നാഷണൽ ജിയോഗ്രാഫിക് സ്ലിങ്ഷോട്ട് ചലഞ്ചിൽ തിളങ്ങി ആന്ധ്രയിൽ നിന്നുള്ള ‘സ്നേക്ക് സ്പീക്ക്’ പ്രൊജക്റ്റ്; ആദ്യ 50-ൽ ഇടംനേടി ആഗോള അംഗീകാരം
text_fieldsഅമരാവതി: ആഗോളതലത്തിൽ യുവ പരിസ്ഥിതി പ്രവർത്തകർക്കായി നടത്തുന്ന പ്രശസ്തമായ 'നാഷണൽ ജിയോഗ്രാഫിക് സ്ലിങ്ഷോട്ട് ചലഞ്ചിൽ' അപൂർവ നേട്ടവുമായി ഇന്ത്യയിൽ നിന്നുള്ള ഒരു വന്യജീവി സംരക്ഷണ സംരംഭം. ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സ്നേക്ക് സ്പീക്ക്' എന്ന പരിസ്ഥിതി-വന്യജീവി സംരക്ഷണ പദ്ധതിയാണ് ലോകത്തിലെ ഏറ്റവും മികച്ച 50 പ്രൊജക്റ്റുകളുടെ പട്ടികയിൽ ഇടംപിടിച്ചത്.
നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയും 'വീഡിയോസ് ഫോർ ചേഞ്ചും' സംയുക്തമായി സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര മത്സരത്തിൽ വന്യജീവി പ്രേമിയായ സമ്പത്ത് കാന്തിമഹന്തിയുടെ സ്നേക്ക് സ്പീക്ക് എന്ന പദ്ധതിയുടെ ഭാഗമായി സമർപ്പിച്ച "ലേണിങ് ടു കോഎക്സിസ്റ്റ് വിത്ത് സ്നേക്സ് " (പാമ്പുകളോടൊപ്പം സഹവർത്തിത്വത്തോടെ ജീവിക്കാൻ പഠിക്കുക) എന്ന ഹ്രസ്വ വീഡിയോക്ക് പ്രത്യേക പരാമർശവും ലഭിച്ചു. 104 രാജ്യങ്ങളിൽ നിന്നായി 2,300-ലധികം എൻട്രികളിൽ നിന്നാണ് ആന്ധ്രയിലെ യുവാക്കളുടെ കൂട്ടായ്മ ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
ആന്ധ്രാപ്രദേശിലെ ഉൾഗ്രാമങ്ങളിൽ പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാൻ, പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സ്നേക്ക് സ്പീക്ക് ആരംഭിച്ചത്. പ്രത്യേകിച്ച് പാമ്പുകളെ പതിവായി കാണുന്ന പ്രദേശങ്ങളിൽ ,ജനങ്ങൾക്കിടയിലെ ഭീതി, പാമ്പുകളെ അനാവശ്യമായി കൊല്ലൽ, സുരക്ഷിതമല്ലാത്ത രക്ഷാപ്രവർത്തന ശ്രമങ്ങൾ എന്നിവയിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്.
വർഷങ്ങളായി ഈ സംരംഭം ഗ്രാമീണ സമൂഹങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ നിരവധി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ഗ്രാമങ്ങളിലും സ്കൂളുകളിലും നേരിട്ടെത്തി വിഷപ്പാമ്പുകളെയും വിഷമില്ലാത്തവയെയും തിരിച്ചറിയാനുള്ള ക്ലാസുകൾ നൽകുന്നു. പാമ്പുകടിയേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷ, വന്യജീവികളോടുള്ള ഉത്തരവാദിത്തപരമായ സമീപനം എന്നിവയെക്കുറിച്ചുള്ള നിരവധി ബോധവത്കരണ പരിപാടികൾ ഈ സംരംഭം ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. കിഴക്കൻ ഘട്ടമലനിരകളിലെ ആന്ധ്രാപ്രദേശ്-ഒഡിഷ അതിർത്തി മേഖലകൾ, പാലകൊണ്ട, സീതാംപേട്ട എന്നിവിടങ്ങളിലും പാമ്പുകടിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠന സർവേ നടത്താനുള്ള പദ്ധതിയും സ്ലിങ്ഷോട്ട് ചലഞ്ചിന്റെ വിലയിരുത്തൽ ഘട്ടത്തിൽ പ്രശംസിക്കപ്പെട്ടിരുന്നു
ഈ അന്താരാഷ്ട്ര അംഗീകാരം നൽകിയ ആത്മവിശ്വാസത്തോടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാനാണ് സ്നേക്ക് സ്പീക്ക് ടീമിന്റെ തീരുമാനം. വനമേഖലയോട് ചേർന്ന് ജീവിക്കുന്ന വിദ്യാർത്ഥികൾക്കായി ഗവേഷകരുടെ നേതൃത്വത്തിൽ പ്രത്യേക വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കാനും, കൂടുതൽ സന്നദ്ധപ്രവർത്തകർക്ക് ശാസ്ത്രീയമായ പാമ്പ് പിടിത്തത്തിൽ പരിശീലനം നൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്.
“പാമ്പുകളെക്കുറിച്ചുള്ള ഭയവും അന്ധവിശ്വാസങ്ങളും കുറക്കുകയും സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബോധവത്കരണ പരിപാടികൾ, വിദ്യാഭ്യാസ ഉള്ളടക്കങ്ങൾ, രക്ഷാപ്രവർത്തന സഹായങ്ങൾ എന്നിവയിലൂടെയാണ് ഇപ്പോൾ പദ്ധതി മുന്നോട്ട് പോകുന്നത്. ഇതിന്റെ അനുകൂല ഫലങ്ങൾ ക്രമേണ കാണാൻ കഴിയുന്നുണ്ട്,” എന്ന് സമ്പത് കാന്തിമഹന്തി പറഞ്ഞു.
ഭാവിയിൽ രക്ഷാപ്രവർത്തന പരിശീലന പരിപാടികൾ, ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള ബോധവത്കരണ സെഷനുകൾ, ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസ ശിൽപശാലകൾ എന്നിവ ആരംഭിക്കാനാണ് പദ്ധതിയുള്ളത്. ഡിബിഎസ് ഗ്ലോബൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരും പദ്ധതിയുമായി സഹകരിക്കുന്ന ഗവേഷകരും ഈ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുമെന്നാണ് അറിയിച്ചത്.
ആവാസവ്യവസ്ഥകളിലെ സമ്മർദ്ദവും മനുഷ്യവാസ കേന്ദ്രങ്ങളുടെ വ്യാപനവും മൂലം മനുഷ്യരും വന്യജീവികളും തമ്മിലുള്ള സമ്പർക്കം വർധിച്ചുവരുന്ന പ്രദേശങ്ങളിൽ, ബോധവത്കരണത്തെ അടിസ്ഥാനമാക്കിയുള്ള സംരക്ഷണ സമീപനങ്ങൾ കൂടുതൽ പ്രാധാന്യമാർജിക്കുന്നതായി സംരക്ഷണ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കുറക്കുന്നതിനും സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ നിർണായകമാണെന്നും അവർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

