വനം വെട്ടിത്തെളിച്ച് പദ്ധതികൾ; അനുമതിക്ക് ‘നഷ്ടപരിഹാര വനവൽക്കരണ’ത്തിന്റെ തെളിവ് കാണിക്കണമെന്ന് കേന്ദ്രം
text_fieldsഡൽഹി: നിയമ വിരുദ്ധമായി വനങ്ങൾ വെട്ടിത്തെളിച്ച് നടത്തുന്ന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അന്തിമ അനുമതി ലഭിക്കുന്നതിന് ‘നഷ്ടപരിഹാര വനവൽക്കരണ’ത്തിന്റെ തെളിവ് കാണിക്കണമെന്ന് കേന്ദ്രം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്. വനത്തിന് കോട്ടംതട്ടുന്ന രീതിയിലുള്ള പദ്ധതികൾ സർക്കാരുകൾ നടപ്പാക്കാൻ ശ്രമിച്ചാൽ പകരം അതേ അളവിൽ വനവത്കരണമോ അതല്ലെങ്കിൽ വെട്ടിത്തെളിച്ച വനം പുനഃസ്ഥാപിക്കുകയോ വേണമെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശം. എങ്കിൽ മാത്രമേ അത്തരം പദ്ധതികൾക്ക് കേന്ദ്രം അന്തിമ അനുമതി നൽകൂ.
1980ലെ വനം നിയമപ്രകാരമാണ് മന്ത്രാലയത്തിന്റെ നിർദേശം. അതനുസരിച്ച് വനഭൂമി വെട്ടിത്തെളിച്ച് നടത്തുന്ന പദ്ധതികൾക്ക് പിഴ നഷ്ടപരിഹാരമായി നഷ്ടപരിഹാര വനവത്കരണം നിർദേശിക്കുന്നുണ്ട്. അത്തരം പദ്ധതികൾ ക്രമപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ പാലിക്കാനും വനവത്കരണത്തിന്റെ തെളിവ് സമർപ്പിക്കാനുമാണ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഖനനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വനേതര ആവശ്യങ്ങൾക്കായി വനവിസ്തൃതി നഷ്ടപ്പെടുന്നതിന്റെ ആഘാതം കുറക്കാൻ പുതിയ വനങ്ങൾ സൃഷ്ടിക്കുകയോ നശിച്ച വനങ്ങൾ പുനഃസ്ഥാപിക്കുകയോ ചെയ്യേണ്ട നിർബന്ധിതവും നിയമപരവുമായ ആവശ്യകതയാണ് ‘നഷ്ടപരിഹാര വനവൽക്കരണം’.
വനവത്കരണത്തിന് നിർദേശിക്കപ്പെട്ട ഭൂമിയിന്മേലുള്ള പരിസ്ഥിതി, വനം, കാലാവസ്ഥ മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫിസിൽനിന്നുള്ള പരിശോധനാ റിപ്പോർട്ടും കേന്ദ്രം തേടിയിട്ടുണ്ട്. അതേസമയം ഈ നിർദേശം വനനശീകരണത്തെ സാധാരണവത്കരിക്കുന്ന ഒന്നായി മാറിയേക്കുമെന്ന വിമർശനങ്ങൾ പരിസ്ഥിതി നിരീക്ഷകർ ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

