സംരക്ഷണ പ്രവൃത്തി പൂർത്തിയായി; ചെമ്പൊട്ടിക്കുന്നിൽ കണ്ടെത്തിയത് ചരിത്രശേഷിപ്പുകളുടെ വിസ്മയ ശേഖരം
text_fieldsചെമ്പൊട്ടിക്കുന്നിൽ കണ്ടെത്തിയ കുടക്കല്ല്
പയ്യന്നൂർ: പുരാവസ്തു വകുപ്പ് സംരക്ഷണ പ്രവൃത്തികളും പരിശോധനയും നടത്തിയ കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ മാലാപ്പ് ചെമ്പൊട്ടിക്കുന്നിൽ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവിസ്മയങ്ങൾ. 3,000 വർഷത്തോളം പഴക്കമുള്ള നിരവധി പ്രത്യേകതകളുള്ള മഹാശിലായുഗ അടയാളങ്ങളാണ് പെരികമന ഇല്ലപ്പറമ്പിൽനിന്ന് കണ്ടെത്തിയത്.
കൊഴുമ്മൽ, മാലാപ്പ് കണിയാംകുന്ന്, കൂക്കാനം ഭാഗങ്ങളിലാണ് മഹാശിലായുഗത്തിന്റെ നിരവധി ശേഷിപ്പുകളുണ്ടായിരുന്നത്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലാതായി. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലായതാണ് ചരിത്ര ശേഷിപ്പുകളുടെ നാശത്തിന് കാരണമായത്. സ്ഥലമുടമ പൊളിച്ചുനീക്കാൻ തയാറാകാത്തതുകൊണ്ട് മാത്രം പെരികമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ വീട്ടുപറമ്പിലെ കുടക്കല്ലുകൾ അവശേഷിച്ചു.
മണ്ണിലേക്ക് വീണ കുടക്കല്ലുകൾ സംരക്ഷിക്കാൻ പുരാവസ്തുവകുപ്പ് തയാറായതോടെയാണ് ചരിത്രത്തിന്റെ ബാക്കി വന്ന അടയാളപ്പെടുത്തലുകൾ പുറംലോകം അറിയാൻ തുടങ്ങിയത്. മഹാശിലായുഗ കാലത്തെ ശവസംസ്കാരരീതികളാണ് കുടക്കല്ലുകളും തൊപ്പിക്കല്ലുകളും. ചെമ്പൊട്ടിക്കുന്നിൽ ഏഴ് കുടക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം പൂർണരൂപത്തിൽതന്നെ സംരക്ഷിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ മണ്ണുമൂടിയ നിലയിലാണ്. കുടക്കല്ലുകൾ മൂടിക്കിടന്ന മണ്ണ് നീക്കംചെയ്തപ്പോൾ തൊപ്പിക്കല്ലും മൂടിക്കല്ലും മൺപാത്രങ്ങളും കണ്ടെത്തി.
ചെമ്പൊട്ടിക്കുന്നിലെ കുടക്കല്ലുകൾക്ക് സാധാരണയായി കാണാത്ത പല സവിശേഷതകളുമുള്ളതായി സംരക്ഷണപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന പഴശ്ശിരാജ പുരാവസ്തു മ്യൂസിയം ഓഫിസർ കെ. കൃഷ്ണരാജ് പറയുന്നു. കുടക്കല്ലുകൾക്ക് നടുവിൽ കണ്ടെത്തിയ ചതുരാകൃതിയിലുള്ള കൽപ്പാളികൾ ചെമ്പൊട്ടിക്കുന്നിലെ അപൂർവതയാണ്. രണ്ട് കുടക്കല്ലുകളിൽ കൽപ്പാളികൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, കുടക്കല്ലുകളിലെ കുത്തുകല്ലുകളിൽ ചതുരപഴുതുകളും കണ്ടത്തിയിട്ടുണ്ട്.
കൃത്യമായ ചതുരാകൃതിയിൽ വെട്ടിയെടുത്ത കൽപ്പഴുതുകൾ അപൂർവമാണ്. ഇതാണ് ഇവിടെ കണ്ടെത്തിയത്. കാടുമൂടിക്കിടന്നിരുന്ന ഭാഗം വൃത്തിയാക്കി സംരക്ഷണപ്രവൃത്തികൾ തുടങ്ങിയതോടെ ചരിത്രത്തിലെ അപൂർവ ശേഷിപ്പുകളുടെ നേർക്കാഴ്ചയാണ് ചെമ്പൊട്ടിക്കുന്നിൽ സംരക്ഷിക്കപ്പെടുന്നത്. നിരവധി ചരിത്രഗവേഷകരും വിദ്യാർഥികളും ചരിത്രവിസ്മയം കാണാനെത്തുന്നുണ്ട്. സംരക്ഷണപ്രവൃത്തികൾ നടത്താനെത്തിയ പുരാവസ്തുവകുപ്പ് ഉദ്യോഗസ്ഥരെ ഞായറാഴ്ച നാട്ടുകാർ അനുമോദിച്ചു. വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

