Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെർണോബിൽ ദുരന്തത്തിന് 40 വർഷം: റേഡിയോ ആക്ടീവ് കണങ്ങൾക്ക് ഇപ്പോഴും മാറ്റമില്ലെന്ന് കണ്ടെത്തൽ

text_fields
bookmark_border
ചെർണോബിൽ ദുരന്തത്തിന് 40 വർഷം: റേഡിയോ ആക്ടീവ് കണങ്ങൾക്ക് ഇപ്പോഴും മാറ്റമില്ലെന്ന് കണ്ടെത്തൽ
cancel

1986ലെ ചെർണോബിൽ ആണവദുരന്തത്തിൽ പുറത്തുവന്ന സൂക്ഷ്മ റേഡിയോ ആക്ടീവ് കണങ്ങൾ നാല് പതിറ്റാണ്ടിനോടടുക്കുമ്പോഴും അവയുടെ ആന്തരിക ഘടനയിൽ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നതായി ശാസ്ത്രജ്ഞർ. റേഡിയോ ആക്ടീവ് മലിനീകരണം ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതിയെയും മനുഷ്യരുടെ ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാൻ കണ്ടെത്തൽ സഹായിച്ചേക്കും.

ജർമനിയിലെ ലെയ്ബ്നിസ് സർവകലാശാല ഹാനോവറിലെയും ഹെൽംഹോൾട്സ് സെന്റർ ഡ്രെസ്ഡൻ-റോസൻഡോർഫിലെയും ഗവേഷകരാണ് പഠനം നടത്തിയത്. യുക്രെയ്നിലെ ചെർണോബിൽ നിയന്ത്രിത മേഖലയിൽനിന്ന് ശേഖരിച്ച ആറ് റേഡിയോ ആക്ടീവ് കണങ്ങളാണ് പരിശോധിച്ചത്. ഇത്തരം കണങ്ങൾ നേരത്തേ കരുതിയിരുന്നതിനേക്കാൾ കൂടുതൽ ഘടനാപരമായ സ്ഥിരത നിലനിർത്തുന്നുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ജേണൽ ഓഫ് ഹസാർഡസ് മെറ്റീരിയൽസ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

എട്ട് മുതൽ 50 മൈക്രോമീറ്റർ വരെ വലുപ്പമുള്ള കണങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. 1986 ഏപ്രിലിൽ ആണവ റിയാക്ടർ പൊട്ടിത്തെറിച്ചപ്പോൾ പുറത്തുവന്ന ഇന്ധനത്തിൽനിന്നും മറ്റ് വസ്തുക്കളിൽനിന്നുമാണ് ഇവ രൂപപ്പെട്ടത്. രൂപപ്പെട്ട രീതിയുടെ അടിസ്ഥാനത്തിൽ കണങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചറിഞ്ഞു. ചിലത് ആണവ ഇന്ധനമായ യുറേനിയം ഡയോക്സൈഡിന് സമാനമായ സവിശേഷതകൾ നിലനിർത്തിയപ്പോൾ മറ്റു ചിലത് സിർക്കോണിയം അടങ്ങിയ പാളിയുമായി ഭാഗികമായോ പൂർണമായോ സംയോജിച്ചിരുന്നു. റിയാക്ടറിലെ ഗ്രാഫൈറ്റിന് തീപിടിച്ചതിനെത്തുടർന്ന് രാസഘടനയിൽ മാറ്റമുണ്ടായ കണങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്.

കണങ്ങളുടെ ആന്തരിക ഘടന പരിശോധിക്കാൻ എക്സ്-റേ ഡിഫ്രാക്ഷൻ അനാലിസിസ് എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. വ്യത്യസ്ത കോണുകളിൽനിന്ന് കണങ്ങളെ പരിശോധിച്ച് അവയുടെ ക്രിസ്റ്റൽ ഘടന വിശകലനം ചെയ്തപ്പോൾ ആണവ ഇന്ധനത്തിന്റെ ഘടനയിലെ പ്രധാന ഭാഗങ്ങൾ വലിയ മാറ്റങ്ങളില്ലാതെ നിലനിൽക്കുന്നതായി കണ്ടെത്തി. പ്രത്യേകിച്ച്, യുറേനിയം ഓക്സൈഡിന്റെ ഘടനാപരമായ സവിശേഷതകൾ വലിയൊരളവിൽ നിലനിന്നിരുന്നു.

ചില കണങ്ങൾക്ക് അവക്കുളളിലെ റേഡിയോ ആക്ടീവ് വസ്തുക്കളെ ദീർഘകാലം ഘടനക്കുളളിൽ നിലനിർത്താൻ കഴിയുമെന്നാണ് കണ്ടെത്തൽ സൂചിപ്പിക്കുന്നത്. ഇത് പരിസ്ഥിതിയിലേക്ക് റേഡിയോ ആക്ടീവ് വസ്തുക്കൾ പുറത്തുവരുന്നതിന്റെ വേഗം കുറക്കാൻ സഹായിച്ചേക്കാം. ചെർണോബിൽ മേഖലയിലെ മണ്ണിലേക്കും മറ്റ് വസ്തുക്കളിലേക്കും റേഡിയോ ആക്ടീവ് മലിനീകരണം വ്യാപിക്കുന്ന രീതി വിലയിരുത്തുന്നതിനും മലിനീകരണ നിയന്ത്രണ മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠനം സഹായകമായേക്കും.

എന്നാൽ, പഠനഫലങ്ങളുടെ അടിസ്ഥാനത്തിൽ വ്യാപകമായ നിഗമനങ്ങളിലെത്തരുതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. നിയന്ത്രിത മേഖലയിലെ രണ്ട് സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച ആറ് കണങ്ങൾ മാത്രമാണ് പരിശോധിച്ചത്. അതിനാൽ, കണ്ടെത്തലുകൾ മേഖലയിലുടനീളം ബാധകമാണെന്ന് ഉറപ്പിക്കാൻ കൂടുതൽ സ്ഥലങ്ങളിൽനിന്ന് കണങ്ങൾ ശേഖരിച്ച് പഠിക്കേണ്ടതുണ്ട്.

കണങ്ങൾ ഇപ്പോഴും അപകടകാരികൾ

കണങ്ങളുടെ ഘടനയിൽ വലിയ മാറ്റങ്ങളുണ്ടായിട്ടില്ലെന്ന കണ്ടെത്തൽ അവ അപകടരഹിതമാണെന്ന് അർഥമാക്കുന്നില്ല. പരിശോധിച്ച കണങ്ങൾ ഇപ്പോഴും റേഡിയോ ആക്ടീവ് സ്വഭാവമുള്ളവയാണ്. രാസഘടനയും പരിസ്ഥിതിയിലെ സാഹചര്യങ്ങളും അനുസരിച്ച് അവയിൽനിന്ന് റേഡിയോ ആക്ടീവ് വസ്തുക്കൾ പുറത്തുവരുന്ന രീതിയിൽ വ്യത്യാസമുണ്ടാകാം. അതിനാൽ, ചെർണോബിൽ നിയന്ത്രിത മേഖലയിൽ നിയന്ത്രണങ്ങളില്ലാതെ പ്രവേശിക്കുന്നത് സുരക്ഷിതമാണെന്ന നിഗമനത്തിലെത്താനാകില്ല.

1986ലെ ദുരന്തത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പുതിയ വിവരങ്ങൾ നൽകുന്നതാണ് പഠനം. റേഡിയോ ആക്ടീവ് കണങ്ങൾ കാലക്രമേണ എങ്ങനെ മാറുന്നുവെന്നും അവ പരിസ്ഥിതിയെയും പൊതുജനാരോഗ്യത്തെയും എത്രത്തോളം ബാധിക്കുന്നുവെന്നും വ്യക്തമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 40 Years Since Chernobyl Disaster: Study Finds Radioactive Particles Remain Unchanged
Next Story