മാൽവി ഒട്ടകം 102 എണ്ണം മാത്രം; വംശനാശത്തിൽ നിന്ന് രക്ഷിക്കാൻ പ്രത്യേക സംരക്ഷണ-പ്രജനന പദ്ധതി
text_fieldsവംശനാശ ഭീഷണി നേരിടുന്ന മാൽവി ഒട്ടകങ്ങൾ
ജയ്പൂർ: ഇന്ത്യയിലെ അംഗീകൃത ഒട്ടക ഇനങ്ങളിൽ ഏറ്റവും ചെറുതും വെളുത്ത നിറവുമുള്ള ‘മാൽവി’യെ വംശനാശ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ പ്രത്യേക സംരക്ഷണ-പ്രജനന പദ്ധതിക്ക് തുടക്കം. മാൽവി ഇനത്തിന്റെ ജനിതക പ്രത്യേകതകൾ സംരക്ഷിക്കുകയും സ്വാഭാവികമായ പ്രജനനരീതികളിലൂടെ അവയുടെ എണ്ണം വർധിപ്പിക്കുകയുമാണ് ലക്ഷ്യം. രാജസ്ഥാനിലെ ബിക്കാനീർ നാഷണൽ റിസർച്ച് സെന്റർ ഓൺ ക്യാമലിൽ (എൻ.ആർ.സി.സി) ഇതുസംബന്ധിച്ച ശാസ്ത്രീയ ദൗത്യം ആരംഭിച്ചു.
ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള ഒമ്പത് ഒട്ടക ഇനങ്ങളിൽ ഒന്നായ മാൽവിയിൽ വെറും 102 എണ്ണം മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് എൻ.ആർ.സി.സിയിലെ പ്രിൻസിപ്പൽ ശാസ്ത്രജ്ഞൻ ഡോ. വേദ് പ്രകാശ് അറിയിച്ചു. 2019-ലെ ലൈവ്‌സ്റ്റോക്ക് സെൻസസ് പ്രകാരം, മാൽവി ഒട്ടകങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടർന്ന് ‘വംശനാശ ഭീഷണി നേരിടുന്ന ഇനം’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
300ൽ താഴെ പ്രജനനശേഷിയുള്ള, പെൺഒട്ടകങ്ങൾ മാത്രമുള്ള ഏതൊരു ഒട്ടകഇനവും വംശനാശ ഭീഷണി നേരിടുന്നവയായി തരംതിരിച്ചിട്ടുണ്ട്. മാൽവിക്ക് പുറമെ മേവാരിയും മേവാട്ടിയും ഈ വിഭാഗത്തിൽപ്പെടുന്ന ഒട്ടക ഇനങ്ങളാണ്. ‘മൂന്ന് ആണും ഒമ്പത് പെണ്ണും ഉൾപ്പെടെ ആകെ 12 മാൽവി ഒട്ടകങ്ങളെ ഞങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ എണ്ണം വർധിപ്പിക്കാൻ ശാസ്ത്രീയമായ പ്രജനന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്’ -ഡോ. വേദ് പ്രകാശ് അറിയിച്ചു.
പരമ്പരാഗതമായി ചരക്ക് കൊണ്ടുപോകാനും ഗതാഗത ആവശ്യങ്ങൾക്കുമായി ഉപയോഗിച്ചിരുന്ന മാൽവി ഒട്ടകങ്ങൾ പ്രധാനമായും മധ്യപ്രദേശിലെ മാൽവ മേഖലകളായ മന്ദ്സൗർ, നീമുച്, രത്‌ലാം, ഗ്വാളിയോർ എന്നിവിടങ്ങളിലും രാജസ്ഥാനിലെ കോട്ട, ബുണ്ടി, ഝാലാവാർ, ബാരൻ ജില്ലകളിലുമാണ് കാണപ്പെടുന്നത്. ഈ ഇനത്തിലെ പെൺ ഒട്ടകത്തിന് നാലു മുതൽ ആറുവരെ ലിറ്റർ പാൽ ഉൽപാദിപ്പിക്കാൻ കഴിയും.
മൃഗസംരക്ഷകരുമായി സഹകരിച്ച് മാൽവി ഒട്ടകത്തിന്റെ പ്രയോജനങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ഈ അപൂർവ ഇനത്തെ സംരക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളിലെ മാറ്റങ്ങളും ഒട്ടകങ്ങളുടെ ഉപയോഗം കുറഞ്ഞതുമാണ് ഈ ഇനത്തിന്റെ എണ്ണം വൻതോതിൽ കുറയാൻ കാരണമായി വിലയിരുത്തുന്നത്.
‘സംരക്ഷണത്തിനും പ്രജനനത്തിനുമൊപ്പം ഈ ഇനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് കൂടുതൽ പഠനങ്ങളും നടത്തുകയാണ്. കർഷകരിലും മൃഗസംരക്ഷകരിലും അവബോധം സൃഷ്ടിക്കുന്നതിനും ശ്രമങ്ങൾ തുടരുന്നു’ -ഡോ. വേദ് പ്രകാശ് വ്യക്തമാക്കി.
ശാസ്ത്രീയമായ ഇടപെടലുകളും പ്രാദേശിക സമൂഹത്തിന്റെ സജീവ പങ്കാളിത്തവും തുടർന്നാൽ മാത്രമേ, മാൽവി ഒട്ടക ഇനത്തെ വംശനാശത്തിൽ നിന്ന് രക്ഷിക്കാനാകൂ എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. കർണാലിലെ നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജെനറ്റിക് റിസോഴ്സസ് നടപ്പാക്കുന്ന നെറ്റ്‌വർക്ക് പദ്ധതിയുടെ ഭാഗമായാണ് എൻ.ആർ.സി.സി ഈ ശാസ്ത്രീയ ദൗത്യം ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

