കാലാവസ്ഥാ പ്രതിസന്ധി ലഘൂകരിക്കുന്നതിൽ വ്യോമയാന വ്യവസായം പരാജയമെന്ന്
text_fieldsന്യൂഡൽഹി: കാലാവസ്ഥാ പ്രതിസന്ധി ലഘൂകരിക്കുന്നതിൽ സ്വന്തം പങ്ക് കൈകാര്യം ചെയ്യുന്നതിൽ വ്യോമയാന വ്യവസായം ദയനീയമായി പരാജയപ്പെടുന്നതായി വ്യോമയാന പ്രൊഫഷണലുകളുടെ ഒരു സംഘം. പറക്കാനുള്ള അഭിനിവേശത്തിനും ഭൂഗോളത്തെ സംബന്ധിച്ചുള്ള ഉത്കണ്ഠക്കും ഇടയിൽ തങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും വിമാനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നത് ഉൾപ്പടെ വ്യോമയാന വ്യവസായത്തിന്റെ അടിസ്ഥാനപരമായ പരിവർത്തനത്തിന് തങ്ങൾ ആഹ്വാനം ചെയ്യുന്നുവെന്നും ‘കോൾ ഏവിയേഷൻ ടു ആക്ഷൻ’ എന്ന പേരിലുള്ള ഗ്രൂപ് പറയുന്നു.
കാർബൺ ബഹിർഗമനം കുറക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് ഈ വ്യവസായം ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെങ്കിലും വിമാനങ്ങളുടെ എണ്ണം ആവശ്യപ്പെടുന്ന ബിസിനസ് മോഡലിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അവർ പറയുന്നു. കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുമ്പോൾ കടുത്ത നിയന്ത്രണം ആവശ്യമായി വരുമെന്നതിനാൽ, ഈ വ്യവസായത്തിൽനിന്നും കാര്യമായ കാലാവസ്ഥാ നടപടികളുടെ അഭാവം മേഖലയുടെ സാശത്തിന് വഴിവെക്കുമെന്നും ഗ്രൂപ് പറയുന്നു.
വ്യോമയാനത്തിന് ചെയ്യാൻ കഴിയുന്ന നന്മകൾ ഞങ്ങൾ കാണാതിരിക്കുന്നില്ല. പക്ഷേ, ലോകത്തിന് അതിന്റെ നല്ല സംഭാവനകൾ നൽകുന്നതിന് നമ്മുടെ വ്യവസായത്തെ പുനഃർനിർമിക്കണമെന്നും ഗ്രൂപ്പിന്റെ സഹസ്ഥാപകൻ കരേൽ ബോക്ക്സ്റ്റേൽ പറഞ്ഞു.
അന്താരാഷ്ട്ര സ്വഭാവം കാരണം വ്യോമയാന മേഖലയിൽ നിന്നുള്ള കാർബൺ ബഹിർഗമനം ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സംഘടനയുടെ ദേശീയ പദ്ധതികളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതേസമയം, ഐക്യരാഷ്ട്രസഭയുടെ വ്യോമയാന സംഘടനയായ ‘ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷ’നെ (ഐ.സി.എ.ഒ) ഭൂമിയെ ചൂടാക്കുന്ന വാതകങ്ങളെ നേരിടാൻ ചുമതലപ്പെടുത്തിയിരിക്കുന്നു.
എന്നാൽ, ഐ.സി.എ.ഒ ആ ഉത്തരവാദിത്തത്തിൽ നാടകീയമായി പരാജയപ്പെടുന്നതായി ബോക്ക്സ്റ്റേൽ പറഞ്ഞു. നമ്മൾ നടപടിയെടുത്തില്ലെങ്കിൽ 2050 ആകുമ്പോഴേക്കും വ്യോമയാനരംഗത്തെ കാർബൺ പുറന്തള്ളൽ മനുഷ്യൻ മൂലമുണ്ടാകുന്ന എല്ലാ ഉദ്‌വമനങ്ങളുടെയും നാലിലൊന്ന് ആയിത്തീരും. അത് വളരെ ലജ്ജാകരമായ ഒരു സമുപനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പറക്കലിന്റെ മാന്ത്രികത ഞങ്ങൾ ഇഷ്ടപ്പെടുന്നു. പക്ഷേ, അത് നശിപ്പിക്കപ്പെടുമെന്നതും മുൻകൂട്ടി കാണുന്നു. അതു തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സംരംഭം വ്യോമയാന പ്രൊഫഷണലുകളുടെ ഒരു വലിയ സംഘത്തെ സംസാരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം അവരാണ് നിശബ്ദ ഭൂരിപക്ഷം. നിശബ്ദത വെടിഞ്ഞ് നമ്മുടെ വ്യവസായ നേതാക്കളെ ഈ പരിവർത്തനത്തിന്റെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്’ - അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

