Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightകറുത്ത പാടുകൾ...

കറുത്ത പാടുകൾ വില്ലനായി; ബംഗാളിന്റെ അഭിമാനമായ ഹിംസാഗർ മാമ്പഴം കയറ്റുമതി പ്രതിസന്ധിയിൽ

text_fields
bookmark_border
കറുത്ത പാടുകൾ വില്ലനായി; ബംഗാളിന്റെ അഭിമാനമായ ഹിംസാഗർ മാമ്പഴം കയറ്റുമതി പ്രതിസന്ധിയിൽ
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രശസ്തമായ ഹിംസാഗർ മാമ്പഴങ്ങൾക്ക് വിപണിയിൽ വൻ തിരിച്ചടി. മാമ്പഴങ്ങളുടെ പുറംതൊലിയിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ സീസണിലെ അന്താരാഷ്ട്ര കയറ്റുമതി പ്രതിസന്ധിയിലായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ ക‍‍‍‍ർശനമായ ​ഗുണനിലവാര മാനദണ്ഡങ്ങൾ മൂലം പാടുകൾ വീണ മാമ്പഴങ്ങൾ വൻ തോതിൽ നിരസിക്കപ്പെടുകയാണ്.

കഴിഞ്ഞ വർഷം കേവലം 15 മെട്രിക് ടൺ മാമ്പഴം മാത്രമാണ് ഈ മേഖലയിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ ഈ വർഷം പശ്ചിമ ബംഗാൾ ഹോർട്ടികൾച്ചർ വകുപ്പും കയറ്റുമതിക്കാരും ചേർന്ന് അത് 300 മുതൽ 500 മെട്രിക് ടൺ ആയി ഉയർത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ വലിയ സ്വപ്നത്തിനാണ് നിലവിലെ കാലാവസ്ഥ വില്ലനായിരിക്കുന്നത്. മാമ്പഴത്തിലെ കറുത്ത പാടുകൾ രോഗബാധയുടെ ലക്ഷണമായതിനാൽ വിദേശ രാജ്യങ്ങളിലെ ഗുണനിലവാര പരിശോധനകളിൽ ഇവ നിരസിക്കപ്പെടാൻ സാധ്യത കൂടുതലാണ്.

മാമ്പഴങ്ങളുടെ ഭംഗിയും ഗുണനിലവാരവും നിലനിർത്താനും കീടങ്ങളിൽ നിന്നും രോ​ഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുമായി കർഷകർ ഇത്തവണ വ്യാപകമായി ഫ്രൂട്ട് ബാഗിങ് രീതി ഉപയോഗിച്ചിരുന്നു (മാമ്പഴങ്ങൾ ചെറുതായിരിക്കുമ്പോൾ തന്നെ പ്രത്യേക തരം പേപ്പർ കവറുകളിൽ പൊതിഞ്ഞു സംരക്ഷിക്കുന്ന രീതി). എന്നാൽ കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം ഈ സാങ്കേതികവിദ്യക്ക് തിരിച്ചടിയായി. മാമ്പഴം കവറുകളിൽ പൊതിഞ്ഞ ഘട്ടത്തിൽ മേഖലയിൽ വലിയ രീതിയിൽ മഴ പെയ്തു. ഇതോടെ കവറുകൾക്കുള്ളിൽ വലിയ തോതിൽ ഈർപ്പം തങ്ങിനിൽക്കുകയും ചെയ്തു.

മഴക്ക് തൊട്ടുപിന്നാലെ താപനില കുത്തനെ ഉയരുകയും ചെയ്തു. ഇതോടെ കവറുകൾക്കുള്ളിലെ ഈർപ്പവും പുറത്തെ കഠിനമായ ചൂടും ചേർന്നപ്പോൾ ഫംഗസ് ബാധക്ക് കാരണമാവുകയും മാമ്പഴത്തിന്റെ പുറത്ത് കറുത്ത പാടുകളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഈ പാടുകൾ മാമ്പഴങ്ങളെ ബാധിക്കുന്ന ആന്തരിക രോഗങ്ങളുടെ പ്രാരംഭ ലക്ഷണമായതിനാൽ ഇവ കയറ്റി അയച്ചാൽ വിദേശ തുറമുഖങ്ങളിൽ വെച്ച് തന്നെ തള്ളിക്കളയാൻ സാധ്യതയുണ്ടെന്ന് കയറ്റുമതിക്കാർ ചൂണ്ടിക്കാണിക്കുന്നു.

മാൽഡ ജില്ലയിൽ നിന്നും ഈ സീസണിൽ അമേരിക്കയിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്ന ഒരു ടൺ ഹിംസാഗർ മാമ്പഴത്തിന്റെ ആദ്യ കൺസൈൻമെന്റ് ഇതേത്തുടർന്ന് റദ്ദാക്കേണ്ടി വന്നു. വിദേശ രാജ്യങ്ങളിലെയും പ്രമുഖ ഓർഗനൈസ്ഡ് റീട്ടെയ്‌ൽ ശൃംഖലകളിലെയും നിയമപ്രകാരം ചെറിയൊരു പാടുപോലുമില്ലാത്ത മാമ്പഴങ്ങൾ മാത്രമേ വിപണനത്തിന് അനുവദിക്കുകയുള്ളൂ.

മാൽഡ, മുർഷിദാബാദ് തുടങ്ങിയ ജില്ലകളിൽ നിന്ന് ഇത്തവണ 300 മെട്രിക് ടണ്ണിലധികം മാമ്പഴങ്ങളും ലിച്ചികളും കയറ്റി അയക്കുക എന്നതായിരുന്നു ഹോർട്ടികൾച്ചർ വകുപ്പിന്റെയും വ്യാപാരികളുടെയും ലക്ഷ്യം. എന്നാൽ അപ്രതീക്ഷിത പ്രതിസന്ധി ഈ ലക്ഷ്യത്തിന് വലിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്. പാടുകളില്ലാത്ത നല്ലയിനം ഹിംസാഗർ മാമ്പഴങ്ങളുടെ ലഭ്യത കുറഞ്ഞതോടെ കൊൽക്കത്ത ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ മാമ്പഴ വില കുത്തനെ ഉയർന്നു.നിലവിൽ കയറ്റുമതിക്കാർക്ക് ഓർഡറുകൾ പൂർത്തിയാക്കാൻ വലിയ തോട്ടങ്ങളിൽ നിന്ന് വളരെ കുറഞ്ഞ അളവിൽ മാത്രമേ പാടുകളില്ലാത്ത മാമ്പഴങ്ങൾ കണ്ടെത്താൻ സാധിക്കുന്നുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Bengalexportcrisismango
News Summary - Black spots become the villain; Himsagar mango, the pride of Bengal, is in export crisis
Next Story