ദിത്വ ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ 193 മരണം, തമിഴ്നാട്ടിൽ കനത്ത മഴ
text_fieldsകൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്. ശക്തമായ മഴയിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഏകദേശം 200 പേർ മരിച്ചു. നിരവധി ആളുകളെ കാണാതായി. വിവിധ ജില്ലകളിലായി 20,000 ത്തിലധികം വീടുകൾ തകർന്നു. കനത്ത മഴയിൽ വീടുകളും കൃഷിയിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലിനും ഇത് കാരണമായി. ദുരന്തബാധിത പ്രദേശങ്ങളിൽ സർക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
കെലാനി നദിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ ചില പ്രദേശങ്ങളിൽ ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. കാൻഡിയിലും ബദുള്ളയിലുമാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കക്ക് സഹായ ഹസ്തവുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. കുടുങ്ങി കിടന്ന നിരവധിയാളുകളെ ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷപ്പെടുത്തി.
അതേസമയം, തമിഴ്നാട്ടിൽ ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ കനത്ത മഴയിൽ മൂന്ന് പേർ മരിച്ചു. ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ നാളെ രാവിലെ വരെ മഴ തുടരും. തൂത്തുക്കുടിയിലും തഞ്ചാവൂരിലും മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കൽപേട്ട് ജില്ലകളിലാണ് കനത്തമഴ മുന്നറിയിപ്പ്. ചെന്നൈ, പുതുക്കോട്ടെ, അരിയല്ലുർ, തഞ്ചാവൂർ, പെരാമ്പല്ലൂർ, തിരുച്ചിറപ്പള്ളി, സേലം, കള്ളകുറിച്ചി, തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ നാളെ അഞ്ച് ജില്ലകളിൽ ശക്തമായ കാറ്റ് വീശും. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ,വില്ലുപുരം, കടലൂർ ജില്ലകളിൽ മണിക്കൂറിൽ എൺപത് കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുകയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

