Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൺസൂൺ മഴയിൽ 12.6 ശതമാനം കുറവ്; രാജ്യത്ത് കൃഷിയും കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ

text_fields
bookmark_border
മൺസൂൺ മഴയിൽ 12.6 ശതമാനം കുറവ്; രാജ്യത്ത് കൃഷിയും കുടിവെള്ള വിതരണവും പ്രതിസന്ധിയിൽ
cancel

ന്യൂഡൽഹി: ഇത്തവണത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്ത് സാധാരണ ലഭിക്കേണ്ട മഴയേക്കാൾ 12.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത് 868.6 മില്ലിമീറ്റർ മഴയാണ് സാധാരണ ലഭിക്കേണ്ടതെങ്കിൽ ഇത്തവണ ലഭിച്ചത് 759.4 മില്ലിമീറ്റർ മാത്രം. മഴക്കുറവ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷി, കുടിവെള്ള വിതരണം, ജലവൈദ്യുതി ഉൽപാദനം എന്നിവയെ ബാധിച്ചതായാണ് റിപ്പോർട്ട്.

ഐ.എം.ഡി കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയുടെ വിതരണത്തിൽ വലിയ അസമത്വമുണ്ടായി. ചില പ്രദേശങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റു ചിലയിടങ്ങളിൽ കടുത്ത മഴക്കുറവും വരൾച്ചയും അനുഭവപ്പെട്ടു. വടക്കുകിഴക്കൻ മൺസൂൺ ദക്ഷിണേന്ത്യയിൽ ആരംഭിക്കുന്ന സാഹചര്യത്തിൽ മഴക്കുറവിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ ശ്രദ്ധേയമാകുകയാണ്.

മഴക്കുറവ് ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിലൊന്നാണ് ദക്ഷിണേന്ത്യൻ ഉപദ്വീപ്. മേഖലയിലെ 89 ജില്ലകളിൽ മഴക്കുറവ് രേഖപ്പെടുത്തി. കർണാടകയിലെ 31 ജില്ലകളിൽ 26 എണ്ണത്തിലും സാധാരണയേക്കാൾ കുറഞ്ഞ മഴയാണ് ലഭിച്ചത്. തമിഴ്‌നാട്ടിലും മഴയുടെ വിതരണത്തിൽ വലിയ വ്യത്യാസമുണ്ടായി. തൂത്തുക്കുടി ജില്ലയിൽ സാധാരണയേക്കാൾ 65 ശതമാനം മഴ കുറഞ്ഞപ്പോൾ തിരുനെൽവേലിയിൽ 353 ശതമാനം അധികമഴ ലഭിച്ചു. അധികമഴയെ തുടർന്ന് തിരുനെൽവേലിയിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. അതേസമയം, കർണാടകയിലെ രൂക്ഷമായ മഴക്കുറവ് കൃഷിയെയും ജലലഭ്യതയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

കർണാടകയിലെ ബംഗളൂരുവിന്റെ ചില ഭാഗങ്ങളിൽ ജലസംഭരണികളിൽ വെള്ളം കുറഞ്ഞതോടെ ആഴ്ചയിൽ രണ്ടുതവണ ടാങ്കറുകൾ വഴിയാണ് വെള്ളം വിതരണം ചെയ്യുന്നത്. മഹാരാഷ്ട്രയിൽ മഴക്കുറവിനെ തുടർന്ന് 265 താലൂക്കുകളിൽ വരൾച്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 36 ജില്ലകളിൽ 32 ജില്ലകളിലായാണ് വരൾച്ച ബാധിച്ച താലൂക്കുകൾ വ്യാപിച്ചുകിടക്കുന്നത്. തുടർച്ചയായി 21 ദിവസം കാര്യമായ മഴ ലഭിക്കാത്ത സാഹചര്യമാണ് വരൾച്ച പ്രഖ്യാപനത്തിലേക്ക് നയിച്ചത്. ഒക്ടോബർ 16 മുതൽ ജലവിതരണ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

മഴക്കുറവ് കാർഷിക മേഖലയെയും ബാധിച്ചിട്ടുണ്ട്. നെൽകൃഷിയുടെ വിസ്തൃതി ഖാരിഫ് സീസണിൽ 3.46 ശതമാനം കുറഞ്ഞതായി കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഉൽപാദനത്തിലുണ്ടാകാവുന്ന കുറവിനെക്കുറിച്ചുള്ള ആശങ്കക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരിവില ഉയരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിലും മഴക്കുറവ് രൂക്ഷമായിരുന്നു. ഇവിടെ ആകെ 1,071.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ദീർഘകാല ശരാശരിയേക്കാൾ 26 ശതമാനം കുറവാണിത്. മേഘാലയയിൽ 60 ശതമാനവും മണിപ്പൂരിൽ 45 ശതമാനവും ബിഹാറിൽ 32 ശതമാനവും മഴ കുറഞ്ഞു. വടക്കുപടിഞ്ഞാറൻ മേഖലയിലെ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലും മഴക്കുറവ് രേഖപ്പെടുത്തി. യഥാക്രമം 41, 23, 21 ശതമാനം വീതമാണ് മഴ കുറഞ്ഞത്. ഇത് നെൽകൃഷി ഉൾപ്പെടെയുള്ള ഖാരിഫ് വിളകളെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

അതേസമയം, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അധികമഴയും വെള്ളപ്പൊക്കവും ദുരിതം സൃഷ്ടിച്ചു. ഒഡിഷയിലെ പല ജില്ലകളിലും സാധാരണയേക്കാൾ കൂടുതൽ മഴ ലഭിച്ചതോടെ തീരദേശ മേഖലകളിൽ വെള്ളപ്പൊക്കമുണ്ടായി. ലഡാക്കിലെ ലേ ജില്ലയിൽ സാധാരണയേക്കാൾ 121 ശതമാനം അധികമഴ ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ജൂലൈയിൽ മിന്നൽപ്രളയവും ഓഗസ്റ്റ് ആദ്യം മേഘവിസ്ഫോടനവും ലഡാക്കിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയുടെ വാർഷിക മഴയുടെ ഏകദേശം 75 ശതമാനവും ലഭിക്കുന്നത് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ്. അതിനാൽ ഈ സീസണിലെ മഴക്കുറവ് കൃഷി, കുടിവെള്ള ലഭ്യത, ഊർജോൽപാദനം തുടങ്ങിയ മേഖലകളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 12.6% Deficiency in Monsoon Rainfall; Agriculture and Drinking Water Supply in Crisis Across the Country
Next Story