സംസ്ഥാനത്ത് ചെമ്പോത്തുകൾ കുറയുന്നു
text_fieldsകോട്ടയം: സംസ്ഥാനത്ത് ചെമ്പോത്തുകളുടെ (ഉപ്പൻ) എണ്ണം വലിയതോതിൽ കുറയുന്നതായി പഠനം. പരിസ്ഥിതി പ്രവർത്തകരും പക്ഷിനിരീക്ഷകരും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഉൾഗ്രാമങ്ങളിൽ മുൻകാലങ്ങളിൽ വ്യാപകമായി കണ്ടുവന്നിരുന്ന ഈ പക്ഷിയുടെ അസാന്നിധ്യം ഇന്ന് പ്രകടമാണ്. ഇവയുടെ എണ്ണത്തിലുണ്ടായ കുറവ് പഠനവിധേയമാക്കാൻ സർക്കാർ തയാറാകണമെന്ന് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെടുന്നു. ചെമ്പോത്തിന്റെ അഭാവം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിൽ കോട്ടമുണ്ടാക്കുന്നതാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർക്കും സാധാരണക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്നാണ് ആഫ്രിക്കൻ ഒച്ചിന്റെ ശല്യം. അത് നാൾക്കുനാൾ കൂടിവരുകയാണ്. ഇത്തരം ഒച്ചുകളെ ഭക്ഷണമാക്കുന്ന പക്ഷിയാണ് ചെമ്പോത്ത്. അതിനുപുറമെ പാമ്പുകളുടെയും എലികളുടെയും മുഖ്യശത്രുകൂടിയാണ് ഈ പക്ഷി. ഫലത്തിൽ, കർഷകരുടെ മിത്രം എന്ന വിശേഷിപ്പിക്കപ്പെടുന്ന ഈ പക്ഷിയുടെ എണ്ണം കുറയുന്നത് കർഷകരെയും പ്രതികൂലമായി ബാധിക്കുന്നു. ചെമ്പോത്തിന്റെ എണ്ണം കുറയുകയും ആഫ്രിക്കൻ ഒച്ച്, പാമ്പ്, എലി എന്നിവ വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
കർഷകർ ഇന്ന് എറ്റവുമധികം ബുദ്ധിമുട്ടുന്നത് കരീലപിടച്ചി എന്ന പേരിൽ അറിയപ്പെടുന്ന പക്ഷിയുടെ ശല്യമാണ്. ഇവ കൂട്ടമായി എത്തി ചെടികളുടെ ഇലകളും പഴവർഗങ്ങളും തിന്നുതീർക്കുകയാണ്. ഇവയെയും ചെമ്പോത്ത് ഭക്ഷണമാക്കിയിരുന്നെന്ന് കർഷകർ പറയുന്നു. ചെമ്പോത്തിന്റെ എണ്ണം കുറഞ്ഞതും ഇത്തരം പക്ഷികളുടെ എണ്ണം വർധിക്കാൻ കാരണമായതായും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

