ഗുജറാത്തിൽ സിംഹങ്ങൾ ചത്തൊടുങ്ങുന്നു; ഒരു വർഷത്തിനിടെ 62 എണ്ണം ചത്തുവെന്ന് അധികൃതർ
text_fieldsഗാന്ധിനഗർ: ഗുജറാത്തിൽ ഒരു വർഷത്തിനിടെ രോഗബാധയെ തുടർന്ന് 62 ഏഷ്യാറ്റിക് സിംഹങ്ങൾ ചത്തതായി സംസ്ഥാന സർക്കാർ. 2025 ആഗസ്റ്റ് ഒന്ന് മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ 17 സിംഹങ്ങളും 17 പെൺസിംഹങ്ങളും 28 സിംഹക്കുട്ടികളുമാണ് ചത്തത്. വെള്ളിയാഴ്ച നിയമസഭയിൽ വനം-പരിസ്ഥിതി മന്ത്രി അർജുൻ മോധ്‌വാഡിയയാണ് ഇക്കാര്യം അറിയിച്ചത്.
ചോദ്യോത്തരവേളയിൽ കോൺഗ്രസ് എം.എൽ.എ ഷൈലേഷ് പർമാർ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മരണകാരണങ്ങൾ രേഖപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
സെപ്റ്റിസീമിയ, ന്യൂമോണിയ, ഹെമറാജിക് ന്യൂമോണിയ, അനീമിയ, കരൾ-വൃക്കകളുടെ പ്രവർത്തന തകരാർ, ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തന തകരാർ, മയോകാർഡിയൽ ഇൻഫാർക്ഷൻ, പക്ഷാഘാതം തുടങ്ങിയവയാണ് റിപ്പോർട്ട് ചെയ്ത പ്രധാന മരണകാരണങ്ങൾ. ആർത്രൈറ്റിസ്, ഗാസ്ട്രോഎൻററൈറ്റിസ്, വട്ടപ്പുഴു ബാധ, എൻസെഫലൈറ്റിസ്, കേന്ദ്ര നാഡീവ്യൂഹ സംബന്ധമായ തകരാറുകൾ, അസൈറ്റിസ്, ബ്രോങ്കോപ്ന്യൂമോണിയ, സെപ്റ്റിക് ഷോക്ക് തുടങ്ങിയവയും പട്ടികയിലുണ്ട്.
സിംഹങ്ങളിൽ രോഗബാധ തടയുന്നതിനും രോഗബാധിതർക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനുമായി വിവിധ നടപടികൾ സ്വീകരിച്ചുവരുന്നതായി സർക്കാർ അറിയിച്ചു. വനംവകുപ്പ് സിംഹങ്ങൾക്ക് വിരബാധക്കുള്ള മരുന്ന് നൽകുകയും ടിക്ക് ബാധ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. സിംഹ സങ്കേതങ്ങൾ, സെറ്റിൽമെന്റ് ഗ്രാമങ്ങൾ, സമീപ റവന്യൂ ഗ്രാമങ്ങൾ എന്നിവിടങ്ങളിലെ കന്നുകാലികൾക്ക് വാക്സിനേഷൻ നൽകുന്നതും വന്യജീവികളിലേക്ക് രോഗം പകരാനുള്ള സാധ്യത കുറക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ്.
സിംഹങ്ങളിൽനിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറികളിൽ പരിശോധന നടത്തുന്നതായും ആവാസവ്യവസ്ഥയുടെ പരിപാലനം, ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കൽ, വെറ്ററിനറി പരിചരണം എന്നിവയും സംരക്ഷണ നടപടികളുടെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പരിക്കേറ്റതും രോഗബാധിതവുമായ വന്യമൃഗങ്ങൾക്ക് ചികിത്സ നൽകുന്നതിനായി രക്ഷാകേന്ദ്രങ്ങളിൽ മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അടിയന്തര ചികിത്സക്കും രക്ഷാപ്രവർത്തനങ്ങൾക്കുമായി പ്രത്യേക ‘ലയൺ ആംബുലൻസ്’ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. സിംഹങ്ങൾ സഞ്ചരിക്കുന്ന മേഖലകളിൽ അവയുടെ നീക്കവും ആരോഗ്യനിലയും നിരീക്ഷിക്കാൻ ‘വൈൽഡ്‌ലൈഫ് ഫ്രണ്ട്സ്’ എന്ന പേരിൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ടീമുകളും രക്ഷാസംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്.
സാസൻ, ജംവാല, ജസാധർ, ജുനാഗഢിലെ സക്കർബാഗ് മൃഗശാല, സാത് വിരഡ, ക്രാങ്കാച്ച്, ബാബർകോട്ട്, സൻസർദ എന്നിവിടങ്ങളിൽ വന്യജീവി ചികിത്സാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും മന്ത്രി അറിയിച്ചു. സിംഹങ്ങൾ അധിവസിക്കുന്ന മേഖലകളിൽ വനവകുപ്പ് ഉദ്യോഗസ്ഥരും ട്രാക്കർമാരും പതിവായി നിരീക്ഷണം നടത്തുന്നുണ്ട്.
2025ൽ നടത്തിയ ഏറ്റവും പുതിയ സിംഹ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ഗുജറാത്തിൽ 891 ഏഷ്യാറ്റിക് സിംഹങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

