Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightമഴക്കുറവ്: ഇന്ത്യയിൽ...

മഴക്കുറവ്: ഇന്ത്യയിൽ ജലാശയങ്ങൾ ചുരുങ്ങുന്നു; തുടർച്ചയായ വരൾച്ചയുടെ ആഘാതം ഗുരുതരമെന്ന് പഠനം

text_fields
bookmark_border
മഴക്കുറവ്: ഇന്ത്യയിൽ ജലാശയങ്ങൾ ചുരുങ്ങുന്നു; തുടർച്ചയായ വരൾച്ചയുടെ ആഘാതം ഗുരുതരമെന്ന് പഠനം
cancel

രാജ്യത്തുടനീളമുള്ള തടാകങ്ങൾ, കുളങ്ങൾ, ജലസംഭരണികൾ എന്നിവയിൽ പകുതിയോളം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഗണ്യമായി ചുരുങ്ങിയതായി ഐ.ഐ.ടി ഗാന്ധിനഗറിന്റെ പുതിയ പഠനം. ഒറ്റപ്പെട്ട വരൾച്ചയെക്കാൾ തുടർച്ചയായി രണ്ട് വരണ്ട സീസണുകൾ ഉണ്ടാകുമ്പോൾ ജലനഷ്ടം പലമടങ്ങ് വർധിക്കുന്നതായും പ്രത്യേകിച്ച് ചെറിയ ജലാശയങ്ങളാണ് ഏറ്റവും കൂടുതൽ അപകടാവസ്ഥ നേരിടുന്നതെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

1990 മുതൽ 2017 വരെ ഇന്ത്യയിലെ 10,476 തടാകങ്ങൾ, കുളങ്ങൾ, ജലസംഭരണികൾ എന്നിവയുടെ ഉപഗ്രഹ നിരീക്ഷണ വിവരങ്ങളാണ് ഗവേഷകർ വിശകലനം ചെയ്തത്. ഇവയിൽ 44.8 ശതമാനം ജലാശയങ്ങളുടെ ഉപരിതല വിസ്തീർണം ഗണ്യമായി കുറഞ്ഞു. അതേസമയം 28.7 ശതമാനം ജലാശയങ്ങൾ വികസിക്കുകയും 26.5 ശതമാനം കാര്യമായ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

ഗവേഷകരായ എം. നിരഞ്ജൻ നായിക്, വിമൽ മിശ്ര എന്നിവരുടെ കണ്ടെത്തൽ പ്രകാരം, തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ കുറയുമ്പോൾ ജലാശയങ്ങളുടെ ശരാശരി വിസ്തീർണം ഏകദേശം 5 ശതമാനം കുറയുന്നു. തുടർന്ന് ശൈത്യകാലത്തും മഴ കുറഞ്ഞാൽ വീണ്ടും 2.7 ശതമാനം വരെ ഇടിവുണ്ടാകുന്നു. എന്നാൽ ഏറ്റവും ഗുരുതരമായ പ്രത്യാഘാതം തുടർച്ചയായ രണ്ട് വരണ്ട സീസണുകൾ ഉണ്ടാകുമ്പോഴാണ്.

ദുർബലമായ മൺസൂണിന് പിന്നാലെ വരണ്ട ശൈത്യകാലത്ത് ജലാശയങ്ങളുടെ ശരാശരി വിസ്തീർണം 10 ശതമാനത്തോളം കുറയുന്നു. ഇത് ഒറ്റ വരൾച്ചയുടെ ആഘാതത്തേക്കാൾ ഏകദേശം മൂന്നിരട്ടി കൂടുതലാണ്. ഒരു വരണ്ട സീസണിൽ നഷ്ടപ്പെട്ട ജലം അടുത്ത സീസണിൽ പൂർണമായി വീണ്ടെടുക്കാൻ കഴിയുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെ വിസ്തീർണമുള്ള ചെറിയ ജലാശയങ്ങളാണ് ഏറ്റവും കൂടുതൽ ചുരുങ്ങുന്നത്. ആഴക്കുറവ്, പരിമിതമായ ജലലഭ്യത, കൂടുതൽ ബാഷ്പീകരണം, ഉപയോഗം എന്നിവയാണ് പ്രധാന കാരണങ്ങൾ. ഇവയുടെ ജലവിസ്തീർണം ശരാശരി 14 ശതമാനം കുറഞ്ഞു. ഇടത്തരം ജലാശയങ്ങളിൽ ഇത് 12 ശതമാനവും, വലിയ തടാകങ്ങളിലും ജലസംഭരണികളിലും 10 ശതമാനവും ആയിരുന്നു.വലിയ ജലാശയങ്ങൾക്ക് കൂടുതൽ സംഭരണശേഷിയുള്ളതിനാൽ ദീർഘകാല വരൾച്ചയെ ചെറുക്കാൻ അവക്ക് കൂടുതൽ കഴിവുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മധ്യ ഇന്ത്യയിലെ അർധവരണ്ട പ്രദേശങ്ങൾ, ഗംഗാ സമതലങ്ങൾ, കൃഷ്ണ, കാവേരി, പെന്നാർ നദീതടങ്ങൾ എന്നിവിടങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. മഴക്കുറവ്, ഭൂഗർഭജലത്തിന്റെ അമിത ഉപയോഗം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ എന്നിവയാണ് കാരണം. ഗംഗാ സമതലത്തിലെ ചില പ്രദേശങ്ങളിൽ ജലാശയങ്ങളുടെ വിസ്തീർണം 60 ശതമാനത്തിലധികം കുറഞ്ഞതായും പഠനം കണ്ടെത്തി.

ഹിമാലയൻ മേഖലയിൽ ചില തടാകങ്ങളുടെ വിസ്തീർണം വർധിച്ചതായും കണ്ടെത്തി. ഉയരുന്ന താപനിലയെ തുടർന്ന് മഞ്ഞും ഹിമാനികളും കൂടുതൽ ഉരുകുന്നതാണ് ഇതിന് കാരണം. എന്നാൽ ഇത് ദീർഘകാല ജലസുരക്ഷയുടെ സൂചനയല്ലെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഹിമാനികൾ തുടർച്ചയായി ഉരുകുകയും പിന്മാറുകയും ചെയ്യുന്നത് ഗ്ലേഷ്യൽ ലേക്ക് ഔട്ട്‌ബർസ്റ്റ് ഫ്ലഡുകൾ പോലുള്ള അപകടകരമായ പ്രളയങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

തുടർച്ചയായി ഉണ്ടാകുന്ന വരണ്ട സീസണുകളുടെ സംയുക്ത ആഘാതം ജലവിഭവ ആസൂത്രണത്തിൽ നിർബന്ധമായും പരിഗണിക്കണമെന്ന് ഗവേഷകർ നിർദേശിച്ചു. ഓരോ വരൾച്ചാ വർഷത്തെയും ഒറ്റപ്പെട്ട സംഭവമായി കാണുന്നതിന് പകരം, തുടർച്ചയായ മഴക്കുറവ് ജലാശയങ്ങളിൽ സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതം കണക്കിലെടുത്തായിരിക്കണം പദ്ധതികൾ തയ്യാറാക്കേണ്ടത്.

ഗ്രാമങ്ങളിലെ ചെറിയ കുളങ്ങളും ജലസംഭരണികളും കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പഠനം എടുത്തുകാട്ടുന്നു. തുടർച്ചയായ വരണ്ട വർഷങ്ങളിൽ ഈ ജലാശയങ്ങൾ ക്രമേണ ഇല്ലാതാകുന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് അപകടസാധ്യതയുള്ള ജലാശയങ്ങളെ നേരത്തേ തിരിച്ചറിയാനും, കാലാവസ്ഥാനുസൃതമായ താൽക്കാലിക ചുരുങ്ങൽ സ്ഥിരമായ നഷ്ടമായി മാറുന്നതിന് മുമ്പ് നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:climate changewater crisisIndiasatellite datawater bodies
News Summary - Deficit Rainfall: Water Bodies Shrinking in India; Continuous Drought Has Severe Impact, Reveals Study
Next Story