ഹാഇലിന് സ്വർണപ്രഭയേകി ‘അക്കേഷ്യ ഗ്ലോക്ക’; നഗരത്തിന് പുത്തൻ ശോഭ
text_fieldsഹാഇൽ നഗരത്തിലെ പാർക്കുകളിലും പാതയോരങ്ങളിലും പൂവിട്ട് നിൽക്കുന്ന അക്കേഷ്യ ഗ്ലോക്ക മരങ്ങൾ
ഹാഇൽ: മഞ്ഞപ്പട്ടുടുത്ത് ഹാഇൽ നഗരത്തിലെ പാർക്കുകളും പൊതുഇടങ്ങളും. വസന്തത്തിന്റെ വരവറിയിച്ച് ‘അക്കേഷ്യ ഗ്ലോക്ക’ മരങ്ങൾ കൂട്ടത്തോടെ പൂവിട്ടതോടെ നഗരം അതിമനോഹരമായ സുവർണക്കാഴ്ചയായി മാറിയിരിക്കുന്നു. നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ലക്ഷ്യമിട്ടുള്ള ഹാഇൽ നഗരസഭയുടെ (അമാന) ശ്രമങ്ങൾക്ക് ഈ ദൃശ്യം പുത്തൻ ഊർജമാണ് പകരുന്നത്.
ഒരു ലക്ഷത്തിലധികം മരങ്ങളാണ് നഗരവീഥികളിലെല്ലാം പൂവിട്ട് നിൽക്കുന്നത്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ നഗരമെന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം അക്കേഷ്യ ഗ്ലോക്ക മരങ്ങൾ നഗരസഭ വിവിധ പാർക്കുകളിലും പാതയോരങ്ങളിലും വെച്ചുപിടിപ്പിച്ചത്. ഹാഇലിലെ നിലവിലെ സുഖകരമായ കാലാവസ്ഥയിൽ ഈ മരങ്ങൾ പൂത്തുനിൽക്കുന്നത് സന്ദർശകരെയും വ്യായാമത്തിനായി എത്തുന്നവരെയും ഒരുപോലെ ആകർഷിക്കുന്നു.
കടുത്ത വരൾച്ചയെയും കഠിനമായ കാലാവസ്ഥയെയും അതിജീവിക്കാൻ ശേഷിയുള്ള അക്കേഷ്യ ഗ്ലോക്ക പരിസ്ഥിതിക്കും സാമ്പത്തിക മേഖലക്കും ഒരുപോലെ ഗുണകരമാണ്. ഇതിന്റെ പ്രധാന സവിശേഷതകൾ ഏറെയാണ്. മരുഭൂവൽക്കരണം തടയാനും മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാനും ഈ മരങ്ങൾ സഹായിക്കുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വർഷത്തിൽ 80 മുതൽ 90 സെന്റിമീറ്റർ വരെ ഇവ അതിവേഗം വളരുന്നു. ആഫ്രിക്ക, ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഇവ ധാരാളമായി കണ്ടുവരുന്നു.
ചെറിയ ഇലകളും ആഴ്ന്നിറങ്ങുന്ന വേരുകളും ഉള്ളതിനാൽ ഇവക്ക് കുറഞ്ഞ അളവിൽ മാത്രമേ വെള്ളം ആവശ്യമുള്ളൂവെന്നത് ജലസംരക്ഷണത്തിന് ഗുണകരമാണ്. വേരുകളിലെ പ്രത്യേക ബാക്ടീരിയകൾ വഴി മണ്ണിൽ നൈട്രജൻ ലയിപ്പിക്കാൻ ഇവക്ക് സാധിക്കും, ഇത് മണ്ണിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നു. നഗരസഭയുടെ ഈ ഹരിതവൽക്കരണ പദ്ധതി ഹാഇലിനെ കൂടുതൽ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

