ഐ.എഫ്.എഫ്.കെ നടത്തിപ്പിന് വെല്ലുവിളിയില്ല: മുൻ ചെയർമാൻമാർ എല്ലാം ചെയ്തുവെച്ചിട്ടുണ്ട് - റസൂൽ പൂക്കുട്ടി
text_fieldsചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, വൈസ് ചെയർമാൻ കുക്കു പരമേശ്വരൻ, സെക്രട്ടറി സി.അജോയ് എന്നിവർ വാർത്ത സമ്മേളനത്തിൽ
ഐ.എഫ്.എഫ്.കെ (ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കേരള) 30ാമത് പതിപ്പിന് വെല്ലുവിളികൾ നേരിടുന്നില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. മുൻ ചെയർമാൻമാർ എല്ലാം ചെയ്തുവെച്ചിട്ടുള്ളത് കൊണ്ട് പുതിയ പതിപ്പ് നടത്താൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽവെച്ചുനടന്ന ഐ.എഫ്.എഫ്.കെ പ്രഖ്യാപന ചടങ്ങിനിടെയാണ് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ഇത്തരമൊരു പ്രഖ്യാപനം. ലോക സിനിമ ഐ.എഫ്.എഫ്.കെയെ ഉറ്റുനോക്കുകയാണ്. അതിനാൽ വിദേശ രാജ്യങ്ങളിലും ഐ.എഫ്.എഫ്.കെ പതിപ്പുകൾ നടത്താൻ ആലോചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്.
എല്ലാവർഷവും ഡിസംബറിൽ തലസ്ഥാനത്തുവെച്ച് നടക്കുന്ന ചലചിത്രോത്സവത്തിൽ പങ്കെടുക്കാൻ നിരവധിപേർക്ക് ആഗ്രഹം ഉണ്ടെങ്കിലും സാധിക്കുന്നില്ല. പ്രവാസികളടക്കം നല്ലൊരു വിഭാഗം ഇതിൽ ഉൾപ്പെടുന്നു. അവരെയെല്ലാം പരിഗണിച്ച് ദുബൈ പോലുള്ള നഗരങ്ങളിൽ ഫെസ്റ്റിവൽ നടത്താനാണ് ചലച്ചിത്ര അക്കാദമി ശ്രമിക്കുന്നത്.
ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 25ന് ആരംഭിച്ചിരുന്നു. വിദ്യാർഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയും പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയുമാണ് ഫീസ് വരുന്നത്. ഇത്തവണ 70 രാജ്യങ്ങളിൽ നിന്നുള്ള 230 സിനിമകളാണ് പ്രദർശനത്തിനെത്തുന്നത്. വിയറ്റ്നാം യുദ്ധത്തിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് കൺട്രി ഫോക്കസ് വിഭാഗത്തിൽ അഞ്ച് ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും മത്സര വിഭാഗത്തിൽ 14 ചിത്രങ്ങളും പ്രദർശിപ്പിക്കും.
കനേഡിയൻ ചലച്ചിത്രക്കാരി കെല്ലി ഫൈഫ് മാർഷലിന് ഇത്തവണ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് സമ്മാനിക്കും. കൂടാതെ എം.ടി വാസുദേവൻ നായർ, ഷാജി.എൻ.കരുൺ എന്നിവർക്ക് ആദരാമർപ്പിക്കുന്ന രണ്ട് ചിത്രങ്ങൾ വീതം ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ കുക്കു പരമേശ്വരനും റസൂൽ പൂക്കുട്ടിയോടൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

