭാവം യമുനയെ പൂർണമായും ശ്വാസം മുട്ടിക്കുകയാണ്.

യമുനയെ ശുദ്ധീകരിക്കാനുള്ള പദ്ധതികളുടെ അടിസ്ഥാനപരമായ ആസൂത്രണം തന്നെ തെറ്റാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഈ ഗുരുതരമായ സാഹചര്യം നേരിടാൻ മലിനജല ശുദ്ധീകരണ ശേഷി പ്രതിദിനം 1400 മില്യൺ ഗാലനായി ഉയർത്താനുള്ള ശ്രമത്തിലാണ് ഡൽഹി സർക്കാർ. ഇതിനായി പഴയ പ്ലാന്റുകൾ നവീകരിക്കുന്നതിനൊപ്പം 16 പുതിയ വികേന്ദ്രീകൃത ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. എങ്കിലും, ഹരിയാനയും ഉത്തർപ്രദേശും തങ്ങളുടെ ഭാഗത്തുനിന്നുള്ള മലിനജലം ശുദ്ധീകരിക്കാതെ യമുനയിലേക്ക് ഒഴുക്കിവിടുന്നത് അവസാനിപ്പിച്ചാൽ മാത്രമേ തലസ്ഥാന നഗരിയുടെ ജീവനാഡിയായ യമുനക്ക് യഥാർഥത്തിൽ ഒരു പുനർജന്മം സാധ്യമാകൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pollutionRiver PollutionYamuna RiverEnvironment NewsIndiawater qualityDelhi Jal Board
News Summary - Drain discharge in Yamuna rises 76% more than estimated
Next Story