തൃശൂർ കലശമലയിൽ അപൂർവയിനം തസ്കര ഈച്ചയെ കണ്ടെത്തി
text_fieldsഇരിങ്ങാലക്കുട: ജില്ലയിലെ കലശമല പുൽമേടുകളിൽനിന്ന് ശാസ്ത്രലോകം പുതിയൊരിനം തസ്കര ഈച്ചയെ കണ്ടെത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ലോവിനെല്ല കലശമല എൻസിസ് എന്ന് ശാസ്ത്രീയ നാമം നൽകിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസ്സിൽപെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്ടെത്തലാണ്.
121 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഓറിയന്റൽ മേഖലയിൽ ഈ ജനുസ്സിൽപ്പെട്ട ഒരിനത്തെ കണ്ടെത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. 1902ൽ പാകിസ്ഥാനിലെ ക്വറ്റയിൽ നിന്നാണ് ഇതിനു മുമ്പ് ഈ വിഭാഗത്തിൽപ്പെട്ട ഒരിനത്തെ ഓറിയന്റൽ മേഖലയിൽനിന്നും രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോളതലത്തിൽ ഏറെ അപൂർവ്വമായ ഈ ജനുസ്സിൽ ഇതുവരെ 9 ഇനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. (ആഫ്രോട്രോപ്പിക്കൽ മേഖലയിൽനിന്ന് ആറും, പാലിയാർക്റ്റിക് മേഖലയിൽനിന്ന് രണ്ടും). പുതിയ കണ്ടെത്തലോടെ ലോകത്താകെയുള്ള ലോവിനെല്ല ഇനങ്ങളുടെ എണ്ണം പത്തായി ഉയർന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ കലശമലയിലെ പുൽമേടുകളിൽനിന്നാണ് ഈ പുതിയ ഇനത്തെ ശേഖരിച്ചത്. ജൈവവൈവിധ്യ സമ്പന്നമായ കേരളത്തിലെ ഇടനാടൻ ചെങ്കൽക്കുന്നുകളുടെയും പുൽമേടുകളുടെയും പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തൽ. ഷഡ്പദങ്ങളെ ആഹാരമാക്കുന്നവയിൽ പ്രധാനികളായ തസ്കര ഈച്ചകൾ, പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്.
ജർമ്മൻ എന്റമോളജിസ്റ്റായ ഹെർമൻ ലോവിനോടുള്ള ആദരസൂചകമായാണ് ഈ ജനുസ്സിന് ലോവിനെല്ല എന്ന് പേര് നൽകിയിരിക്കുന്നത്. ക്രൈസ്റ്റ് കോളജിലെ ഗവേഷക വിദ്യാർഥിനി കാവ്യ ജി. പിള്ള, റിസർച്ച് ഗൈഡും ലാബ് മേധാവിയുമായ അസിസ്റ്റൻറ് പ്രഫ. ഡോ. സി. ബിജോയ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. ജിജി പൗലോസ്, അമേരിക്കയിലെ നോർത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഗവേഷകൻ ക്രിസ് എം. കോഹൻ എന്നിവരടങ്ങിയ സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്. യു.ജി.സി സീനിയർ റിസർച്ച് ഫെല്ലോഷിപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ ഈ പഠനം പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സൂട്ടാക്സയിൽ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

