കടുവകളുടെ തട്ടകത്തിലേക്ക് ചീറ്റകൾ; ദുര്‍ഗാവതിയിൽ ‘പ്രോജക്ട് ചീറ്റ’യുടെ പുതിയ പരീക്ഷണം
text_fieldsകുനോ ദേശീയോദ്യാനത്തിലെ വിജയകരമായ ചീറ്റ സംരക്ഷണ അനുഭവത്തിന്റെ പിൻബലത്തിൽ ‘പ്രോജക്ട് ചീറ്റ’ പുതിയ വെല്ലുവിളിയിലേക്ക്. കടുവകളുടെ സാന്നിധ്യമുള്ള മധ്യപ്രദേശിലെ ദുര്‍ഗാവതി കടുവാ സങ്കേതത്തിൽ രണ്ട് ചീറ്റകളെ എത്തിച്ച് പുതിയ സംരക്ഷണ മാതൃകക്ക് തുടക്കമിട്ടു. കടുവകളുടെ സാന്നിധ്യമുള്ള പ്രദേശത്ത് ചീറ്റകളെ സ്ഥിരതാമസിപ്പിക്കുന്നതിലൂടെ പദ്ധതിയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിനാണ് തുടക്കമായതെന്ന് അധികൃതർ പറഞ്ഞു.
ഇതോടെ ഇന്ത്യയിൽ ചീറ്റകളെ പുനരവതരിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ രാജ്യത്ത് ചീറ്റ സംരക്ഷണത്തിനുള്ള ശേഷി വികസിപ്പിക്കുന്ന ദൗത്യമായി ‘പ്രോജക്ട് ചീറ്റ’ മാറിയെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുനോയിലെ ചീറ്റകൾക്ക് ഇതിനകം തന്നെ മറ്റ് വേട്ടക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യങ്ങളെ നേരിടാനുള്ള അനുഭവം ലഭിച്ചിട്ടുണ്ട്. രാജസ്ഥാനിലെ രൺതംബോർ ദേശീയോദ്യാനത്തിലും മധ്യപ്രദേശിലെ മാധവ് വന്യജീവി സങ്കേതത്തിലും വഴിതെറ്റിയെത്തിയ ചീറ്റകൾ കടുവകളുടെ പ്രദേശത്ത് പ്രവേശിച്ചിട്ടും സുരക്ഷിതമായി രക്ഷപ്പെട്ട സംഭവങ്ങളുണ്ട്.
കുനോ ദേശീയോദ്യാനത്തിലും ചീറ്റകൾ പുള്ളിപ്പുലികളുമായി അടുത്തിടപഴകുകയും പിന്നീട് സുരക്ഷിതമായി പിന്മാറുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഏറ്റുമുട്ടലുകൾ കുനോയിൽ ഏതാണ്ട് ദൈനംദിന സംഭവങ്ങളായി മാറിയതായി പ്രോജക്ട് ചീറ്റ ഡയറക്ടർ ഉത്തം കുമാർ ശർമ പറഞ്ഞു.
കുനോയിൽ 150-ലേറെ പുള്ളിപ്പുലികളുണ്ട്. കടുവ, പുള്ളിപ്പുലി, ചെന്നായ എന്നിവയാണ് ഇന്ത്യൻ വനമേഖലകളിൽ ചീറ്റകൾ നേരിടുന്ന പ്രധാന വേട്ടക്കാർ. കുനോയിലെ അനുഭവങ്ങൾ കടുവകളുള്ള വനമേഖലയിൽ ചീറ്റകൾക്ക് സ്വയം സഞ്ചരിക്കാനും സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും കഴിയുമെന്ന ആത്മവിശ്വാസം നൽകിയതായി ശർമ വ്യക്തമാക്കി.
ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിൽ എത്തിച്ച് സംരക്ഷിക്കുന്നതിനാണ് ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. ദക്ഷിണാഫ്രിക്കൻ മെറ്റാപോപ്പുലേഷൻ വിദഗ്ധ സൂസൻ യാനെറ്റിയുടെ അഭിപ്രായത്തിൽ ആഫ്രിക്കയിൽ ചീറ്റ-കടുവ സഹവാസത്തിന് ഉദാഹരണമില്ല. കടുവകൾ ആഫ്രിക്കയിൽ സ്വാഭാവികമായി കാണപ്പെടുന്ന ജീവികളല്ലാത്തതാണ് ഇതിന് കാരണം.
മൂന്നാമത്തെ ചീറ്റ സംരക്ഷണ കേന്ദ്രമായി ദുര്‍ഗാവതി കടുവാ സങ്കേതം മാറുന്നത് അതിനാൽ പദ്ധതിയിലെ സുപ്രധാന നാഴികക്കല്ലായാണ് വിദഗ്ധർ വിലയിരുത്തുന്നത്. 20-ലേറെ കടുവകളുള്ള ദുര്‍ഗാവതിയിൽ ഇതാദ്യമായാണ് ഇത്രയും വലിയ കടുവാ സാന്നിധ്യമുള്ള പ്രദേശത്ത് ചീറ്റകളെ സ്ഥാപിക്കുന്നത്.
‘പ്രോജക്ട് ചീറ്റ’യുടെ ഭാഗമായി നാല് വർഷം മുമ്പ് രണ്ട് ഘട്ടങ്ങളിലായി 20 ആഫ്രിക്കൻ ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ചിരുന്നു. തുടർന്ന് ഒന്നര വർഷം മുമ്പ് മധ്യപ്രദേശിലെ ഗാന്ധിസാഗർ വന്യജീവി സങ്കേതം രണ്ടാമത്തെ ചീറ്റ കേന്ദ്രമായി. രണ്ട് പെൺചീറ്റകളും രണ്ട് ആൺചീറ്റകളും ഉൾപ്പെടെ നാല് ചീറ്റകളെയാണ് ഇവിടെ എത്തിച്ചിരുന്നത്.
ഒക്ടോബർ ഏഴിനാണ് ഒരു പെൺചീറ്റയും ഒരു ആൺചീറ്റയും ഉൾപ്പെടെ രണ്ട് ചീറ്റകളെ കുനോയിൽനിന്ന് ദുര്‍ഗാവതി കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്. പുതിയ മേഖലയിലെ ആവാസവ്യവസ്ഥ, ഇരകളുടെ ലഭ്യത, ഭൂപ്രകൃതി, വേട്ടക്കാരുടെ സാന്നിധ്യം, മനുഷ്യവാസം, കന്നുകാലികളുമായുള്ള ഇടപെടൽ, റോഡുകൾ, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ ചീറ്റകളുടെ അതിജീവനത്തിന് നിർണായകമാകും.
കടുവകളും ചെന്നായകളും ഉൾപ്പെടുന്ന പുതിയ മധ്യ ഇന്ത്യൻ ഭൂപ്രകൃതിയിൽ ചീറ്റ സംരക്ഷണം എങ്ങനെ സാധ്യമാക്കാമെന്ന് മനസ്സിലാക്കാനുള്ള അവസരമാണ് ദുർഗാവതി നൽകുന്നതെന്ന് ഉത്തം കുമാർ ശർമ പറഞ്ഞു. ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നിലവിൽ 60 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 41 ചീറ്റകൾ ഇന്ത്യയിൽ ജനിച്ചവയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

