കൊച്ചി: ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ്ജെൻഡർ സംവിധായികയാകാൻ ഒരുങ്ങി താഹിറ അയീസ് എന്ന സംരംഭക. സമൂഹത്തിെൻറ രണ്ട് വ്യത്യസ്തതലങ്ങളിൽ നിൽക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികളുടെ ജീവിതം പറയുന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താഹിറ ഒരേ സമയം സംവിധായികയുെടയും അഭിേനത്രിയുടെയും വേഷമിടുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിെൻറ ചിത്രീകരണം പുരോഗമിക്കുകയാണ്. നവംബർ പകുതിയോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ചിത്രത്തിെൻറ തിരക്കഥാകൃത്തായ ഷാ ബിൻ ഷാ താഹിറക്കൊപ്പം മുഖ്യവേഷത്തിലെത്തുന്നുണ്ട്. സുധി കെ. സഞ്ജുവാണ് കാമറമാൻ. ദ ഫിലിം ട്രൂപ് പ്രൊഡക്ഷൻസിെൻറ ബാനറിൽ നിർമിതി ദ ആർട്ട് ഓഫ് ക്രിയേഷൻസാണ് ചിത്രമൊരുക്കുന്നത്.
ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലിെചയ്യുന്ന, ജീവിതവിജയം നേടിയ ട്രാൻസ്ജെൻഡറും ജീവിക്കാനായി ലൈംഗികവൃത്തിയിലേർപ്പെട്ട മറ്റൊരു ട്രാൻസ്ജെൻഡറും അവിചാരിതമായി ഒരേ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതിനു പിന്നാെല കണ്ടുമുട്ടുന്നതും തുടർന്ന് ഇവരുെട ജീവിതത്തിലുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രത്തിെൻറ ഇതിവൃത്തം. ട്രാൻസ് സമൂഹത്തെ കുറിച്ച് പൊതുജനങ്ങളുടെ കാഴ്ചപ്പാടും മനോഭാവവും മാറ്റിമറിക്കുന്ന തരത്തിലുള്ള ഉള്ളടക്കവും ആഖ്യാനശൈലിയുമാണ് ഇതിനെന്ന് തിരക്കഥാകൃത്ത് പറയുന്നു. താഹിറയുടെ ജീവിതത്തിലനുഭവിച്ച സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ആദ്യ 15 മിനിറ്റ് സംഭാഷണങ്ങളൊന്നുമില്ല.