ഇന്ത്യയുടെ ജന്തുജാല പട്ടികയിൽ 709 പുതിയ സ്പീഷീസുകൾ; കണ്ടെത്തലിൽ കേരളം ഒന്നാമത്
text_fieldsനാംദഫ ഗ്രീൻ ഫാൻ-ത്രോട്ടഡ് ലിസാർഡ്
2025-ൽ ഇന്ത്യയുടെ ദേശീയ ജന്തുജാല ഡാറ്റാബേസിൽ 709 പുതിയ ജന്തുജാല സ്പീഷീസുകളെ ഉൾപ്പെടുത്തിയതായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ. രാജ്യത്ത് ശാസ്ത്രീയമായി കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ഒരു വർഷത്തെ ഏറ്റവും വലിയ വർധനയാണിത്. 'Animal Discoveries: New Species, New Records' എന്ന റിപ്പോർട്ട് എസ്.എസ്.ഐയുടെ 111-ാം സ്ഥാപകദിനാഘോഷത്തിൽ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവ് പുറത്തിറക്കി.
709 പുതിയ രേഖകളിൽ 483 എണ്ണം ലോകത്തിന് പുതുതായി കണ്ടെത്തിയ സ്പീഷീസുകളാണ്. ശേഷിക്കുന്ന 226 സ്പീഷീസുകൾ ഇന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തിയവയാണ്. 2024-ൽ രേഖപ്പെടുത്തിയിരുന്ന 683 സ്പീഷീസെന്ന മുൻ റെക്കോർഡാണ് ഇതോടെ മറികടന്നത്. ഇന്ത്യയിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള ജന്തുജാല സ്പീഷീസുകളുടെയും ഉപസ്പീഷീസുകളുടെയും എണ്ണം ഇതോടെ 1,05,953 ആയി. ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏകദേശം 16.79 ലക്ഷം ജന്തുജാല സ്പീഷീസുകളുടെ 5.3 ശതമാനത്തോളം ഇന്ത്യയിൽ തന്നെയുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
കണ്ടെത്തലുകളിൽ പ്രാണികൾക്ക് ആധിപത്യം
2025-ൽ കണ്ടെത്തിയ 709 സ്പീഷീസുകളിൽ 417 എണ്ണം പ്രാണികളാണ്. ആകെ കണ്ടെത്തലിന്റെ ഏകദേശം 59 ശതമാനവും ഇവയാണ്. പുതുതായി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയ 483 സ്പീഷീസുകളിൽ 295 എണ്ണവും പ്രാണികളാണ്. ഏറ്റവും കൂടുതൽ കണ്ടെത്തലുകൾ ഉണ്ടായത് ഹൈമേനോപ്റ്ററ വിഭാഗത്തിലാണ്. തേനീച്ച, കടന്നൽ, ഉറുമ്പ്, സോഫ്ലൈ എന്നിവ ഉൾപ്പെടുന്ന ഈ വിഭാഗത്തിൽ 106 സ്പീഷീസുകൾ കണ്ടെത്തി.
രണ്ടാം സ്ഥാനത്ത് ലെപിഡോപ്റ്ററ വിഭാഗമാണ്. ശലഭങ്ങളും നിശാശലഭങ്ങളും ഉൾപ്പെടുന്ന ഈ വിഭാഗത്തിൽ 65 സ്പീഷീസുകൾ രേഖപ്പെടുത്തി. ഈച്ചകളും കൊതുകുകളും ഉൾപ്പെടുന്ന ഡിപ്റ്ററ വിഭാഗത്തിലും, ചിലന്തി, തേൾ, ടിക്ക്, മൈറ്റ് എന്നിവ ഉൾപ്പെടുന്ന അരാക്നിഡ് വിഭാഗത്തിലും 64 വീതം കണ്ടെത്തലുകൾ ഉണ്ടായി. ഇന്ത്യയിലെ ജന്തുജാല രജിസ്ട്രിയിൽ ഏറ്റവും കൂടുതൽ വൈവിധ്യമുള്ളത് വണ്ടുകൾ, നിശാശലഭങ്ങൾ, തേനീച്ചകൾ തുടങ്ങിയ പ്രാണികളാണെന്നും കശേരുക്കളിൽ മത്സ്യങ്ങളാണ് മുൻപന്തിയിലുള്ളതെന്നും റിപ്പോർട്ട് പറയുന്നു.
സംസ്ഥാനങ്ങളിൽ കേരളം മുന്നിൽ
2025-ൽ ഏറ്റവും കൂടുതൽ പുതിയ ജന്തുജാല സ്പീഷീസുകൾ കണ്ടെത്തിയത് കേരളത്തിലാണ്. സംസ്ഥാനത്ത് 98 പുതിയ കണ്ടെത്തലുകൾ രേഖപ്പെടുത്തി. 2024-ലും കേരളം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. പശ്ചിമ ബംഗാൾ 76 സ്പീഷീസുകളുമായി രണ്ടാം സ്ഥാനത്തും, കർണാടക 67 സ്പീഷീസുകളുമായി മൂന്നാം സ്ഥാനത്തും, അരുണാചൽ പ്രദേശ് 65 സ്പീഷീസുകളുമായി നാലാം സ്ഥാനത്തുമെത്തി.
പശ്ചിമഘട്ടം, കിഴക്കൻ ഹിമാലയം, തീരദേശ മേഖലകൾ, വനപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യയിലെ സമ്പന്നമായ ആവാസവ്യവസ്ഥകൾ ഇപ്പോഴും പുതിയ ജീവിവർഗങ്ങൾ കണ്ടെത്താനുള്ള പ്രധാന കേന്ദ്രങ്ങളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത്തരം കണ്ടെത്തലുകൾ പുതിയ സ്പീഷീസുകളെ തിരിച്ചറിയുന്നതിനൊപ്പം സംരക്ഷണ പദ്ധതികൾ തയ്യാറാക്കാനും ആവാസവ്യവസ്ഥ സംരക്ഷിക്കാനും പരിസ്ഥിതി നയങ്ങൾ രൂപപ്പെടുത്താനും വലിയ സഹായമാണ്.
പുതുക്കിയ ചെക്ക് ലിസ്റ്റും ഫോസിൽ പോർട്ടലും
ഇസഡ്.എസ്.ഐയുടെ Fauna of India Checklist Version 3.0 എന്ന ഡിജിറ്റൽ ഡാറ്റാബേസും പുറത്തിറക്കി. 185 ടാക്സോണമി വിദഗ്ധരുടെ സഹകരണത്തോടെ തയ്യാറാക്കിയ ഈ പട്ടികയിൽ 1,05,953 സ്പീഷീസുകളും ഉപസ്പീഷീസുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 121 വിഭാഗങ്ങളിലായി ഇന്ത്യയിലെ ജന്തുജാല വിവരങ്ങൾ ഇതിൽ ലഭ്യമാണ്. എല്ലാ വർഷവും ഇത് പുതുക്കുമെന്ന് അധികൃതർ അറിയിച്ചു.
അതോടൊപ്പം 'പാലിയോ ഇന്ത്യ' എന്ന പുതിയ ഡിജിറ്റൽ പോർട്ടലും അവതരിപ്പിച്ചു.ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യനൽകിയ ഭൂപടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഫോസിൽ ജന്തുജാലങ്ങളുടെ വ്യാപനം ഈ പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 5,000-ലധികം ഫോസിൽ മാതൃകകളുടെ വിവരങ്ങളും ഇതിലുണ്ട്. ഫോസിൽ രേഖകളെ ദേശീയ ഡിജിറ്റൽ ഡാറ്റാബേസിന്റെ ഭാഗമാക്കുന്നതിലൂടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

