തമിഴ്നാട്ടിൽ മനുഷ്യ-വന്യജീവി സംഘർഷത്തിൽ ആകെ കൊല്ലപ്പെട്ടത് 80 പേർ; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്
text_fieldsചെന്നൈ: തമിഴ്‌നാട്ടിൽ മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. ഈ സാമ്പത്തികവർഷം മാത്രം 80 പേരാണ് കൊല്ലപ്പെട്ടത്. അഞ്ചുവർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ചൊവ്വാഴ്ച വാൽപ്പാറയ്ക്കടുത്ത് ടൈഗർ വാലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ജർമ്മൻ പൗരൻ മരിച്ചതാണ് അവസാന സംഭവം. 2024-2025 കാലയളവിൽ മനുഷ്യരെ കൂടാതെ 259 കന്നുകാലികളും കൊല്ലപ്പെട്ടു. വന്യമൃഗങ്ങൾ വിള നശിപ്പിക്കുന്ന 4235 സംഭവങ്ങളുണ്ടായി. സ്വത്തിന് നാശമുണ്ടായ 176 കേസുകളുണ്ടായി. 138 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ രാകേഷ് കുമാർ ദോഗ്ര പറഞ്ഞു. തമിഴ്നാട് കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി സങ്കേതങ്ങളും മനുഷ്യവാസ കേന്ദ്രങ്ങളും കൂടിച്ചേരുന്ന മേഖലയിലെ പരിസ്ഥിതി സാഹചര്യം കൈകാര്യം ചെയ്യുന്നത് സങ്കീർണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'വർധിച്ചുവരുന്ന കടുവകളുടെ എണ്ണം ഒരു നല്ല സൂചനയാണ്, എന്നാൽ മനുഷ്യ-വന്യജീവി സംഘർഷത്തിന്‍റെ കാര്യത്തിൽ ഇത് കാര്യമായ വെല്ലുവിളി ഉയർത്തുന്നു"- ദോഗ്ര പറഞ്ഞു. തമിഴ്നാട്ടിലെ വനവിസ്തൃതി ദേശീയ ശരാശരിയേക്കാൾ താഴെയാണ്. 24.5 ശതമാനം മാത്രം. എന്നാൽ ജൈവവൈവിധ്യത്തിൽ ഏറ്റവും സമ്പന്നമാണ് സംസ്ഥാനത്തെ വനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 3063 കാട്ടാനകളാണ് സംസ്ഥാനത്തുള്ളത്. കടുവകളുടെ എണ്ണം 2005-06ലേതിൽ നിന്ന് നാലിരട്ടി വർധിച്ച് 2022-23ൽ 306 ആയി.
വനപ്രദേശങ്ങളുടെ വിപുലമായ വികസനവും ശിഥിലീകരണവും മൂലമുണ്ടാകുന്ന ആവാസവ്യവസ്ഥയുടെ തകർച്ച, മനുഷ്യവാസ കേന്ദ്രങ്ങൾക്കും വന്യജീവി ആവാസ വ്യവസ്ഥകൾക്കുമിടയിലുള്ള പ്രകൃതിദത്ത ബഫറുകൾ കുറച്ചെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാർഷിക ഭൂമികളുടെ വിപുലീകരണം, പ്രത്യേകിച്ച് വന്യജീവികളെ ആകർഷിക്കുന്ന വിളകളുടെ കൃഷി പ്രശ്നം കൂടുതൽ വഷളാക്കുന്നു. കയ്യേറ്റത്തിനും ആവാസവ്യവസ്ഥയുടെ ശിഥിലീകരണത്തിനും പുറമേ, ആവാസവ്യവസ്ഥയുടെ നാശത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമായി അധിനിവേശ ജീവിവർഗ്ഗങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ വനങ്ങൾ രണ്ട് ലക്ഷം ഹെക്ടറിലധികം വരുന്ന 'ലന്താന'യുടെയും 3,000 ഹെക്ടറിലധികം വരുന്ന 'സെന്ന'യുടെയും അധിനിവേശത്തിലാണ്. ഇത്തരം സസ്യങ്ങൾ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നുണ്ട്.
പാരിസ്ഥിതിക അസന്തുലിതാവസ്ഥ ആനകളെപ്പോലുള്ള വലിയ സസ്യഭുക്കുകൾ മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് കാരണമാകുന്നു. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം വർധിപ്പിക്കുന്നു. ഈ വെല്ലുവിളികൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ബഹുമുഖ തന്ത്രം ആവിഷ്കരിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. എ.ഐ സംവിധാനങ്ങൾ മുതൽ മൃഗങ്ങളുടെ ചലനം നിരീക്ഷിക്കുന്ന തെർമൽ ഡ്രോണുകൾ വരെയുള്ള നൂതനമായ സാങ്കേതികവിദ്യകൾ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഉപയോഗിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

