ഡി.എൻ.എയുടെ അംശങ്ങൾ ജലത്തിൽ അവശേഷിപ്പിക്കും; കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രത്തിൽ നിന്ന് വീട് മാറുന്ന ജീവികൾ
text_fieldsകാലാവസ്ഥാ വ്യതിയാനം കാരണം ഇതിനകം 12,000ത്തിലധികം ജീവജാലങ്ങൾ കര, ശുദ്ധജലം, കടൽ എന്നിവിടങ്ങളിലൂടെ തങ്ങളുടെ വാസസ്ഥലങ്ങൾ മാറ്റിയിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനോ മുമ്പ് എത്തിച്ചേരാൻ കഴിയാത്ത ആവാസവ്യവസ്ഥകൾ പര്യവേക്ഷണം ചെയ്യാനോ അവ നീങ്ങുന്നു. കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രത്തിൽ നിന്ന് വീട് മാറ്റുന്ന ചില ജീവിവർഗങ്ങളുണ്ട്. സമുദ്ര താപനില വർധിക്കുമ്പോൾ പവിഴപ്പുറ്റുകൾ നശിച്ചുപോകുന്നു. ഇത് അവയെ ആശ്രയിച്ചു ജീവിക്കുന്ന മറ്റ് ജീവിവർഗ്ഗങ്ങളെയും ബാധിക്കുന്നു.
ആൽഗകൾക്ക് സമുദ്രത്തിലെ താപനിലയിലുള്ള ചെറിയ മാറ്റങ്ങൾ പോലും താങ്ങാൻ കഴിയില്ല. താപനില കൂടുമ്പോൾ ഇവ നശിച്ചുപോകുന്നു, ഇത് സമുദ്രത്തിലെ ഭക്ഷ്യ ശൃംഖലയെ താറുമാറാക്കുന്നു. പല മത്സ്യങ്ങൾക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെ താപനിലയിലും ലവണാംശത്തിലും മാറ്റങ്ങളുണ്ടാകുമ്പോൾ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് നീങ്ങേണ്ടി വരുന്നു. ആഗോളതാപനം കാരണം കടലാമകളുടെ മുട്ടകൾ വിരിയാൻ പ്രയാസമുണ്ടാകുന്നു. ഇതാണ് അവയെ മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നത്. സമുദ്രത്തിലെ താപനില കൂടുന്നതും ജലത്തിലെ അസിഡിറ്റി കൂടുന്നതും ഈ ജീവിവർഗ്ഗങ്ങൾക്ക് മാത്രമല്ല ഒട്ടുമിക്ക സമുദ്രജീവികൾക്കും ഭീഷണിയുണ്ടാക്കുന്നു. ഈ മാറ്റങ്ങൾ കാരണം പല ജീവികൾക്കും അവയുടെ ആവാസവ്യവസ്ഥ ഉപേക്ഷിക്കേണ്ടി വരുന്നു.
നിരീക്ഷണവും ട്രാക്കിങും
ശാസ്ത്രജ്ഞർ ഈ ജീവികളെ ഉപഗ്രഹങ്ങൾ വഴിയുള്ള ടാഗുകൾ ഉപയോഗിച്ച് ട്രാക്ക് ചെയ്യുന്നു. ഇത് അവയുടെ സഞ്ചാരപാത, വാസസ്ഥലങ്ങളിലെ മാറ്റങ്ങൾ, താപനിലയോടുള്ള പ്രതികരണം എന്നിവ മനസിലാക്കാൻ സഹായിക്കുന്നു. സമുദ്രശാസ്ത്രജ്ഞർ സമുദ്രത്തിലെ താപനില, ലവണാംശം, അസിഡിറ്റി തുടങ്ങിയ ഘടകങ്ങളെക്കുറിച്ച് പഠനം നടത്തുന്നു. ഈ പഠനങ്ങളിലൂടെ ഓരോ ജീവിവർഗവും ഈ മാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും.
ജീവികളുടെ ഡി.എൻ.എ വിശകലനം ചെയ്ത് അവയുടെ ജനിതക ഘടനയിലെ മാറ്റങ്ങൾ കണ്ടെത്താനും പരിസ്ഥിതിയുമായി അവയുടെ ബന്ധം മനസിലാക്കാനും സാധിക്കും. ഈ മാർഗങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് കാലാവസ്ഥ വ്യതിയാനം സമുദ്രജീവികളെ എങ്ങനെ ബാധിക്കുന്നുവെന്നും അവയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികൾ എന്തൊക്കെയാണെന്നും തിരിച്ചറിയാൻ സാധിക്കുന്നു.
ചില ജീവികളുടെ ശരീരത്തിൽ കാണുന്ന പാടുകൾ, നിറങ്ങൾ, അല്ലെങ്കിൽ ചിറകുകളുടെയും വാലിന്റെയും ആകൃതി എന്നിവ അവയെ തിരിച്ചറിയാൻ സഹായിക്കുന്നു. ഉദാഹരണത്തിന് ഓരോ തിമിംഗലത്തിന്റെയും വാൽച്ചിറകുകൾക്ക് വ്യത്യസ്തമായ പാറ്റേണുകൾ ഉണ്ട്. അതുപോലെ ഓരോ കടലാമയുടെ പുറംതോടിനും അതിന്റേതായ പ്രത്യേക പാറ്റേൺ ഉണ്ടാകും. ജീവികൾ സഞ്ചരിക്കുമ്പോൾ അവയുടെ ഡി.എൻ.എ.യുടെ അംശങ്ങൾ ജലത്തിൽ അവശേഷിപ്പിക്കുന്നു. ശാസ്ത്രജ്ഞർ ഈ ഇ.ഡി.എൻ.എ ശേഖരിച്ച് ഏത് ജീവിയാണ് ആ പ്രദേശത്തുകൂടി കടന്നുപോയതെന്ന് മനസിലാക്കുന്നു. ഇത് മത്സ്യങ്ങളുടെയും മറ്റ് ചെറുജീവികളുടെയും സാന്നിധ്യം കണ്ടെത്താൻ ഉപയോഗിക്കുന്നു.
ഡോൾഫിനുകൾ, തിമിംഗലങ്ങൾ തുടങ്ങിയ ജീവികൾ സഞ്ചരിക്കുമ്പോൾ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. ഈ ശബ്ദങ്ങൾ റെക്കോർഡ് ചെയ്ത് അവയുടെ സാന്നിധ്യം കണ്ടെത്താനും തിരിച്ചറിയാനും സാധിക്കും. ഈ രീതികൾ ഉപയോഗിച്ച് ഓരോ ജീവിയുടെയും സഞ്ചാരപാത, വാസസ്ഥലം, കൂട്ടമായി സഞ്ചരിക്കുന്ന രീതി എന്നിവയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് സാധിക്കുന്നു.
ഇ.ഡി.എൻ.എ
ഇ.ഡി.എൻ.എ (environmental DNA) എന്നത് പരിസ്ഥിതിയിൽ ജീവികൾ അവശേഷിപ്പിക്കുന്ന ജനിതക വസ്തുക്കളെയാണ് സൂചിപ്പിക്കുന്നത്. ഒരു ജീവി അതിന്റെ ചുറ്റുപാടിലൂടെ സഞ്ചരിക്കുമ്പോൾ ചർമകോശങ്ങൾ, മുടി, മലം, മൂത്രം, രക്തം അല്ലെങ്കിൽ മറ്റ് ശരീര സ്രവങ്ങൾ എന്നിവയിലൂടെ അതിന്റെ ഡി.എൻ.എയുടെ ചെറിയ ഭാഗങ്ങൾ അവശേഷിപ്പിക്കുന്നു. ഈ ഡി.എൻ.എയെയാണ് ശാസ്ത്രജ്ഞർ സമുദ്രജലത്തിൽ നിന്നോ, മണ്ണിൽ നിന്നോ, അല്ലെങ്കിൽ വായുവിൽ നിന്നോ ശേഖരിച്ച് വിശകലനം ചെയ്യുന്നത്.
ശാസ്ത്രജ്ഞർ ഒരു പ്രത്യേക സ്ഥലത്തെ ജലം ശേഖരിക്കുകയും അത് ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. ഫിൽട്ടറിൽ കുടുങ്ങിയ ജനിതക വസ്തുക്കളിൽ നിന്ന് ഡി.എൻ.എ വേർതിരിച്ചെടുക്കുന്നു. വേർതിരിച്ചെടുത്ത ഡി.എൻ.എ ജീവികളുടെ ഡാറ്റാബേസുമായി താരതമ്യം ചെയ്യുന്നു. ഈ താരതമ്യത്തിലൂടെ ആ പ്രദേശത്ത് ഏതൊക്കെ ജീവിവർഗ്ഗങ്ങൾ ഉണ്ടായിരുന്നു എന്ന് മനസിലാക്കാൻ സാധിക്കുന്നു. ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ ഗുണം ഒരു ജീവിയെ നേരിട്ട് പിടിക്കാതെ തന്നെ അതിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കുന്നു എന്നതാണ്. ഇത് വംശനാശഭീഷണി നേരിടുന്ന ജീവികളെയും, അപൂർവ്വമായി മാത്രം കാണുന്ന ജീവികളെയും കണ്ടെത്താൻ സഹായിക്കുന്നു.
ഇന്ന് മണ്ണ് മുതൽ നദികൾ, സമുദ്രങ്ങൾ വരെ എല്ലായിടത്തും ഇ.ഡി.എൻ.എ ഉപയോഗിക്കുന്നു. മറഞ്ഞിരിക്കുന്നതോ വംശനാശഭീഷണി നേരിടുന്നതോ ആയ ജീവികളെ കണ്ടെത്തുന്നതിനും, ജൈവവൈവിധ്യം ട്രാക്ക് ചെയ്യുന്നതിനും, അവശിഷ്ടങ്ങളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന പുരാതന ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും പോലും ഇ.ഡി.എൻ.എ ഉപയോഗിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

