കാറിന് ചുറ്റും കൂടിയവരുടെ ആർപ്പുവിളികൾക്കിടയിൽനിന്ന് ഒരു വിദ്യാർഥി കാറിന്റെ ഡോറിനടുത്ത് വന്ന് ഒരു ചോദ്യം: 'അങ്കിൾ ആരാ...?!' എല്ലാവരും ഇത്രമാത്രം ആഘോഷത്തോടെ വരവേൽക്കുന്നയാളെ തിരിച്ചറിയാത്തതിനാലായിരുന്നു നിഷ്കളങ്കതയോടെ കുട്ടിയുടെ ചോദ്യം.
ഇതുകേട്ട് 'പകച്ചുപോയ' ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം കേരളത്തിന്‍റെ സ്വന്തം ഐ.എം വിജയൻ, പൊട്ടിച്ചിരിയോടെയാണ് കുട്ടിയുടെ ചോദ്യത്തെ വരവേറ്റത്.
താൻ പഠിച്ചും കളിച്ചും വളർന്ന തൃശൂർ സി.എം.എസ് സ്കൂളിലെ പരിപാടിക്കെത്തിയപ്പോഴായിരുന്നു കുട്ടിക്കൂട്ടത്തിലൊരാൾ സൂപ്പർതാരത്തിനുനേരെ ചോദ്യമെറിഞ്ഞത്. ചോദ്യം കേട്ട് വിജയൻ പൊട്ടി ചിരിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ആർപ്പു വിളികളുമായി തന്നെ വളഞ്ഞ കുട്ടി ആരാധകരുടെ കൂട്ടത്തിൽനിന്ന് ഇത്രയും നിഷ്കളങ്കമായൊരു ചോദ്യം വിജയൻ പ്രതീക്ഷിച്ചു കാണില്ല.