ഡാം ഷട്ടറുകൾ തുറന്നു
text_fieldsപീച്ചി: പീച്ചിഡാമിലെ നാല് ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. വെള്ളം മണലിപുഴയിലെക്ക് ഒഴുകി എത്തി. രാവിലെ 10ന് ശേഷമാണ് ഒരോ ഷട്ടറുകളും രണ്ട് ഇഞ്ച് വീതം ഉയര്‍ത്തിയത്. 76.02 മീറ്റര്‍ ഉയരത്തില്‍ വെള്ളം എത്തിയതോടെയാണ് ഷട്ടറുകള്‍ തുറക്കാന്‍ തിരുമാനമായത്. ഇത് സംബന്ധിച്ച് എക്സിക്യുട്ടിവ് എൻജിനിയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയ്യാറായിരിക്കണം എന്നും പൊലീസിനും പഞ്ചായത്ത് അധികൃതര്‍ക്കും മുന്നറിയിപ്പും നല്കി. ഷട്ടറുകൾ തുറന്നതോടെ ചെറിയരീതിയില്‍ മണലിപുഴയില്‍ ജലവിതാനം ഉയര്‍ന്നു.
ചിമ്മിനി ഡാം ഷട്ടറുകൾ മൂന്നുതവണ ഉയർത്തി
ആമ്പല്ലൂര്‍: ജലസംഭരണിയിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് മൂന്നുദിവസങ്ങളിലായി ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ 7.5 സെ.മീ. ഉയര്‍ത്തി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 2.5 സെ.മീ. വീതമാണ് നാലുഷട്ടറും ഉയര്‍ത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് 73.90 മീറ്റര്‍ ജലനിരപ്പ് ഡാമില്‍ രേഖപ്പെടുത്തി. സംഭരണശേഷിയുടെ 87.23 ശതമാനമാണിത്. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 10 സെ.മീ. വരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ കലക്ടര്‍ ജലവിഭവ വകുപ്പ് അധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഡാം സേഫ്റ്റി അതോറിറ്റിയുടെ മുന്നറിയിപ്പ് പ്രകാരമുള്ള റൂൾ കർവിനെക്കാൾ 5.62 മീറ്ററിന് മുകളിലാണ് ഡാമിലെ ജലനിരപ്പ്.
വെള്ളിയാഴ്ച രാവിലെ ജലനിരപ്പും ഡാമിലേക്കുള്ള നീരൊഴുക്കും പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ഷട്ടറുകൾ രണ്ടര സെ.മീ.കൂടി ഉയർത്തിയേക്കാം. ഡാം പരിസരത്ത് വ്യാഴാഴ്ച മഴ മാറിനിന്നു. സംഭരണിയിലേക്കുള്ള നീരൊഴുക്കിന് മാറ്റമില്ലെങ്കിലും ജലനിരപ്പ് രണ്ട് മണിക്കൂറിൽ ഒാരോ സെ.മീ. വീതം കുറയുന്നുണ്ട്. ഡാമിൽനിന്ന് പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് കൂടിയതിനാലാണ് ജലനിരപ്പ് കുറയുന്നതെന്ന് ചിമ്മിനി എ.ഇ ജ്യോതി പറഞ്ഞു.
132.12 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഡാമിൽ സംഭരിച്ചിരിക്കുന്നത്. ചിമ്മിനി ജലവൈദ്യുതി പദ്ധതിയിൽ ചൊവ്വാഴ്ച മുതൽ മുഴുവൻ ലോഡിൽ ഉൽപാദനം നടക്കുന്നുണ്ട്. പ്രധാന ഷട്ടറുകൾ ഉയർത്തിയതോടെ 0.55 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് പവർസ്റ്റേഷനിലെത്തുന്നത്.
പ്രതിദിനം 50,000 യൂനിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. ഞായറാഴ്ച 18,000 യൂനിറ്റും തിങ്കളാഴ്ച 25,000 യൂനിറ്റുമാണ് ഉൽപാദിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

