കുരയ്ക്കുന്ന മാൻ, ഹണി ബാഡ്ജർ, ഈനാംപേച്ചി...; പുരുലിയ വന്യജീവി സങ്കേതത്തിലെ ത്രില്ലർ ചിത്രങ്ങൾ വെളിപ്പെടുത്തി ട്രാപ്പ് കാമറകൾ
text_fieldsഹണി ബാഡ്ജർ
കൊൽക്കത്ത: കുരയ്ക്കുന്ന മാൻ, ഹണി ബാഡ്ജർ, പൂർണ്ണവളർച്ചയെത്തിയ പുള്ളിപ്പുലി (പാന്തേര പാർഡസ്), ഇന്ത്യയിലെ ഏറ്റവും വലിയ സസ്തനി മുതൽ ഭൂഗോളത്തിലെ ഏറ്റവും ചെറിയ പൂച്ചകളിലൊന്നു വരെ...! കഴിഞ്ഞ ഒരു വർഷമായി പലവിധ കാട്ടു മൃഗങ്ങളുടെ അപൂർവ ദൃശ്യങ്ങളും ജൈവവൈവിധ്യവും പകർത്തി പുറംലോകത്തിനു മുന്നിലെത്തിച്ചിരിക്കുകയാണ് ജാർഖണ്ഡുമായി അതിർത്തി പങ്കിടുന്ന ബംഗാളിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ജില്ലയായ പുരുലിയയിലെ വനത്തിൽ സ്ഥാപിച്ചിട്ടുള്ള ട്രാപ്പ് കാമറകൾ.
ബംഗാൾ വനം വകുപ്പുമായി സഹകരിച്ച് ഒരു എൻ.ജി.ഒ ആണ് കോട്‌ഷില വനത്തിന്റെ ഒരു പോക്കറ്റിൽ ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചത്. ‘കുരയ്ക്കുന്ന മാൻ’ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന ഇന്ത്യൻ മുണ്ട്ജാക്ക് (മുണ്ട്യാക്കസ് മുണ്ട്ജാക്ക്) നിന്നാണ് ഇതിലെ ദൃശ്യങ്ങൾ ആരംഭിക്കുന്നത്. അതിന്റെ കണ്ണുകൾ ഇരുട്ടിൽ തിളങ്ങുന്നു. പകൽ വെളിച്ചത്തിൽ ചിത്രീകരിച്ച ഒരു ക്ലിപ്പിൽ രണ്ട് പുള്ളിപ്പുലികൾ പരസ്പരം ആലിംഗനം ചെയ്യുന്നതായി അതിൽ കാണിക്കുന്നു. ഭക്ഷണം തേടി ഒരു ചെറിയ ഇന്ത്യൻ വെട്ടുകിളി (വിവേറിക്കുല ഇൻഡിക്ക) പ്രത്യക്ഷപ്പെടുന്നു. പിന്നെ, രംഗപ്രവേശം ചെയ്യുന്നത് ഒരു സ്ലോത്ത് കരടിയാണ് (മെലുർസസ് ഉർസിനസ്). ആദ്യം പതുക്കെ നീങ്ങുകയും പിന്നീട് പെട്ടെന്ന് വേഗത കൈവരിക്കുകയും ചെയ്യുന്നു.
ബംഗാളിൽ ആദ്യമായി ക്ലിക്കുചെയ്യപ്പെട്ട ഒരു ‘ഹണി ബാഡ്ജർ’ (മെല്ലിവോറ കാപെൻസിസ്) ലോകത്തിലെ ഏറ്റവും ഭയമില്ലാത്ത മൃഗങ്ങളിൽ ഒന്നായി പ്രശസ്തി നേടിയ വളരെ വലിയ വേട്ടക്കാർക്കെതിരെ പോരാടാൻ തയ്യാറായ ഒരു ചെറിയ മാംസഭോജിയാണ്.
ഒരു ഇന്ത്യൻ ഈനാംപേച്ചിയും (മാനിസ് ക്രാസിക്കോഡാറ്റ) ഹ്രസ്വ നേരത്തേക്ക് പ്രത്യക്ഷപ്പെടുന്നു. ചെതുമ്പലകളുള്ളതും രാത്രിയിൽ ജീവിക്കുന്നതുമായ ഈനാംപേച്ചികൾ ലോകത്തിലെ ഏറ്റവും കൂടുതൽ വേട്ടയാടപ്പെടുന്ന സസ്തനികളിൽ ഒന്നാണ്. അവയുടെ ചെതുമ്പലിനും മാംസത്തിനും വേണ്ടിയാണിത്. ഇതിൽ ഭൂരിഭാഗവും ചൈനയിലേക്കും ബാക്കിയുള്ളത് പരമ്പരാഗത മരുന്നുകളിൽ ഉപയോഗിക്കുന്നതിനായി തെക്കുകിഴക്കൻ ഏഷ്യയിലേക്കും കടത്തുന്നു.
അടുത്തതായി വന്നത് ലോകത്തിലെ ഏറ്റവും ചെറിയ പൂച്ചകളിൽ ഒന്നായ പുള്ളിപ്പൂച്ച (പ്രിയോനൈലുറസ് റൂബിഗിനോസസ്) ആണ്. ഇത് ഒരു പൂച്ചക്കുട്ടിയെപ്പോലെയാണ് കാണപ്പെടുന്നത്. പിന്നിൽ തുരുമ്പിച്ച തവിട്ട് പാടുകളും ചെറു വാലും ഉണ്ട്. ബംഗാളിലെ ഈ ഇനത്തിന്റെ ആദ്യത്തെ ഔപചാരിക രേഖയാണിതെന്ന് വനപാലകർ പറഞ്ഞു. അവസാനം ഒരു ആന പ്രത്യക്ഷപ്പെടുന്നു. അതിന്റെ താഴത്തെ ശരീരം തുമ്പിക്കൈയുടെ ഒരു ഭാഗം കൊമ്പുകൾ എന്നിവ മാത്രമേ ദൃശ്യമാകുന്നുള്ളൂ.
ജനുവരിയിൽ ആണ് കാമറകൾ സ്ഥാപിച്ചത്. ‘ഹ്യൂമൻ ആൻഡ് എൻവയോൺമെന്റ് അലയൻസ് ലീഗ്’ (ഹീൽ) എന്ന എൻ.ജി.ഒ നടത്തിയ ഈനാംപേച്ചി സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഇത് സ്ഥാപിച്ചത്. ‘ചിത്രങ്ങൾ ഒഴുകിയെത്താൻ തുടങ്ങിയപ്പോൾ ഞങ്ങൾ സന്തോഷിച്ചു. കാമറകൾ 8 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. 50 ചതുരശ്ര കിലോമീറ്ററിലാണ് കോട്ഷില വനം. അതിനാൽ ഈ ജൈവവൈവിധ്യം ഒരു വനത്തിന്റെ ഒരു ചെറിയ ഭാഗത്ത് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന്’ ഹീലിന്റെ പ്രോജക്ട് കോർഡിനേറ്റർ വസുധ മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

