കാലാവസ്ഥാ മാറ്റത്തെ നേരിടാൻ കർഷകർക്ക് എ.ഐ സഹായവുമായി ഗൂഗ്ൾ
text_fieldsന്യൂഡൽഹി: കൃത്രിമബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യൻ കർഷകരെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ സഹായിക്കുന്ന പദ്ധതിയുമായി ഗൂഗ്ൾ. ഹൈദരാബാദ് ആസ്ഥാനമായ ഇന്റർനാഷനൽ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സെമി-അരിഡ് ട്രോപിക്സ് (ICRISAT), ഹഡ്സൺആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്നോളജി, യൂനിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ജീനോം സയൻസസ് വിഭാഗം എന്നിവരുമായി സഹകരിച്ചാണ് പദ്ധതി.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ളതും പോഷകസമൃദ്ധവുമായ വിളകൾ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വരൾച്ച ബാധിത പ്രദേശങ്ങളിലെ കർഷകരെ സഹായിക്കുന്ന തരത്തിൽ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിളകളുടെ വികസനത്തിനാണ് ഗൂഗ്ൾ എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക.
ഗൂഗ്ൾ ഡീപ്മൈൻഡും ഗൂഗ്ൾ ഡോട്ട് ഓർഗും നേതൃത്വം നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ചോളം പോലുള്ള കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വിളകളിലാണ് ഗവേഷണം കേന്ദ്രീകരിക്കുക. ചോളത്തിന്റെ വിവിധ തദ്ദേശീയ ഇനങ്ങളുടെ ജനിതക വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ജനിതക അറ്റ്ലസ് തയ്യാറാക്കാനും പദ്ധതിയുണ്ട്. പോഷകാഹാരം, മൃഗത്തീറ്റ, ജൈവ ഇന്ധനം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് വിളയെ പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിന് ഇത് സഹായിക്കും.
ഇന്ത്യയുടെ കാർഷിക പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിൽ മില്ലറ്റുകൾക്ക് നൽകുന്ന പ്രാധാന്യവുമായി പദ്ധതി യോജിക്കുന്നതാണെന്ന് ഗൂഗ്ൾ ഇന്ത്യ കൺട്രി മാനേജർ പ്രീതി ലോബാനയും ഡീപ്മൈൻഡിന്റെ ചീഫ് എ.ഐ. റെഡിനസ് ഓഫീസർ ലൈല ഇബ്രാഹിമും പറഞ്ഞു.
ഐ.സി.ആർ.ഐ.എസ്.എ.ടിയിൽ മൂന്ന് വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനും ഗൂഗ്ൾ പിന്തുണ നൽകും. കടല, നിലക്കടല, തുവരപ്പരിപ്പ് തുടങ്ങിയ പ്രധാന പയർവിളകളുടെ ജനിതക ഘടന പഠിക്കുന്നതിനുള്ള ഉപകരണങ്ങൾ വികസിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഇന്ത്യയിൽ ഗൂഗ്ൾ ഇതിനകം തന്നെ എ.ഐ. അധിഷ്ഠിത കാർഷിക പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ആന്ത്രോകൃഷി (AnthroKrishi) പദ്ധതിയുടെ ഭാഗമായി ഗുജറാത്തിലെ കൃഷി പ്രഗതി ക്രോപ് ഇന്റലിജൻസ് പ്ലാറ്റ്ഫോമിന് എ.ഐ. അധിഷ്ഠിത സാങ്കേതിക പിന്തുണ നൽകിയിട്ടുണ്ട്. 6 ലക്ഷത്തിലധികം കർഷകർക്ക് 90 കോടിയിലധികം എസ്.എം.എസ്. അധിഷ്ഠിത കാർഷിക നിർദേശങ്ങൾ നൽകാൻ ഇതിലൂടെ സാധിച്ചതായാണ് ഗൂഗ്ൾ പറയുന്നത്.
ഇതിനുപുറമെ, ഇന്ത്യയിലെ ഗൂഗ്ൾ എ.ഐ എജ്യുക്കേറ്റർ സീരീസ് (Google AI Educator Series) പദ്ധതിയിലൂടെ 80,000ത്തിലധികം അധ്യാപകർക്ക് എ.ഐ. ഉപകരണങ്ങളും പരിശീലനവും നൽകിയതായും കമ്പനി അറിയിച്ചു. ഇന്ത്യയുടെ ദേശീയ എ.ഐ. പദ്ധതിക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ഗൂഗ്ൾ ഡോട്ട് ഓർഗ്, രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ച വേഗത്തിലാക്കുന്നതിനായി ദി നഡ്ജിന് 1.5 കോടി ഡോളർ (ഏകദേശം125 കോടി) ധനസഹായവും നൽകുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

