പക്ഷികളുടെ എണ്ണം അതിവേഗം കുറയുന്നു; ആശങ്കയിൽ പരിസ്ഥിതി ഗവേഷകർ
text_fieldsഏറ്റവും സമൃദ്ധമായി പക്ഷികൾ കാണപ്പെടുന്ന വടക്കേ അമേരിക്കയിൽ അവയുടെ എണ്ണം വേഗത്തിൽ കുറയുന്നത് ആശങ്കയുയർത്തുന്നു. വടക്കേ അമേരിക്കയിലുടനീളമുള്ള 500റോളം പക്ഷി ഇനങ്ങളെക്കുറിച്ച് വിശകലനം ചെയ്തപ്പോൾ അവയുടെ മുക്കാലും കുറയുന്നതായും മൊത്തം പക്ഷികളുടെ മൂന്നിൽ രണ്ട് ഭാഗവും ഗണ്യമായി ചുരുങ്ങുന്നതായും ഒരു പറ്റം ഗവേഷകർ കണ്ടെത്തി.
സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പക്ഷി ഇനങ്ങളുടെ മുൻ ശക്തി കേന്ദ്രങ്ങൾ ഇപ്പോൾ സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് പുൽമേടുകൾ, വരണ്ട പ്രദേശങ്ങൾ, ആർട്ടിക് എന്നിവിടങ്ങളിൽ.
കോർണൽ ലാബ് ഓഫ് ഓർണിത്തോളജിയിലെ ശാസ്ത്രജ്ഞർ ജനപ്രിയ ആപ്ലിക്കേഷനായ ‘ഇ ബേർഡിൽ’ നിന്നുള്ള നിരീക്ഷണങ്ങൾ ഉപയോഗിച്ചാണിത് തിരിച്ചറിഞ്ഞത്.
വടക്കേ അമേരിക്കയിലുടനീളമുള്ള 27 ചതുരശ്ര കിലോമീറ്റർ സെഗ്‌മെന്റുകളിലെ മാറ്റം പിന്തുടരാൻ ഗവേഷകരെ സഹായിച്ചു. രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് പക്ഷി വർഗങ്ങൾ അഭിവൃദ്ധി പ്രാപിച്ച പ്രദേശങ്ങളിൽ നാടകീയമായ ഇടിവ് കാണിക്കുന്നു.
‘വടക്കേ അമേരിക്കയിലെ നിരവധി പക്ഷി വർഗങ്ങൾ കുറഞ്ഞുവരുന്നുണ്ടെന്ന് വർഷങ്ങളായി ഞങ്ങൾക്ക് അറിയാം. ഈ പഠനത്തിലൂടെ, പക്ഷികൾ എവിടെയാണ് കുറയുന്നതെന്നും അവ എവിടെയാണ് വർധിക്കുന്നതെന്നും കൂടുതൽ സൂക്ഷ്മമായ സ്പേഷ്യൽ റെസല്യൂഷനിൽ മനസ്സിലാക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം’- പഠനത്തിന് നേതൃത്വം നൽകിയ യു.കെയിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ സെന്റർ ഫോർ റിസർച്ച് ഇൻ ഇക്കോളജിക്കൽ ആൻഡ് എൻവയോൺമെന്റൽ മോഡലിംഗിന്റെ ഡയറക്ടർ അലിസൺ ജോൺസ്റ്റൺ പറഞ്ഞു.
മാറ്റങ്ങൾക്ക് പിന്നിലെ കാരണങ്ങൾ വിശദീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഗവേഷകർ പറഞ്ഞു. ആഗോള താപനവും ആവാസവ്യവസ്ഥയിലെ മാറ്റവുമാണ് ഇവയുടെ പ്രധാന സിദ്ധാന്തങ്ങളായി മുന്നോട്ടുവെക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.