ഇന്ത്യയിലെ പ്രധാന വരൾച്ചാ ഹോട്ട്‌സ്‌പോട്ടായി തമിഴ്നാട് മാറുന്നു; ആശങ്ക ഉയർത്തി കാലാവസ്ഥാ പഠനം
text_fieldsതമിഴ്നാട് ഇന്ത്യയിലെ പ്രധാന വരൾച്ചാ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി മാറിയതായി 52 വർഷത്തെ കാലാവസ്ഥാ പഠനം. രാജ്യത്തെ നാല് പ്രധാന കാലാവസ്ഥാ മേഖലകളിൽ ഒന്നായ ദക്ഷിണ ഉപദ്വീപീയ ഇന്ത്യ (South Peninsular India - SPI) ദീർഘകാലമായി വരൾച്ച ബാധിത പ്രദേശങ്ങളുടെ വിസ്തൃതിയിൽ ഏറ്റവും ശക്തമായ വർധന രേഖപ്പെടുത്തിയതായും പഠനം കണ്ടെത്തി.
അന്താരാഷ്ട്ര ജേണലായ ഇന്റർനാഷണൽ ജേണൽ ഓഫ് ക്ലൈമറ്റോളജിയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച “Evolution of Climate Extremes Over the Indian Subcontinent Using a Revised CEI” എന്ന പഠനം 1971 മുതൽ 2022 വരെയുള്ള മഴയും താപനിലയും സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്തതാണ്. നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് (NCMRWF), ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD), ഏട്രിയ സർവകലാശാല എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
മഴയുടെ അളവും അന്തരീക്ഷത്തിലെ ജലാവശ്യകതയും പരിഗണിക്കുന്ന സ്റ്റാൻഡേർഡൈസ്ഡ് പ്രിസിപ്പിറ്റേഷൻ-ഇവാപറേഷൻ ഇൻഡക്സ് (SPEI) ഉപയോഗിച്ചുള്ള വിശകലനത്തിൽ, 2000ന് ശേഷം ദക്ഷിണ ഉപദ്വീപീയ മേഖലയിലെ വരൾച്ചാ ബാധിത പ്രദേശങ്ങൾ ഗണ്യമായി വർധിച്ചതായി കണ്ടെത്തി. ചില വർഷങ്ങളിൽ പ്രദേശത്തിന്റെ 40 ശതമാനത്തിലേറെയും വരൾച്ചയുടെ പിടിയിലായിരുന്നുവെന്നും പഠനം പറയുന്നു.
2011 മുതൽ 2021 വരെ ദക്ഷിണ, മധ്യ, വടക്കുകിഴക്കൻ ഇന്ത്യയിലെ വിശാല പ്രദേശങ്ങളിൽ ഓരോ ദശകത്തിലും 20 ശതമാനത്തിലധികം വരൾച്ചാ ആവർത്തനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. “രാജ്യത്ത് ഏറ്റവും വ്യക്തമായ വരൾച്ചാ സൂചന ദക്ഷിണേന്ത്യയിലാണ്. തമിഴ്നാട് ഉൾപ്പെടുന്ന കിഴക്കൻ തീരമേഖല രാജ്യത്തെ ഏറ്റവും ഗുരുതരമായ വരൾച്ചാ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ്,” എന്ന് പഠനത്തിന്റെ സഹരചയിതാവും മുൻ ഭൂവിജ്ഞാന മന്ത്രാലയ സെക്രട്ടറിയുമായ എം. രാജീവൻ പറഞ്ഞു.
“കഴിഞ്ഞ 50 വർഷത്തിനിടെ സംഭവിച്ച മിക്ക പ്രകൃതി ദുരന്തങ്ങളേക്കാളും ദക്ഷിണേന്ത്യയിലെ വരൾച്ചയാണ് കൂടുതൽ രൂക്ഷമായത്,” എന്ന് പ്രധാന ഗവേഷകനും കാലാവസ്ഥ ശാസ്ത്രജ്ഞനുമായ തോട്ട മോഹൻ പറഞ്ഞു.
വടക്കുകിഴക്കൻ മൺസൂൺ പരാജയപ്പെടുമ്പോൾ തമിഴ്നാട്ടിൽ വരൾച്ച എത്രത്തോളം ഗുരുതരമാകാമെന്ന് സംസ്ഥാനത്തിന്റെ മഴക്കാല ചരിത്രം വ്യക്തമാക്കുന്നത്. 2016-ൽ വടക്കുകിഴക്കൻ മൺസൂൺ പരാജയപ്പെട്ടതോടെ തമിഴ്നാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 62 ശതമാനം കുറവാണ് ലഭിച്ചത്. ഇതേ തുടർന്ന് 16,682 ഗ്രാമങ്ങളിൽ 13,305 ഗ്രാമങ്ങളും വരൾച്ച ബാധിതങ്ങളായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ അന്നത്തെ 32 ജില്ലകളും വരൾച്ച ബാധിത ജില്ലകളായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട തമിഴ്നാട് സർക്കാരിന്റെ ഏറ്റവും പുതിയ വിലയിരുത്തലും വരൾച്ച, ജലക്ഷാമം, അണക്കെട്ടുകളിലേക്കുള്ള ജലപ്രവാഹത്തിലെ കുറവ് എന്നിവയെ പ്രധാന അപകടസാധ്യതകളായി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന്റെ എൽ നിനോ ഉപദേശക സമിതി 2027 വരെയും ജലസമ്മർദ്ദവും വരൾച്ചാ ഭീഷണിയും തുടരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ജല ഉപയോഗം കുറവുള്ള, കുറഞ്ഞ കാലയളവിൽ വിളവെടുക്കാവുന്ന, ചൂടിനെയും വരൾച്ചയെയും പ്രതിരോധിക്കുന്ന വിളവർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും ജല ഉപഭോഗം കൂടുതലുള്ള കൃഷികൾക്ക് പകരം മറ്റു വിളകൾ വളർത്താൻ പ്രോത്സാഹനങ്ങൾ നൽകാനും സമിതി ശുപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

