Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രാതീരത്തേക്ക് 'അക്വാൻ' ചുഴലിക്കാറ്റ്; നവംബർ 20ന് കരതൊടും, 145 കിലോമീറ്റർ വരെ വേഗത്തിൽ വീശാൻ സാധ്യത

text_fields
bookmark_border
news
cancel

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന അക്വാൻ ചുഴലിക്കാറ്റ് നവംബർ 20ന് ഉച്ചയോടെ ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). നെല്ലൂരിനും തുനിക്കും ഇടയിലുള്ള തീരപ്രദേശത്താകും ചുഴലിക്കാറ്റ് കരതൊടുകയെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില ഘട്ടങ്ങളിൽ കാറ്റിന്റെ വേഗം 145 കിലോമീറ്റർ വരെയാകാമെന്നും മുന്നറിയിപ്പുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി രൂപപ്പെടുന്ന സംവിധാനം ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തുടർന്ന് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങും.

ആന്ധ്രാപ്രദേശിന്റെ ഏകദേശം 500 കിലോമീറ്റർ തീരപ്രദേശം ചുഴലിക്കാറ്റിന്റെ ഭീഷണിയിലാണ്. സംസ്ഥാനത്തിന്റെ ആകെ 1,053 കിലോമീറ്റർ തീരപ്രദേശത്തിന്റെ പകുതിയോളം വരുമിത്. ആദ്യഘട്ടത്തിൽ വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുകയെന്ന് പ്രവചിച്ചിരുന്നെങ്കിലും ഏറ്റവും പുതിയ വിലയിരുത്തൽ പ്രകാരം മധ്യ, തെക്കൻ തീരപ്രദേശങ്ങൾക്കിടയിലാണ് കരതൊടാൻ സാധ്യത.

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തിങ്കളാഴ്ച പുലർച്ചയോടെ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചിരുന്നു. നിലവിൽ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലാണ് സഞ്ചാരം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറുകയും ചൊവ്വാഴ്ച വൈകുന്നേരത്തോടെ തീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും ചെയ്യുമെന്നാണ് പ്രവചനം.

തിങ്കളാഴ്ച മുതൽ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതോടെ കാറ്റിന്റെ വേഗം വർധിക്കും. നവംബർ 17 വരെ കടൽ പ്രക്ഷുബ്ധമാകുമെന്നും അതിനുശേഷം സ്ഥിതി കൂടുതൽ മോശമാകുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകി.

തീരമേഖലകളിൽ ജാഗ്രത

ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരങ്ങളിൽ ഐ.എം.ഡി മുൻകൂർ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ 19 രാത്രിയോടെ ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് തീരത്തിന് സമീപമെത്തുമെന്നാണ് പ്രവചനം. ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രതയിലാണ്. കടലിലെ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നവംബർ 20 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നവംബർ 20 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചു. അർണബ് ചുഴലിക്കാറ്റിൽ വിശാഖപട്ടണം ജില്ലയിലെ മത്സ്യബന്ധന മേഖലക്ക് 307 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ഫിഷറീസ് ജോയിന്റ് ഡയറക്ടർ എൽ.ബി.എസ്. വർധൻ അറിയിച്ചു. ഇതിൽ 123 ലക്ഷം രൂപ ഭാഗിക നാശനഷ്ടവും 184 ലക്ഷം രൂപ പൂർണ നാശനഷ്ടവുമാണ്. നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cyclone Aakvan heading towards Andhra coast; to make landfall on November 20, winds likely to reach up to 145 km/h
Next Story