കേരളത്തിൽ കണ്ടെത്തിയത് കാസ്പിയൻ കടൽക്കാക്കയെന്ന് സ്ഥിരീകരണം
text_fieldsകോഴിക്കോട്: അഞ്ചുവർഷം മുമ്പ് കണ്ട പക്ഷി കാസ്പിയൻ കടൽക്കാക്കയെന്ന് തിരിച്ചറിഞ്ഞു. രാജ്യത്ത് അപൂർവവും തെക്കേ ഇന്ത്യയിൽ അത്യപൂർവവുമായ കാസ്പിയൻ കടൽക്കാക്കയെ (Caspian Gull) 2020 ഫെബ്രുവരിയിൽ കോഴിക്കോട് ജില്ലയിലെ കാപ്പാട് തീരത്തു കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ കടൽക്കാക്കയെ കണ്ടെത്തുന്നത്. പക്ഷി ഗവേഷകനായ ഡോ. അബ്ദുല്ല പാലേരിയാണ് പക്ഷിയെ കണ്ടെത്തി ഫോട്ടോ എടുത്തത്. തെക്കേ ഇന്ത്യയിൽ ഗോവയിൽ മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തിയത്.
കാപ്പാട് തീരത്ത് ഒറ്റക്ക് കടൽത്തീരത്ത് നിൽക്കുന്ന കടൽക്കാക്കയെ ശ്രദ്ധയിൽപെട്ടു. സാധാരണയായി കാണുന്ന കടൽക്കാക്കകളിൽനിന്ന് ചില വ്യത്യാസങ്ങൾ ഉള്ളതിനാൽ തിരിച്ചറിയുക അത്ര എളുപ്പമായിരുന്നില്ല. യൂറോപ്പിലെ ചില കടൽപക്ഷി വിദഗ്ദ്ധരുടെ സഹായത്തോടെയാണ് ഇത് കാസ്പിയൻ കടൽക്കാക്കയാണെന്ന് തിരിച്ചറിഞ്ഞത്.
എങ്കിലും സ്ഥിരീകരണത്തിൽ നേരിയ സംശയമുണ്ടായിരുന്നതിനാൽ ഇതിന്റെ ഫോട്ടോ പക്ഷിനിരീക്ഷകരുടെ വെബ്സൈറ്റായ ഇ-ബേർഡിൽ പ്രസിദ്ധീകരിച്ചു. ഇയിടെയാണ് പ്രശസ്ത പക്ഷിശാസ്ത്രജഞരായ ഓസ്കാർ ക്യാമ്പ്ബെലും ഹാൻസ് ലാർസണും ഈ പക്ഷി കാസ്പിയൻ കടൽക്കാക്കയാണെന്ന് സ്ഥിരീകരിച്ചത്.
മാത്രമല്ല കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലോകത്തെ കടൽപക്ഷി വിദഗ്ധർ ആരും തന്നെ ഈ പക്ഷി മറ്റേതെങ്കിലും ഇനമാണെന്ന് ഇ-ബേർഡിൽ രേഖപ്പടുത്തിയിട്ടില്ല. 2025ൽ പക്ഷിനിരീക്ഷകനായ പ്രവീൺ ജെ. സമാഹരിച്ച ‘ഇന്ത്യയിലെ പക്ഷികൾ: ഒരു പുതിയ സംഗ്രഹം’ എന്ന ഗ്രന്ഥത്തിൽ ഇതിനെ കേരളത്തിലെ ആദ്യത്തെ കാസ്പിയൻ കടൽക്കാക്കയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
2020നു മുമ്പോ ശേഷമോ ഈ പക്ഷിയെ കേരളത്തിൽ കണ്ടെത്തിയതായി അറിയില്ലെന്ന് അബ്ദുല്ല പാലേരി പറഞ്ഞു. കരിങ്കടലിന്റെയും കാസ്പിയൻ കടലിന്റെയും തീരങ്ങളും കസാകിസ്താനുമാണ് ഇതിന്റെ സ്വദേശങ്ങൾ. ശിശിരകാലത്ത് ഈ പക്ഷി ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിലേക്കും ദേശാടനം നടത്താറുണ്ട്.
കേരളതീരത്തു സ്ഥിരമായി ദേശാടനത്തിന് വരുന്ന സ്റ്റെപ്പി കടൽക്കാക്കയോട് ഉറ്റ സാദൃശ്യമുള്ളതുകൊണ്ടാണ് ഇതിനെ തിരിച്ചറിയാൻ പക്ഷിനിരീക്ഷകർ ഏറെ പ്രയാസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

