അനിരുദ്ധിന്റെയും കാവ്യ മാരന്റെയും വിവാഹവിരുന്നിൽ പങ്കെടുത്ത് വി.ഡി. സതീശൻ; നവദമ്പതികൾക്ക് ആശംസ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ്
text_fieldsചെന്നൈ: സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദറിന്റെയും ബിസിനസ് പ്രമുഖ കാവ്യാമാരന്റെയും വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി വി.ഡി സതീശന്. പിന്നാലെ ദമ്പതികൾക്ക് ആശംസകളറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. ചെന്നൈയിലെ ഐ.ടി.സി ഗ്രാന്ഡ് ചോല ഹോട്ടലിൽ വച്ച് നടന്ന പ്രൗഢഗംഭീരവിരുന്നിൽ നിരവധി സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തു.
ഈ മാസം 11 ന് ഗ്രീസിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പരമ്പരാഗത ഹൈന്ദവ ആചാരങ്ങൾക്കും വൈദിക ചടങ്ങുകൾക്കും പകരമായി, തുല്യതക്കും പരസ്പര സമ്മതിക്കും പ്രാധാന്യം നൽകുന്ന സ്വാഭിമാന വിവാഹ രീതിയാണ് ഇവർ തിരഞ്ഞെടുത്തത്.
ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ഒപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചടങ്ങിൽ ദമ്പതികൾ പരസ്പരം മാലകളും ചെയിനുകളും കൈമാറുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഈ വിവാഹരീതിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. ഡി.എം.കെ. ഐ.ടി. വിംഗ് സെക്രട്ടറി ഡോ. ടി.ആർ.ബി. രാജ എക്സ് പോസ്റ്റിലൂടെ ഇവരുടെ വിവാഹം സ്വാഭിമാന വിവാഹമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
പെരിയാർ ഇ.വി രാമസാമി തമിഴ്നാട്ടിൽ തുടക്കമിട്ട സ്വാഭിമാന പ്രസ്ഥാനത്തിൽ നിന്നാണ് ഇത്തരം വിവാഹ രീതി ഉടലെടുത്തത്. സ്വാഭിമാന വിവാഹം പൂർണ്ണമായും സാധുതയുള്ള ഒരു ഹിന്ദു വിവാഹമാണ്. തമിഴ്നാട് സർക്കാർ 1967-ൽ ഹിന്ദു വിവാഹ നിയമത്തിൽ ഉൾപ്പെടുത്തിയ സെക്ഷൻ 7എ പ്രകാരം, രണ്ട് ഹിന്ദുക്കൾ തമ്മിലുള്ള വിവാഹം പുരോഹിതന്റെ സാന്നിധ്യമില്ലാതെ നടത്താം.

