Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightവന്യജീവികൾ ഏറ്റവും...

വന്യജീവികൾ ഏറ്റവും അധികം ഭയക്കുന്നത് സിംഹത്തെയല്ല, മനുഷ്യനെ...

text_fields
bookmark_border
lion
cancel
camera_altസിംഹം

സിംഹങ്ങളെയാണ് 'കാട്ടിലെ രാജാവ്' എന്ന് നമ്മൾ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ആഫ്രിക്കൻ വന്യജീവികൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് സിംഹത്തെയല്ല, മറിച്ച് മനുഷ്യനെയാണെന്ന് പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. വന്യജീവികളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ മനുഷ്യൻ എത്രമാത്രം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ പഠനഫലങ്ങൾ. സയൻസ് അലർട്ട് റിപ്പോർട്ട് ചെയ്ത ഈ പഠനം വന്യജീവി സംരക്ഷണ മേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സിംഹക്കൂട്ടം അധിവസിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റർ ക്രൂഗർ നാഷണൽ പാർക്കിലാണ് ഗവേഷകർ പരീക്ഷണം നടത്തിയത്. വന്യജീവികൾ വിവിധ ഭീഷണികളെ എങ്ങനെ നോക്കിക്കാണുന്നു എന്ന് മനസ്സിലാക്കാൻ, പാർക്കിലെ ജലസ്രോതസ്സുകൾക്ക് സമീപം ഗവേഷകർ അത്യാധുനിക കാമറകളും ഓഡിയോ റെക്കോർഡിങ് ഉപകരണങ്ങളും സ്ഥാപിച്ചു.

മനുഷ്യർ തമ്മിൽ സംസാരിക്കുന്ന ശബ്ദം, തോക്കുപയോഗിച്ചുള്ള വെടിവെപ്പ്, നായകളുടെ കുര എന്നിവയും, സിംഹത്തിന്റെ ഗർജ്ജനം, അലർച്ച തുടങ്ങിയ ശബ്ദങ്ങളും വന്യജീവികൾക്ക് കേൾപ്പിച്ചു കൊടുത്തു. ആനകൾ, കാണ്ടാമൃഗങ്ങൾ, ജിറാഫുകൾ, സീബ്രകൾ, പുള്ളിപ്പുലികൾ, കഴുതപ്പുലികൾ തുടങ്ങി 19 തരം വന്യജീവികളെയാണ് പഠനവിധേയമാക്കിയത്.

പഠനത്തിൽ ഭൂരിഭാഗം മൃഗങ്ങളും സിംഹത്തിന്റെ ശബ്ദത്തേക്കാൾ ഇരട്ടി ഭയത്തോടെയാണ് മനുഷ്യന്റെ സംസാരശബ്ദത്തോട് പ്രതികരിച്ചത്. മനുഷ്യന്റെ ശബ്ദം കേട്ട ഉടൻ തന്നെ മൃഗങ്ങൾ പരിഭ്രമത്തോടെ സ്ഥലത്തുനിന്ന് ഓടിപ്പോകുന്നതായാണ് കണ്ടത്. മനുഷ്യൻ ഈ ഭൂമിയിലെ ഏറ്റവും വലിയ 'സൂപ്പർ പ്രിഡേറ്റർ' ആണെന്ന് വന്യജീവികൾക്ക് കൃത്യമായി അറിയാമെന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ കൺസർവേഷൻ ബയോളജിസ്റ്റ് മൈക്കൽ ക്ലിഞ്ചിയുടെ അഭിപ്രായത്തിൽ, മനുഷ്യരോടുള്ള ഈ ഭയം മൃഗങ്ങളിൽ ആഴത്തിൽ വേരൂന്നിയതാണ്. വേട്ടയാടൽ നിരോധിച്ചിട്ടുള്ള സംരക്ഷിത വനമേഖലകളിൽ താമസിക്കുന്ന മൃഗങ്ങൾ പോലും മനുഷ്യസാന്നിധ്യത്തോട് ഒട്ടും പൊരുത്തപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആസ്‌ട്രേലിയയിൽ നടത്തിയ സമാനമായ പഠനങ്ങളിലും കാംഗാരുക്കൾ തങ്ങളുടെ സ്വാഭാവിക ശത്രുക്കളേക്കാൾ കൂടുതൽ ഭയത്തോടെ മനുഷ്യന്റെ ശബ്ദത്തോട് പ്രതികരിക്കുന്നതായി കണ്ടെത്തിയിരുന്നു.

മനുഷ്യന്റെ ശബ്ദം വന്യജീവികളെ ഭയപ്പെടുത്തുന്നുണ്ടെന്ന കണ്ടെത്തൽ മൃഗസംരക്ഷണത്തിന് ഗുണകരമായി ഉപയോഗിക്കാമോ എന്ന് ശാസ്ത്രലോകം പരിശോധിക്കുന്നുണ്ട്. വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃഗങ്ങളെ വേട്ടക്കാർ സജീവമായ പ്രദേശങ്ങളിൽ നിന്ന് അകറ്റി നിർത്താൻ മനുഷ്യന്റെ ശബ്ദമുള്ള റെക്കോർഡിങ്ങുകൾ ഉപയോഗിക്കാമോ എന്നാണ് ഗവേഷകർ പരിശോധിക്കുന്നത്.

എന്നാൽ, നിരന്തരമായ ഭയം മൃഗങ്ങളുടെ പെരുമാറ്റത്തെയും ജീവിതരീതിയെയും ദോഷകരമായി ബാധിക്കുമെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ വന്യജീവികളുടെ എണ്ണം കുറയാൻ കാരണമാകുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. കറന്റ് ബയോളജിയിലും പിന്നീട് പ്രൊസീഡിങ്സ് ഓഫ് ദ റോയൽ സൊസൈറ്റി ബിയിലും ഈ പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForesthumanPredatorEnvironment Newspride of lionswildlifeEcosystem
News Summary - Animals Fear Humans More Than Lions
Next Story