Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകാലാവസ്ഥ...

കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും പുതിയ ഇരയാകുമോ ‘ടിമ്മി’? പ്രതീക്ഷ ഓപ്പറേഷൻ കുഷ്യൻ മാത്രം

text_fields
bookmark_border
Timmy
cancel

ബെർലിൻ: അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് തീര​ത്തേക്ക് എത്തിയ ഒരു കൂനൻ തിമിംഗലം. പലതവണ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. മാർച്ച് മൂന്ന് മുതലാണ് ജർമനിയിലെ ബാർട്ടിക് കടലിൽ ഈ തിമിംഗലത്തെ കണ്ടുതുടങ്ങിയത്. തിമിംഗലത്തിന്റെ രക്ഷാപ്രവർത്തനം ലോകമെമ്പാടും തത്സമയം സംപ്രേഷണം ചെയ്തു​കൊണ്ടേയിരുന്നു. ടിംമെൻഡോർഫർ സ്ട്രാൻഡിലാണ് കണ്ടത് എന്നതിനാൽ പ്രാദേശിക മാധ്യമങ്ങൾ ആ കൂനൻ തിമിംഗ​ലത്തെ ‘ടിമ്മി’ എന്ന ഓമനപേരിട്ട് വിളിച്ചു.

മാസത്തിലധികമായി ആഴം കുറഞ്ഞ ഭാഗത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു ടിമ്മി. ഒന്നിലധികം രക്ഷാപ്രവർത്തനങ്ങൾ പരാജയപ്പെട്ടതോടെ ടിമ്മി രോഗബാധിതനാകുകയും ആരോഗ്യനില ദുർബലമാകുകയും ചെയ്തു. കിഴക്കൻ ജർമ്മൻ പട്ടണമായ വിസ്മാറിനടുത്തുള്ള ബാൾട്ടിക് കടലിലെ ആഴം കുറഞ്ഞ സമുദ്രത്തിൽ ടിമ്മിക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്നാണ് പലരുടെയും ഭയം. ബാൾട്ടിക് കടലിൽനിന്ന് ആഴം കുറഞ്ഞ ഇടങ്ങളിലൂടെ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് വടക്കൻ കടലിലേക്കും, അവിടെനിന്ന് അറ്റ്ലാന്റിക് സമുദ്രത്തിലേക്കും തിരികെ പോകാൻ ടിമ്മിയുടെ ആരോഗ്യാവസ്ഥ അനുവദിക്കില്ലെന്നാണ് നിഗമനം. തിമിംഗലത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽനിന്ന് ഏറെ അകലെയാണ് ടിമ്മിയിപ്പോൾ. മാർച്ച് മൂന്നുമുതലാണ് ബാൾട്ടിക് തീരത്ത് ടിമ്മിയെ കണ്ടുതുടങ്ങിയത്. മത്സ്യ​ക്കൂട്ടത്തെ പിന്തുടരുമ്പോഴോ ദേശാടനത്തിനിടയിലോ ടിമ്മിയുടെ ദിശാബോധം നഷ്ടപ്പെട്ടതാകാമെന്നാണ് അനുമാനം. പലതവണ ആഴം കുറഞ്ഞ വെള്ളത്തിൽ ടിമ്മി കുടുങ്ങിപ്പോയിയിരുന്നു. ക്രമരഹിതമായാണ് ഇപ്പോൾ തിമിംഗലത്തിന്റെ ശ്വസനം. ദിവസങ്ങളായി നിശ്ചലമായാണ് ടിമ്മിയെ കാണുന്നതും.

ടിമ്മിക്കായി കൈ​കോർത്ത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും

ടിമ്മിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചെറിയ വ്യതിയാനങ്ങൾപോലും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. വിസ്മാറിലെ ബീച്ചിൽ ആക്ടിവിസ്റ്റുകൾ ടിമ്മിയുടെ രക്ഷാപ്രവർത്തനത്തിനായി പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. തിമിംഗലത്തെ കാണാനുള്ള താൽപര്യത്തോടെ ആളുകൾ ഒഴുകിയെത്താൻ തുടങ്ങിയതോടെ കുടുങ്ങികിടക്കുന്ന ടിമ്മിക്ക് സമ്മർദം ഉണ്ടാകാതിരിക്കാനും തിമിംഗല​ത്തിന്റെ അടു​ത്തേക്ക് ആളുകൾ പോകാതിരിക്കാനും പൊലീസ് 500 മീറ്റർ സംരക്ഷണ മേഖല സ്ഥാപിച്ചു. 67 വയസ്സുള്ള സ്ത്രീ തിമിംഗലത്തിന്റെ അടുത്തെത്താൻ ബോട്ടിൽ നിന്ന് ചാടിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. രക്ഷാപ്രവർത്തകർ സ്ത്രീയെ തടയുകയായിരുന്നു.

കാലാവസ്ഥ വ്യതിയാനത്തിന്റെ ഇര

കാലാവസ്ഥാ വ്യതിയാനംമൂലം പരമ്പരാഗത ഭക്ഷ്യ സ്ത്രോതസുകൾ കുറയുന്നതോടെ ചാരനിറത്തിലുള്ള തിമിംഗലങ്ങൾ സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ ഭക്ഷണം തേടാൻ എത്തുന്നത് പതിവാണ്. ഇത് തിമിംഗലങ്ങളും കപ്പലുകളും തമ്മിലുള്ള കൂട്ടിയിടിക്കും സാധ്യത വർധിപ്പിക്കുന്നു. 2018നും 2025നും ഇടയിൽ പ്രദേശത്ത് 70 ചാര തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. നിരവധി തിമിംഗലങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ചാരനിറത്തിലുള്ള തിമിംഗലങ്ങളുടെ ഭൗതികാവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. വടക്കൻ പസഫിക്കിലെ സമുദ്ര താപനിലയിലെ മാറ്റങ്ങൾ അവയുടെ പരമ്പരാഗത ഭക്ഷ്യ സ്രോതസ്സുകളെ ഇല്ലാതാക്കുന്നു. വിശക്കുന്ന തിമിംഗലങ്ങൾ ദേശാടനം ചെയ്യുമ്പോൾ ഗോസ്റ്റ് ചെമ്മീൻ, ഹെറിങ് റോ തുടങ്ങിയ അതുല്യമായ ഇരകളെ തേടിപ്പോകും. സാൻ ഫ്രാൻസിസ്കോ ഉൾക്കടലാണ് ഒരു സാധ്യതയുള്ള ഇടം.


ഭക്ഷ്യ സ്രോതസ്സുകളുടെയും പോഷകാഹാരക്കുറവിന്റെയും പശ്ചാത്തലത്തിൽ, ചാരനിറത്തിലുള്ള തിമിംഗലങ്ങളുടെ എണ്ണത്തിൽ 46 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2001നും 2018നും ഇടയിൽ ഉൾക്കടലിൽ ചാരനിറത്തിലുള്ള തിമിംഗലങ്ങളെ കാണുന്നത് അപൂർവമായ സംഭവമായിരുന്നു. വർഷം നാലെണ്ണത്തിനെയൊക്കെയേ കണ്ടിരുന്നുള്ളൂ. എന്നാൽ അതിനുശേഷം ഈ പ്രദേശത്ത് തിമിംഗലങ്ങളുടെ എണ്ണത്തിൽ വൻവർധനയുണ്ടായതായി കണക്കുകൾ പറയുന്നു.

2018 – 2023 കാലയളവിൽ 114 ചാര തിമിംഗലങ്ങളാണ് സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ പ്രവേശിച്ചത്. ചില തിമിംഗലങ്ങൾ 40 ദിവസത്തിലധികം ഇവിടെ തങ്ങാറുണ്ട്. മറ്റുള്ളവ ഒന്നോ രണ്ടോ ദിവസം മാത്രം തങ്ങി തിരിച്ചുപോകും. പോഷകാഹാരക്കുറവുള്ള തിമിംഗലങ്ങൾ അത്തരം ആവാസ വ്യവസ്ഥകളിൽ കൂടുതൽ കാലം ഭക്ഷണം തേടുന്നതായി മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

സാൻ ഫ്രാൻസിസ്കോ ഉൾക്കടലിലെ ചാരനിറത്തിലുള്ള തിമിംഗലങ്ങളെ ‘ബേ ഗ്രേയ്‌സ്’ എന്നാണ് വിളിക്കുന്നത്. 70 ചാര തിമിംഗലങ്ങൾ ചത്തതിൽ 30 എണ്ണത്തിന് കപ്പലിൽ ഇടിച്ചതിനെ തുടർന്നുണ്ടായ മുറിവിന്റെ തെളിവുകൾ ശരീരത്തിലുണ്ടായിരുന്നു. മറ്റുള്ളവ പോഷകാഹാരക്കുറവ് മൂലമാണ് ചത്തത്. ഉൾക്കടലിൽ പ്രവേശിച്ച ചാര തിമിംഗലങ്ങളിൽ കുറഞ്ഞത് 18 ശതമാനമെങ്കിലും അവിടെവെച്ച് തന്നെ മരിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചത്ത ഒരു തിമിംഗലത്തിന് രക്തസ്രാവവും വാരിയെല്ലുകൾ, തലയോട്ടി, കശേരുക്കൾ എന്നിവയിൽ ഒന്നിലധികം ഒടിവുകളും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുന്ന തിമിംഗലങ്ങളുടെയും ശരീരത്തിൽ കപ്പലുകളുമായി കൂട്ടിയിടിച്ചതിന്റെ തെളിവുകൾ ഉണ്ടായിരുന്നു.

ടിമ്മിയുടെ ആരോഗ്യം

ടിമ്മിയുടെ ആരോഗ്യം വളരെ മോശമാണെന്നാണ് റിപ്പോർട്ടുകൾ. ബാൾട്ടിക് കടലിലെ ഉപ്പുവെള്ളം നിറഞ്ഞ കാലാവസ്ഥ അതിന്റെ ചർമ്മത്തെ വരണ്ടതാക്കുകയും സൂര്യപ്രകാശത്തിൽ പാടുകൾ സൃഷ്ടിക്കുകയും ചെയ്തു. തിമിംഗലം ക്ഷീണിതനാണ്. കൂടാതെ ചലനശേഷിയില്ലായ്മ കാരണം ആന്തരിക അവയവങ്ങൾക്ക് കൂടുതൽ പരിക്കുകൾ സംഭവിച്ചിരിക്കാമെന്ന് വിദഗ്ധർ കരുതുന്നു. ബോട്ട് ഇടിച്ചുള്ള പരിക്കും ടിമ്മിയുടെ ശരീരത്തിലുണ്ടെന്ന് കരുതുന്നു. ഇത് ടിമ്മിയുടെ ആരോഗ്യത്തെ കൂടുതൽ അപകടത്തിലാക്കുന്നു.


രക്ഷാപ്രവർത്തനം

ടിമ്മിയുടെ ആരോഗ്യനില മോശമാണെങ്കിലും രണ്ട് കോടീശ്വരന്മാർ തിമിംഗലത്തെ രക്ഷപ്പെടുത്താൻ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയുടെ സ്ഥാപകനായ വാൾട്ടർ ഗൺസ് ‘ഓപ്പറേഷൻ കുഷ്യൻ’ എന്ന രക്ഷാപ്രവർത്തനത്തിന്റെ സ്​പോൺസർമാരിലൊരാളാണ്. മൂന്നാമത്തെ രക്ഷാപ്രവർത്തനത്തിന് പിന്നിലുള്ള ഗൺസും സംഘവും വിശ്വസിക്കുന്നത് ടിമ്മിയുടെ അതിജീവനത്തിനുള്ള ഏറ്റവും നല്ല സാധ്യത വായു നിറച്ച തലയണകളാണെന്നാണ്. ഇവ ഫ്ലോട്ടുകളായി ഉപയോഗിച്ച് കൂടുതൽ ആഴത്തിലുള്ള വെള്ളത്തിലേക്ക് വലിച്ചെടുക്കാൻ കഴിയുന്ന ഒരു ഉറപ്പിച്ച ടാർപോളിനിൽ തിമിംഗലത്തെ പതുക്കെ ഉരുട്ടുക എന്നതാണ് ലക്ഷ്യം. വിജയിച്ചാൽ ടിമ്മിയെ വടക്കൻ കടലിലേക്കും ഒരുപക്ഷേ അറ്റ്ലാന്റിക്കിലേക്കും പോലും തിരികെയെത്തിക്കാൻ സാധിക്കും.

ടിമ്മിയുടെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്നുകരുതി ഏപ്രിൽ 1ന് സർക്കാർ ധനസഹായത്തോടെയുള്ള രക്ഷാപ്രവർത്തനങ്ങൾ നിർത്തിവച്ചിരുന്നു. ജർമ്മൻ ഓഷ്യാനോഗ്രാഫിക് മ്യൂസിയവും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെറസ്ട്രിയൽ ആൻഡ് അക്വാട്ടിക് വൈൽഡ്‌ലൈഫ് റിസർച്ചും ടിമ്മിയുടെ പരിക്കുകളുടെ തീവ്രത വിവരിച്ചിരുന്നു. ഇപ്പോൾ, പൊതുജന പ്രതിഷേധത്തെ തുടർന്നാണ് മൂന്നാമത്തെ രക്ഷാപ്രവർത്തനം.

ഏപ്രിൽ 16ന് ജർമ്മനിയുടെ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ ബാൾട്ടിക് തീരം സന്ദർശിച്ച് തിമിംഗലത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചർച്ചചെയ്തിരുന്നു. മെക്ലെൻബർഗ്-വെസ്റ്റേൺ പൊമെറാനിയയുടെ പരിസ്ഥിതി മന്ത്രി ബാക്ക്ഹൗസ് ഓപ്പറേഷൻ കുഷ്യൻ എന്നറിയപ്പെടുന്ന സ്വകാര്യ രക്ഷാപ്രവർത്തനത്തിന് അംഗീകാരം നൽകുകയും ചെയ്തു. രക്ഷാപ്രവർത്തനം വിജയകരമാണോ എന്നറിയാൻ കാത്തിരിക്കുകതന്നെ വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Germanywhale
News Summary - Can Inflatable Cushions Save Timmy the Whale
Next Story