‘ഓരോ ശ്വാസവും കാൻസറിലേക്ക് ഒരു ചുവട് അടുപ്പിക്കുന്നു; പുകവലിക്കുന്നവരുടെ ശ്വാസകോശവുമായി കുട്ടികൾ ജനിക്കുന്നു’; വിഷവായുവിൽ സഹികെട്ട് തെരുവിലിറങ്ങി ഡൽഹിക്കാർ
text_fieldsന്യഡൽഹി: നിരന്തരം വിഷവായു ശ്വസിച്ച് സഹികെട്ട് ഡൽഹി നിവാസികൾ തെരുവിലിറങ്ങി. നഗരത്തെ ശാരീരികവും വൈകാരികവുമായ തളർച്ചയിലേക്ക് തള്ളിവിട്ട ഒരു പ്രതിസന്ധിയെ അധികാരികൾ അവഗണിക്കുകയാണെന്ന് ജന്തർ മന്തർ ഒബ്സർവേറ്ററിയിൽ ഒത്തുകൂടിയ താമസക്കാർ ആരോപിച്ചു.
വ്യാഴാഴ്ച നടന്ന പ്രതിഷേധത്തിൽ ഡസൻ കണക്കിന് ആളുകൾ, നഗരത്തിലെ ‘ഡിസ്റ്റോപ്പിയൻ’ പരിസ്ഥിതിയെ പ്രതീകവൽക്കൽക്കരിക്കാൻ ഓക്സിജൻ മാസ്കുകൾ ധരിച്ച് സിലിണ്ടറുകൾ വഹിച്ചു. സുരക്ഷിതമായ വായു ശ്വസിക്കാനുള്ള അവകാശം ആവശ്യപ്പെടുന്ന പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചു. ആഴ്ചകളോളമായി അപകടകരമായ വായു മൂലം കുട്ടികൾക്കും പ്രായമായവർക്കും ഈ ശൈത്യകാലം നേരിടൽ അസഹനീയമായി മാറിയെന്ന് പലരും പറഞ്ഞു. ‘കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഞാൻ ഡൽഹിയിൽ താമസിക്കുന്നു. ഞാൻ കണ്ട ഏറ്റവും മോശം വർഷമാണിത്’ -പേരു വെളിപ്പെടുത്താത്ത ഒരു പ്രതിഷേധക്കാരി പറഞ്ഞു.
വായു മലിനീകരണത്തിനെതിരെ ഈ മാസം നടന്ന പ്രതിഷേധ പരമ്പരകളിലെ ഏറ്റവും പുതിയ പ്രകടനമായിരുന്നു ഇത്. അടിയന്തര നടപടിയെടുക്കണമെന്ന അഭ്യർഥനകൾക്ക് വർഷങ്ങളായി മറുപടി ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ ആളുകൾക്കിടയിൽ വർധിച്ചുവരുന്ന നിരാശയാണ് ഈ പ്രകടനം പ്രതിഫലിപ്പിച്ചത്. എല്ലാ വർഷവും വീണ്ടും വീണ്ടും പറയുന്ന ഒരു കാര്യത്തിൽ ഒരു നടപടിയുമുണ്ടാവുന്നില്ല എന്ന് പറഞ്ഞുകൊണ്ട് പലരും പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
ഉയർന്ന മലിനീകരണ രാത്രികളിൽ ഗർഭിണികൾക്ക് ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് ഗാന്ധാരി എന്ന സ്ത്രീ പറഞ്ഞു. മലിനീകരണത്തിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡോക്ടർമാർ അടക്കം ആശങ്ക ഉയർത്തുന്നു. പരിസ്ഥിതി മലിനീകരണം ശരീരത്തിലെ എല്ലാ അവയവങ്ങളെയും ബാധിക്കുമെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമനറി മെഡിസിൻ മേധാവി ഡോ. അനന്ത് മോഹൻ പറഞ്ഞു. ജനനത്തിനു മുമ്പുപോലും, ജീവിതാവസാനം വരെ ഏത് പ്രായത്തിലും ഇത് ബാധിക്കാം. ഈ സമയത്ത് ഡൽഹിയിൽ താമസിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് വർഷങ്ങളെ എടുത്തുകളയും. ആരും അത് ചോദ്യം ചെയ്യുന്നില്ല -ഡോ. തിലോത്തമ പറഞ്ഞു.
സർക്കാർ ഏജൻസികളിൽ നിന്ന് മറുപടി ആവശ്യപ്പെട്ട് ഈ ആഴ്ച വിവരാവകാശ അപേക്ഷകളുടെ പരമ്പര തന്നെ ഫയൽ ചെയ്ത പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ സൗരവ് ദാസ്, പ്രകടനത്തിൽ പങ്കെടുത്ത പലരും തങ്ങളുടെ ആരോഗ്യം നേരിട്ട് അപകടത്തിലാണെന്ന് കരുതുന്നുവെന്ന് ചൂണ്ടിക്കാട്ടി. ‘നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസവും നിങ്ങളെ കാൻസറിലേക്ക് ഒരു ചുവട് അടുപ്പിക്കുന്നു. പുകവലിക്കുന്നവരുടെ ശ്വാസകോശവുമായാണ് കുട്ടികൾ ജനിക്കുന്നത്’ -ദുരവസ്ഥയുടെ അപകടം അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചു.
മന്ദഗതിയിലുള്ള കാറ്റും കുറഞ്ഞുവരുന്ന താപനിലയും കാരണം നഗരത്തെ തുടർച്ചയായി വിഷലിപ്തമായ മൂടൽമഞ്ഞ് മൂടിയിരിക്കുകയാണ്. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക വീണ്ടും 400 കവിഞ്ഞു. കഠിനമായി കണക്കാക്കപ്പെടുന്ന ലെവൽ ആണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

