അൽഭുതമായി തടാകത്തിലെ 5,200 വർഷം പഴക്കമുള്ള മരവഞ്ചികൾ
text_fieldsആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വെള്ളത്തിലൂടെ യാത്ര ചെയ്യാൻ മനുഷ്യർ നൂതന ശേഷി ഉപയോഗിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തി യു.എസിലെ ശാസ്ത്രജ്ഞർ. മെൻഡോട്ട തടാകത്തിന്റെ അടിത്തട്ടിൽ 16 പുരാതന മര വള്ളങ്ങൾ ഗവേഷകർ കണ്ടെത്തിയതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.
ഇവയിൽ ഏറ്റവും പഴക്കം ചെന്നത് ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡ് നിലനിന്നിരുന്നതിനു മുമ്പുള്ള കാലത്തേതാണെന്ന് ‘വിസ്കോൺസിൻ ഹിസ്റ്റോറിക്കൽ സൊസൈറ്റി’യിലെ ഗവേഷകർ പറയുന്നു. ഈ കണ്ടെത്തലുകൾ വടക്കേ അമേരിക്കയിലെ ആദ്യകാല മനുഷ്യജീവിതത്തെ കൂടുതലായി മനസ്സിലാക്കാൻ സഹായിക്കും. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ‘ഗ്രേറ്റ് ലേക്സ്’ മേഖലയിൽ ആളുകൾ ജീവിച്ചിരുന്നുവെന്നും അവർ യാത്രകൾ ചെയ്തിരുന്നുവെന്നും അതിനായി നൂതന കഴിവുകൾ ഉപയോഗിച്ചിരുന്നുവെന്നും ഇത് കാണിക്കുന്നു.
1,200 വർഷത്തോളം പഴക്കമുള്ള ആദ്യത്തെ ബോട്ട് 2021ലും 3,000 വർഷത്തോളം പഴക്കമുള്ള മറ്റൊരു ബോട്ട് 2022ലും കണ്ടെത്തി. കൂടുതൽ അന്വേഷണത്തിൽ 14 ബോട്ടുകളെ തിരിച്ചറിഞ്ഞു. അതിൽ ആറെണ്ണം 2025ലാണ് കണ്ടെത്തിയത്.
ഗവേഷകരുടെ അഭിപ്രായത്തിൽ, ഈ ബോട്ടുകൾ തടാകത്തിലൂടെ സഞ്ചരിക്കാനും ചുറ്റുമുള്ള പ്രകൃതിവിഭവങ്ങൾ ശേഖരിക്കാനും ഉപയോഗിച്ചിരുന്നുവെന്നാണ്. ചില ബോട്ടുകൾ മത്സ്യബന്ധന വലകളുടെ സാന്നിധ്യത്തിലേക്കും വിരൽ ചൂണ്ടി. അവ മത്സ്യബന്ധനത്തിന് അക്കാലത്തു തന്നെ വള്ളങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്നു.
കാർബൺ ഡേറ്റിംഗ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ ഓരോ ബോട്ടിന്റെയും പ്രായം കണക്കാക്കി. അവരുടെ അഭിപ്രായത്തിൽ ഏറ്റവും പഴക്കം ചെന്ന ബോട്ടിന് ഏകദേശം 5,200 വർഷം പഴക്കമുണ്ട്. അതേസമയം, ഏറ്റവും പുതിയ ബോട്ടിന് 700 വർഷവും.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഗ്രേറ്റ് ലേക്സ് മേഖലയിൽ ഒരു വികസിത നാഗരികത നിലനിന്നിരിക്കാമെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ശക്തവും ദീർഘകാലം നിലനിൽക്കുന്നതുമായ ബോട്ടുകൾ നിർമിക്കുന്നതിനുള്ള ധാരണയും സാങ്കേതിക പരിജ്ഞാനവും അവിടത്തെ ആളുകൾക്ക് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

