Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴുകന്മാരെ സംരക്ഷിക്കാൻ ഡി.ജെയും പടക്കവും ഒഴിവാക്കി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം

text_fields
bookmark_border
കഴുകന്മാരെ സംരക്ഷിക്കാൻ ഡി.ജെയും പടക്കവും  ഒഴിവാക്കി മഹാരാഷ്ട്രയിലെ ഒരു ഗ്രാമം
cancel

മുംബൈ: കഴുകന്മാരുടെ സംരക്ഷണത്തിനായി ഡി.ജെയും ഉച്ചഭാഷിണികളും പടക്കങ്ങളും നിയന്ത്രിച്ച് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. റായ്ഗഡ് ജില്ലയിലെ ചിർഗാവിലാണ് 2002 മുതൽ ഡി.ജെ, ഉച്ചഭാഷിണി എന്നിവക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്സവങ്ങളോടും ആഘോഷങ്ങളോടും അനുബന്ധിച്ചുള്ള പടക്കങ്ങൾക്കും നിയന്ത്രണമുണ്ട്.

ഗ്രാമത്തിന് ചുറ്റുമുള്ള മരങ്ങളിൽ കൂടുകൂട്ടുന്ന കഴുകന്മാരെ സംരക്ഷിക്കുകയാണ് ഈ നിയന്ത്രണങ്ങളുടെ ലക്ഷ്യം. രണ്ട് പതിറ്റാണ്ട് മുമ്പ് ചിർഗാവിൽ ചുട്ടിക്കഴുകൻ (White-rumped Vulture) നീണ്ടകൊക്കൻ കഴുകൻ (Long-billed Vulture) എന്നീ രണ്ട് ഇനങ്ങളിലായി 22 കഴുകന്മാരെ മാത്രമാണ് കണ്ടെത്തിയിരുന്നത്.

ഡി.ജെയും പടക്കവും നിയന്ത്രിച്ചതിനൊപ്പം കൂടുകൂട്ടുന്ന മരങ്ങൾ സംരക്ഷിക്കുകയും പ്രജനന കേന്ദ്രങ്ങളിൽ മനുഷ്യരുടെ സാന്നിധ്യം കുറക്കുകയും കഴുകന്മാർക്ക് ആവശ്യമായ ഭക്ഷണം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സൊസൈറ്റി ഓഫ് ഇക്കോ-എൻഡേഞ്ചേർഡ് സ്പീഷീസ് കൺസർവേഷൻ ആൻഡ് പ്രൊട്ടക്ഷൻ (SEESCAP) സ്ഥാപകൻ പ്രേംസാഗർ മെസ്ത്രിയുടെ നേതൃത്വത്തിൽ ഗ്രാമവാസികളും പക്ഷിസ്നേഹികളും ചേർന്നാണ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതോടെ 2022ലെ കണക്കെടുപ്പിൽ കഴുകന്മാരുടെ എണ്ണം 347 ആയി ഉയർന്നു.

ശബ്ദം കൂടുമ്പോൾ കൂടുവിടും

മനുഷ്യനിർമിത ശബ്ദം വന്യജീവികളുടെ സ്വാഭാവിക പെരുമാറ്റത്തെ ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നത്. നിരന്തരമായ ശബ്ദം പക്ഷികളുടെ ആശയവിനിമയത്തെയും കൂടുകൂട്ടലിനെയും കുഞ്ഞുങ്ങളുടെ സംരക്ഷണത്തെയും ബാധിക്കാം. ശബ്ദം കാരണം പ്രായപൂർത്തിയായ പക്ഷികൾ കൂടുവിട്ട് പോകുന്നതോടെ മുട്ടയുടെയും കുഞ്ഞുങ്ങളുടെയും പരിചരണത്തിനായി ചെലവഴിക്കുന്ന സമയം കുറയാനും സാധ്യതയുണ്ട്.

കഴുകന്മാർ പതുക്കെയാണ് പ്രജനനം നടത്തുന്നത്. ഒരു പ്രജനന ജോഡി സാധാരണയായി ഒരു കുഞ്ഞിനെയാണ് വളർത്തുന്നത്. അതിനാൽ കൂടുകളിൽ മനുഷ്യ ഇടപെടൽ കുറക്കുന്നത് ഇവയുടെ സംരക്ഷണത്തിൽ നിർണായകമാണ്. ചിർഗാവിൽ കഴുകന്മാർ കൂടുകൂട്ടുന്ന 43 ഹെക്ടർ വിസ്തൃതിയുള്ള ചിർഗാവ്-ബാഗേചിവാഡി ദേവറായിയും കഴുകൻ സംരക്ഷണത്തിന്റെ പ്രധാന കേന്ദ്രമാണ്.

പ്രജനനകാലത്ത് കൂടുകളുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനത്തിനും ഫോട്ടോഗ്രഫിക്കും നിയന്ത്രണമുണ്ട്. 1980കളിൽ ഇന്ത്യയിൽ ദശലക്ഷക്കണക്കിന് കഴുകന്മാരുണ്ടായിരുന്നെങ്കിലും പിന്നീട് ഇവയുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. ചുട്ടിക്കഴുകൻ, നീണ്ടകൊക്കൻ കഴുകൻ തുടങ്ങിയ ഇനങ്ങളുടെ എണ്ണത്തിൽ 90 ശതമാനത്തിലേറെ ഇടിവുണ്ടായതായാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

കഴുകന്മാരുടെ പ്രജനനത്തിന് അനുയോജ്യമായ ശാന്തമായ അന്തരീക്ഷവും സുരക്ഷിതമായ ആവാസവ്യവസ്ഥയും ഒരുക്കുന്നതിലൂടെ ചിർഗാവ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മാതൃകാപരമായ സംരക്ഷണ പ്രവർത്തനമാണ് തുടരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A village in Maharashtra has banned DJs and firecrackers to protect vultures
Next Story