404 ാമനായി കോഴിക്കോട് പുതിയ പക്ഷി പറന്നെത്തി
text_fieldsസൈക്സ് വാർബ്ലർ (പൊന്തക്കുരുവി)
കോഴിക്കോട്: മധ്യേഷ്യൻ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്ന കുടിയേറ്റ പക്ഷിയായ പൊന്തക്കുരുവി എന്ന സൈക്സ് വാർബ്ലറിനെ കോഴിക്കോട് കണ്ടെത്തി. പക്ഷി നിരീക്ഷകരും വന്യജീവി ഫോട്ടോഗ്രഫർമാരായ ഹസനുൽ ബസരി, ജുനൈദ് വെള്ളിപ്പറമ്പ് എന്നിവരാണ് കോഴിക്കോട് മാവൂരിൽ നിന്നും പക്ഷി നിരീക്ഷണ യാത്രക്കിടെ പൊന്തക്കുരുവിയെ കണ്ടെത്തിയത്.
റഷ്യയിലെ വോൾഗാ നദിയുടെ കിഴക്കൻ ഭാഗം മുതൽ കസാഖ്സ്ഥാൻ, ചൈനയിലെ സിൻജിയാങ്, ഇറാൻ, അഫ്ഗാനിസ്താൻ , പാകിസ്താൻ വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ഇവ അപൂർവമായാണ് കേരളത്തിലെത്തുന്നത്. ചെറിയ ശരീരവലുപ്പവും, തവിട്ടു-മഞ്ഞ നിറത്തിലുമായി വേഗത്തിൽ ചലിക്കുന്ന ഇവയെ കണ്ടു കിട്ടാൻ പ്രയാസമാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യത്തിൽ ജോലി ചെയ്തിരുന്ന കേണൽ വില്യം ഹെൻറി സ്കൈസിന്റെ ഓർമക്കാണ് ഈ പക്ഷിക്ക് പേര് നൽകിയതെന്ന് പറയപ്പെടുന്നു.
പക്ഷികളുടെ ദേശാടനകാലമായതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ദേശാടനപക്ഷികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. കണ്ണൂരിലെ കുണിയൻ വയലിൽ എത്തിയ ആഫ്രിക്കൻ കൊക്ക് മുതൽ തൃശൂരിലെ കോൾ പാടങ്ങളിലും എറണാകുളം ജില്ലയിലെ കടമക്കുടിയിലും എഴുപുന്നയിലുമായി വിവിധ ഇനം ദേശാടനപക്ഷികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ ശൈത്യകാലത്തിന്റെ വരവോടെ പ്രത്യേകിച്ച് കേരളത്തിൽ കൃഷി സംബന്ധമായി നിലമൊരുക്കുന്ന സമയമാകുന്നതോടെ നിരവധി മുണ്ടികളും വർണ്ണകൊക്കുകളുമെത്തി തുടങ്ങും
കേരളത്തിലെ ചില ജില്ലകളിൽ നേരത്തെ തന്നെ പൊന്തക്കുരുവിയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, പക്ഷി നിരീക്ഷണ പോർട്ടലായ ഇ-ബേർഡ് പ്രകാരം കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആദ്യ റിപ്പോർട്ടാണ് ഇത്. ഇതോടെ കോഴിക്കോട് ഇത് വരെ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 404 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

