മരുഭൂമിയിലെ കാമറയിലൊരു അതിഥി; അറേബ്യൻ മണൽപൂച്ച
text_fieldsപരിസ്ഥിതി മന്ത്രാലയം സ്ഥാപിച്ച കാമറയിൽ പതിഞ്ഞ
മണൽപൂച്ചയുടെ ദൃശ്യം
ദോഹ: മരുഭൂമിയിലെ നിരീക്ഷണത്തിനായി ഖത്തർ പരിസ്ഥിതി മന്ത്രാലയം സ്ഥാപിച്ച കാമറയിൽ കഴിഞ്ഞ ദിവസം അപൂർവങ്ങളിൽ അപൂർമായൊരു അതിഥി പ്രത്യക്ഷപ്പെട്ടു. വംശനാശ ഭീഷണി പട്ടികയിലുള്ള, ഖത്തറിൽ അപൂർവമായി മാത്രം കാണപ്പെടുന്ന അറേബ്യൻ മണൽപൂച്ച. നിരീക്ഷണ കാമറയിൽ പതിഞ്ഞ പൂച്ചയുടെ ചിത്രം പരിസ്ഥിതി മന്ത്രാലയം അധികൃതർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
കാഴ്ചയിൽ വീടുകളിൽ വളർത്തുന്ന പൂച്ചതന്നെ. വലിയ വലുപ്പവുമില്ല. മണൽ നിറത്തിലെ രോമങ്ങളും മങ്ങിയ കറുത്ത വരകളും പുള്ളികളുമായി സുന്ദരൻ രൂപം. ഇരു ചെവികളും വശങ്ങളിലേക്കായി നീണ്ട് ഉയർന്നു നിൽക്കുന്നു. മരുഭൂമികളിൽ മണൽപൂച്ചയുടെ സാന്നിധ്യം തിരിച്ചറിയുന്നതിനായി സ്ഥാപിച്ച കാമറയിലേക്കാണ് പുതിയ അതിഥി കയറിയെത്തിയത്. നേരത്തേ സൗദി അറേബ്യ, കുവൈത്ത് രാജ്യങ്ങളിലെ മരുഭൂമികളിൽ കണ്ടെത്തിയ മണൽപൂച്ചയുടെ സാന്നിധ്യം ഖത്തറിലും തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം.
വീടുകളിലെ ഒമാനയായി വി.ഐ.പി പരിഗണനയിലാണ് നമ്മുടെ നാട്ടുപുച്ചകളുടെ വാസമെങ്കിൽ, മാളങ്ങളിലും കല്ലുകളും പാറകളും നിറഞ്ഞ പൊത്തുകളിലും മറ്റുമാണ് മണൽപൂച്ചകളുടെ താമസം. സാധാരണയായി ആഫ്രിക്കയിലെ സഹാറ മരുഭൂമി, അറേബ്യൻ ഉപദ്വീപിന്റെ ചില ഭാഗങ്ങൾ, മധ്യേഷ്യയിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാത്രമാണ് ഈ ഇനം പൂച്ചകളെ കാണപ്പെടുന്നത്.
മരുഭൂമിയിൽ സ്ഥാപിച്ച കാമറ വിദഗ്ധ സംഘം പരിശോധിക്കുന്നു
മണലും കല്ലുകളും നിറഞ്ഞതും ജലം അത്യപൂർവവുമായ മരുഭൂമികളിലാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. മരുഭൂവാസത്തിന് അനുയോജ്യമായ രോമങ്ങൾ നിറഞ്ഞ ശരീരഘടനയാണ് മണൽപൂച്ചകൾക്കുള്ളത്. അതികഠിനമായ ചൂടും തണുപ്പുമുള്ള മരുഭൂമികളിൽ ഇവക്ക് അനായാസം ജീവിക്കാൻ കഴിയും.
കാണാൻ ഓമനയാണെങ്കിലും സ്വഭാവത്തിൽ ആള് പിശകാണെന്ന് നിരീക്ഷകർ പറയുന്നു. മനുഷ്യരോട് ഒട്ടും ഇണങ്ങാത്ത ആക്രമണ സ്വഭാവമുള്ള ആളാണ് ഇയാൾ.
കഴിഞ്ഞ 20 വര്‍ഷമായി വംശനാശഭീഷണി നേരിടുന്നതിനാല്‍ ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വര്‍ മണല്പൂച്ചകള്ക്കായുള്ള സംരക്ഷണ പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

